കാസര്‍കോട്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കും. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി ലത്തീഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മഞ്ചേശ്വരം ഉപ്പളയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്റഫ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കും.

സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നതില്‍ ആലോചന നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം തീരുമാനിക്കാന്‍ ഇനിയും സമയമുണ്ടെന്നും ഈ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്താണ് തീരുമാനമെടുക്കുകയെന്നും സിപിഎ ലത്തീഫ് പ്രതികരിച്ചിരുന്നു. ഇന്ന് രാവിലെ നടന്ന യോഗത്തില്‍ എസ്ഡിപിഐയില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടുവെങ്കിലും പ്രാദേശിക നേതൃത്വവും സ്ഥാനാര്‍ത്ഥിയായ കെഎം അഷ്റഫും വിസമ്മതിക്കുകയായിരുന്നു. ഇതിന് പിറകെ കെഎം അഷ്റഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിന് തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചയിലാണ് മഞ്ചേശ്വരത്ത് മത്സരിക്കുന്നില്ലെന്ന നിലപാടിലേക്ക് എസ്ഡിപിഐ എത്തിയത്. പിന്നീട് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു കെ എം അഷ്‌റഫ്. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗത്വവും രാജിവെക്കാന്‍ തീരുമാനിച്ചതായി കെ.എം. അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞു.

'എന്നെ സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടിയാണ്, എന്നോട് പിന്‍വലിക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ പിന്‍വലിക്കും. ഇപ്പോള്‍ പാര്‍ട്ടി പിന്‍വലിക്കാന്‍ പറഞ്ഞു. അതിന് വേണ്ടിയാണ് യോഗത്തില്‍നിന്ന് ഇറങ്ങിയത്. അല്ലാതെ പ്രതിഷേധിച്ചിട്ടല്ല. ഞാന്‍, ജില്ലാ ഭാരവാഹിത്വവും രാജിവെക്കുകയാണ്' -അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്നുള്ള മഴവില്‍ സഖ്യം നിലവിലുണ്ടെന്നും എസ്.ഡി.പി.ഐ ഈ സഖ്യത്തിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഇന്നലെ തുറന്നടിച്ചിരുന്നു. മഞ്ചേശ്വരത്ത് അടക്കം ഫാഷിസ്റ്റ് അനുകൂല നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയില്‍ തുടരുന്ന കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ജമാഅത്തെ ഇസ്‌ലാമിയെ മുന്‍നിര്‍ത്തി മുസ്‌ലിം സമുദായത്തിനെതിരെ തീവ്രവാദാരോപണം ഉന്നയിക്കുന്ന ഇടതുപക്ഷം, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആ പട്ടികയില്‍നിന്ന് എസ്.ഡി.പി.ഐയെ ഒഴിവാക്കി. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിക്കുവേണ്ടി കടുംപിടിത്തം നടത്തിയ ദേശീയ ജനറല്‍ സെക്രട്ടറിയുടെ നിലപാട് ഈ ഡീലിന്റെ ഭാഗമാണ്. ഇടതുപക്ഷത്തിന് വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ ഒഴിവാക്കിയാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യു.ഡി.എഫിന് വിജയസാധ്യതയുള്ള കളമശ്ശേരിയിലും കരുനാഗപ്പള്ളിയിലുമടക്കം മത്സരിച്ച് വോട്ട് വിഭജനമാണ് ലക്ഷ്യമിടുന്നത്' -അദ്ദേഹം പറഞ്ഞു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതിയിലാണ് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിനെ പരാജയപ്പെടുത്താന്‍ കാരണമാകുമെന്നും ബിജെപിയെ വിജയിപ്പിക്കാന്‍ സഹായിക്കുമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന കാര്യം ആലോചിച്ചു തുടങ്ങിയത്.

എസ്.ഡി.പി.ഐ 45 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. മത്സരിക്കാത്ത ഇടങ്ങളില്‍ ആരെ പിന്തുണക്കണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കെ.എം. അഷ്‌റഫ് എന്ന അഷ്‌റഫ് ബഡാജെ പാര്‍ട്ടി ജില്ല കമ്മിറ്റിയംഗവും ബ്ലോക്ക് പഞ്ചായത്തില്‍ മത്സരിച്ചയാളമാണ്. എസ്.ഡി.പി.ഐ മഞ്ചേശ്വരത്ത് മത്സരിച്ചാല്‍ മതേതര വോട്ടുകള്‍ ഭിന്നിക്കുമെന്നാണ് പാണക്കാട് തങ്ങള്‍ അടക്കമുള്ളവര്‍ പറഞ്ഞത്.