- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത് പാക്കിസ്ഥാനിലായിരുന്നു; രണ്ട് തവണയും അവരെ തോല്‍പ്പിച്ചു; ഇത്തവണ ഹോം ഗ്രൗണ്ടായ തിരൂരില്‍; അതും വിജയിച്ചാല്‍ മൂന്ന് ജയമാകും'; താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ച് മന്ത്രി വി. അബ്ദുറഹ്‌മാന്റെ വിവാദ പരാമര്‍ശം; വിമര്‍ശനം കടുത്തതോടെ മുസ്ലീം ലീഗ് തെറ്റായി വ്യാഖ്യാനിച്ചതെന്ന് തിരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

തിരൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്ദുറഹ്‌മാന്‍. മുമ്പ് മത്സരിച്ച് വിജയിച്ച മണ്ഡലമായ താനൂരിനെ പാക്കിസ്ഥാനുമായി ഉപമിച്ചാണ് അബ്ദുറഹ്‌മാന്‍ പ്രചാരണത്തിനിടെ സംസാരിച്ചത്. ഗായകനും സിനിമ നടനുമായ ഹനാന്‍ ഷായുടെ സ്റ്റേജ് ഷോയിലാണ് കായിക മന്ത്രിയുടെ ഇത്തരത്തിലുള്ള വിവാദ പരാമര്‍ശം.
കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത് പാക്കിസ്ഥാനിലായിരുന്നുവെന്നും ആ രണ്ട് തവണയും അവരെ തോല്‍പ്പിച്ചുവെന്നുമായിരുന്നു പ്രസംഗം. ഇത്തവണ ഹോം ഗ്രൗണ്ടിലാണ് കളിയെന്നും അബ്ദുറഹ്‌മാന്റെ വിവാദ പ്രസംഗത്തിലുണ്ട്. കഴിഞ്ഞ രണ്ട് തവണ താന്‍ മത്സരിച്ചത് പാക്കിസ്ഥാനിലായിരുന്നുവെന്നും അവിടെ അവരെ തോല്‍പ്പിച്ചുവെന്നുമുള്ള മന്ത്രിയുടെ പരാമര്‍ശമാണ് വിവാദമായത്.യുഡിഎഫ് ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
'നമ്മുടെ എതിരാളികള്‍ പറയുന്നു, നമ്മള്‍ താനൂരില്‍ നിന്നും തോറ്റ് മടങ്ങിയെന്ന്. രണ്ട് മത്സരം താനൂരില്‍ പാക്കിസ്ഥാനില്‍ വെച്ച് നമ്മള്‍ കളിച്ചു. രണ്ടിലും അവരെ തോല്‍പ്പിച്ചു. ഇത് മൂന്നാമത്തെ മത്സരമാണ്. അത് നമ്മുടെ ഹോം ഗ്രൗണ്ടായ തിരൂരില്‍ വെച്ച് കളിക്കും. നമുക്ക് ജയിക്കേണ്ടേ?' എന്ന ചോദ്യം ഉയര്‍ത്തിയാണ് അബ്ദുറഹ്‌മാന്‍ സംസാരിച്ചത്.
പ്രസ്താവന വന്‍ വിവാദമായതോടെ പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയിട്ടുണ്ട്. 'തിരൂരില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം പോലെ ആയിട്ടുണ്ട്. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കുമ്പോള്‍ വലിയ ആരവമാണ്. അതേപോലെയാണ് തെരഞ്ഞെടുപ്പും നടക്കുന്നത്. തിരൂര്‍ എന്നത് എന്റെ ഹോം ഗ്രൗണ്ടാണ്. അതുകൊണ്ടുതന്നെ ഇവിടെ നല്ല രീതിയില്‍ മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ' - അബ്ദുറഹ്‌മാന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
താന്‍ പ്രചാരണ വേളയില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് മന്ത്രിയുടെ ന്യായവാദം. 'ആദ്യത്തെ രണ്ട് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെയാണല്ലോ പരാജയപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പിലും നമ്മള്‍ ജയിച്ചാല്‍ മൂന്ന് മത്സരം വിജയിക്കും. അല്ലാതെ വേറെന്ത്?' -വിവാദത്തോട് അബ്ദുറഹ്‌മാന്റെ പ്രതികരണം ഇതായിരുന്നു.
അതേ സമയം മന്ത്രി അബ്ദുറഹ്‌മാന്റെ വാക്കുകള്‍ ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ക്ക് സമാനമാണെന്ന് തിരൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കുറുക്കോളി മൊയ്തീന് വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വന്നപ്പോള്‍ അമിത് ഷാ നടത്തിയ പാക്കിസ്ഥാന്‍ പരാമര്‍ശങ്ങളോട് ഇതിനെ അദ്ദേഹം ഉപമിച്ചു. സിപിഎമ്മും ബിജെപിയും വര്‍ഗീയതയെ ഒരു കളിക്കോപ്പായി ഉപയോഗിക്കുകയാണെന്നും, ഇരു പാര്‍ട്ടികളും വര്‍ഗീയത വളര്‍ത്തി മുന്നേറാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയെ താഴ്ത്തിക്കെട്ടാനും അവഹേളിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി തന്നെ നേരിട്ട് രംഗത്തുവന്നു. തന്റെ വാക്കുകളെ മുസ്ലിം ലീഗ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മത്സരം ഒരു 'ഇന്ത്യ-പാക്കിസ്ഥാന്‍' മാച്ച് പോലെയാണെന്നും തിരൂര്‍ തന്റെ ഹോം ഗ്രൗണ്ട് ആണെന്നും അദ്ദേഹം വിശദീകരിച്ചു. തെരഞ്ഞെടുപ്പില്‍ എന്റെ ചിത്രം മാത്രം കാണുന്നതില്‍ വിഷമം ഉണ്ടാകുന്നവര്‍ ഉണ്ടെന്ന് അറിയാം. ഇടതുപക്ഷത്തിന്റെത് കൂട്ടായ നേതൃത്വമാണ്. അതിന് നേതൃത്വം നല്‍കുന്നയാള്‍ എന്ന നിലയില്‍ എന്റെ ചിത്രം ഉണ്ടാകാം. ലീഗിന്റേത് പരാജയഭീതിയാണെന്നും അബ്ദുറഹ്‌മാന്‍ വിമര്‍ശിച്ചു.


