ആലപ്പുഴ: അമ്പലപ്പുഴയില്‍ തന്റെ വിജയസാധ്യത തകര്‍ക്കാന്‍ സി.പി.എം നേതാക്കളും എസ്.ഡി.പി.ഐയും ഒത്തുകളിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി സി.പി.എം. മുന്‍ നേതാവും യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജി. സുധാകരന്‍. സി.പി.എം.-എസ്.ഡി.പി.ഐ. നേതാക്കള്‍ വോട്ടര്‍മാരെ തടയാന്‍ ശ്രമിക്കുന്നു. തന്നെ തോല്‍പ്പിക്കണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെടുന്നു. വോട്ടര്‍മാരെ ബൂത്തിലെത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു.

സി.പി.എം ഏരിയ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, ലോക്കല്‍ കമ്മിറ്റി അംഗം എന്നിവര്‍ക്ക് പുറമെ എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയെയും ഉള്‍പ്പെടുത്തിയാണ് സുധാകരന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇരുകൂട്ടരും ചേര്‍ന്ന് വോട്ടര്‍മാരെ ഭയപ്പെടുത്തുകയും ജനാധിപത്യപരമായ അവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇതേ ആവശ്യമുയര്‍ത്തി സുധാകരന്‍ നേരത്തേ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും ജില്ലാ പോലീസ് മേധാവിയേയും ജില്ലാ കളക്ടറേയും സമീപിച്ചിരുന്നു. എന്നാല്‍, ഇവരില്‍നിന്നൊന്നും അനുകൂല സമീപനമുണ്ടാവാതെവന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേന്ദ്രസേനയെ വിന്യസിക്കണമെന്നാണ് സുധാകരന്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുന്ന ആവശ്യമെങ്കിലും അതുവഴി സംസ്ഥാനത്തുടനീളം സി.പി.എം.-എസ്.ഡി.പി.ഐ. ബന്ധമെന്ന ആരോപണത്തിന് ശക്തിപകരുകയാണ് ലക്ഷ്യംവെക്കുന്നതെന്നാണ് സൂചന. അമ്പലപ്പുഴയിലെ ചുവപ്പു കോട്ടയില്‍ സുധാകരന്‍ ഉയര്‍ത്തുന്ന ഈ വെല്ലുവിളിയെ പ്രതിരോധിക്കാന്‍ സി.പി.എം എന്ത് തന്ത്രമാകും സ്വീകരിക്കുക എന്നത് കണ്ടറിയണം. ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായാല്‍ അത് സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലെ പ്രചാരണങ്ങളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.