പൂഞ്ഞാര്‍: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജിന് പിന്നാലെ ദീപിക ദിനപത്രത്തിനും കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി പി സി ജോര്‍ജ്ജ്. മെത്രാന്മാര്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളും ജോര്‍ജ് നടത്തി. മെത്രാന്‍മാര്‍ രാഷ്ട്രീയം പറഞ്ഞാല്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഒരു ബഹുമാനവും കാണിക്കില്ലെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി. പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു ജോര്‍ജ്ജ്.

'ഷോണ്‍ എന്റെ മകനാണ്. അവന്‍ സത്യമേ പറയൂ. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞു, മര്യാദയാണോ കാണിച്ചത്. അത് പറയാന്‍ അയാള്‍ക്കെന്താണ് അവകാശം. പൂഞ്ഞാറില്‍ നില്‍ക്കുന്ന സ്ഥാനാര്‍ഥികളില്‍ സഭയ്ക്ക് എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടെങ്കില്‍ അത് ഞാനാണ്. എന്ത് കിട്ടിയിട്ടാണ് നാണംകെട്ടവര്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നത്. സഭയേയും മെത്രാന്‍മാരെയും തള്ളി പറയേണ്ടി വരും. ബോധവും വിവരവുമില്ലാത്തവരാണ് അവര്‍.' പി.സി.ജോര്‍ജ് പറഞ്ഞു.

എഫ്സിആര്‍എ ബില്ല് വരുമെന്നും എതിര്‍ക്കുന്നവര്‍ക്ക് വീട്ടില്‍ പോകാമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 'വിദേശത്തുനിന്ന് പണം വാങ്ങിക്കുന്നതിന് കണക്ക് നല്‍കിയാല്‍ എന്താണ് കുഴപ്പം. എന്നിട്ടും കത്തോലിക്ക സഭയാണ്, ക്രിസ്ത്യാനിയാണ് എന്ന് വിചാരിച്ച് അമിത് ഷാ സഭയോട് പറഞ്ഞു, ഒരു പ്രശ്നവുമില്ല, നിങ്ങള്‍ ഏത് കണക്ക് തന്നാലും അപ്രൂവ് ചെയ്തേക്കാമെന്ന്. എന്നിട്ടും എന്തിനാണ് ഇവന്‍മാര്‍ കുരയ്ക്കുന്നത്. ഓരോ മെത്രാന്മാരും അവരുടെ രാഷ്ട്രീയമാണ് പറയുന്നത്. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയമായി നേരിടും. അവരോട് ബഹുമാനം കാണിക്കില്ല. ദീപിക പത്രം വായിക്കുന്നവന് വട്ടാണ്. മെത്രാന്മാരല്ല സഭ. ഇവര് പറയുന്നത് മുഴുവന്‍ കേട്ട് നില്‍ക്കാനാകില്ല

എല്ലാ മതവിഭാഗങ്ങളോടും മാന്യമായി പെരുമാറണമെന്നാണ് ബിജെപിയുടെ ലക്ഷ്യം. സഭ ബിജെപിയുമായി അടുക്കണമെന്ന് നിര്‍ബന്ധമില്ല. എഫ്സിആര്‍എ ബില്ല് വരുമമെന്നതില്‍ സംശയമില്ല. ആശങ്കയുള്ളവര്‍ വീട്ടില്‍ പോയി ഇരുന്നോട്ടെ. വിദേശത്തുനിന്ന് വരുന്ന പണം എന്തിന് വേണ്ടി ചെലവഴിക്കുന്നുവെന്ന് കണക്ക് നല്‍കിയാല്‍ എന്താ കുഴപ്പം. മെത്രന്മാര്‍ ഊളത്തരംകൊണ്ട് നടക്കരുത്. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങള്‍ക്കും വേണ്ട. പണ്ടായിരുന്നു മെത്രാനും കുത്രാനും പറയുന്നവര്‍ക്ക് ജനം വോട്ട് ചെയ്യുന്നത്. ഇപ്പോ അതിന് ആരേയും കിട്ടില്ല.' പി.സി. ജോര്‍ജ് പറഞ്ഞു. താന്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് പൂഞ്ഞാറില്‍ വിജയിക്കുമെന്നും പി.സി. ജോര്‍ജ് അവകാശപ്പെട്ടു.

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭ ഇന്നും രംഗത്തുവന്നിരുന്നു. ഒരു വര്‍ഗീയ സമൂഹത്തില്‍ മാത്രം കയ്യടി ലഭിക്കാവുന്ന തീരുമാനങ്ങളാണ് തെരഞ്ഞെടുപ്പുകളില്‍ മുഖ്യ വിഷയമാക്കിയത് എന്നാണ് അവര്‍ ഉന്നയിച്ച വിമര്‍ശനം. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇപ്പോള്‍ നിര്‍വചിക്കുന്നത് മതത്തിന്റെ സ്പന്ദമാപിനികളാലാണെന്ന യാഥാര്‍ഥ്യത്തെ ഇനി മറച്ചുവയ്ക്കുകയല്ല, അഭിസംബോധന ചെയ്യുകയാണു വേണ്ടതെന്ന് കത്തോലിക്ക സഭ മുഖപത്രം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കഴിയുകയും വോട്ടിന്റെ സമ്മര്‍ദമൊഴിയുകയും ചെയ്തതിനാല്‍ ഇനിയുള്ള ദിവസങ്ങളിലെങ്കിലും ഒത്തുചേര്‍ന്നു നവകേരളം കെട്ടിപ്പടുക്കണമെന്നും പത്രം മുഖപ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തു.