പത്തനംതിട്ട/മെഴുവേലി: തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയില്‍ നില്‍ക്കെ മെഴുവേലി പഞ്ചായത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സിപിഎം പട്ടുസാരികള്‍ വിതരണം ചെയ്തതായി ആരോപണം. ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും പട്ടുസാരികള്‍ നല്‍കി മന്ത്രി വീണാ ജോര്‍ജിന് വോട്ട് ഉറപ്പിക്കാനാണ് നീക്കമെന്നാണ് ഉയരുന്ന ആക്ഷേപം. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് നെജോ മെഴുവേലി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയത്.

വോട്ടെടുപ്പിന് മുന്നോടിയായി മണ്ഡലത്തിലെ സ്വാധീനമുള്ള വിഭാഗങ്ങളായ ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും സാരികള്‍ വിതരണം ചെയ്തു. ഈ സാരി വിതരണത്തിലൂടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായി ആരോപണമുണ്ട്.

ഇത്തരം പ്രലോഭനങ്ങളില്‍ മെഴുവേലിയിലെ അമ്മമാര്‍ വീണുപോകില്ലെന്നും വോട്ടിലൂടെ മെഴുവേലി ഇതിന് മറുപടി നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കുറിച്ചു. ഹര്‍ഷിനയുടെ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമാകുന്നത്.