- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു പ്രതിഭയ്ക്കെതിരായ വിവാദ പരാമര്‍ശം ആയുധമാക്കി എല്‍ഡിഎഫ്; പ്രതിഭയെ ഹീനമായ വാക്കുകള്‍ കൊണ്ട് ആക്രമിച്ചു, അവരൊരു സ്ത്രീയല്ലേ?, സതീശന്റേത് കാപട്യമെന്ന് പിണറായി വിജയന്‍; പരാമര്‍ശത്തില്‍ 'നിര്‍വ്യാജം ഖേദിക്കുന്നുവെന്ന്' ഇര്‍ഷാദ്; വ്യക്തി അധിക്ഷേപങ്ങള്‍ പാടില്ല, അത് തന്റെ ശൈലിയല്ല; അതില്‍ അപലപിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ഥി എം ലിജുവും
യു പ്രതിഭയ്ക്കെതിരായ വിവാദ പരാമര്‍ശം ആയുധമായി എല്‍ഡിഎഫ്

കായംകുളം: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവം വിവാദമാക്കി ഇടതുമുന്നണി. തെരഞ്ഞെടുപ്പു വേളയില്‍ വിഷയം കത്തിച്ചു നിര്‍ത്താനാണ് സിപിഎം ശ്രമം. സംഭവത്തെ അപലപിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു. കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ അവിടുത്തെ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് പിണറായി പ്രതികരിച്ചു.
പൊതുപ്രവര്‍ത്തകയായതിനാല്‍ ഒരു വനിതയെ ഹീനമായ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്‌കാരത്തിന്റെ തകര്‍ച്ചയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'സഖാവ് പ്രതിഭ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെയും ജനകീയ ഇടപെടലുകളെയും രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള വ്യക്തിഹത്യയിലേക്ക് വലതുപക്ഷം നീങ്ങുന്നത്. ''അവള്‍ക്കൊപ്പം'' എന്ന് ആവര്‍ത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേര്‍വിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നത്.
ഇത് ഒരാളെ മാത്രം ലക്ഷ്യമിട്ട ആക്രമണമല്ല; പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ്. സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായി കാണാതെ അവരെ അവഹേളിക്കുന്ന ജീര്‍ണ്ണമായ രാഷ്ട്രീയ മനോഭാവമാണ് പുറത്തുവരുന്നത്. നാടിന്റെ വികസനവും ജനങ്ങളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാതെ സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ തെറ്റിദ്ധാരണയാണ്. സ്ത്രീകളുടെ അഭിമാനവും അവകാശങ്ങളും കാത്തുസൂക്ഷിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പം കേരളം എപ്പോഴും നിലകൊണ്ടിട്ടുണ്ട്'.- മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു കായംകുളത്തെ യു.ഡി.എഫ് കണ്‍വീനര്‍ എ. ഇര്‍ഷാദ് രംഗത്തെത്തി. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ ഇര്‍ഷാദ് നടത്തിയ പ്രസംഗമാണ് വന്‍ വിവാദത്തിന് വഴിവെച്ചത്. ഇര്‍ഷാദിന്റെ വാക്കുകള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് സി.പി.എം രംഗത്തെത്തിയിരുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ലിജുവിന്റെ രാഷ്ട്രീയ സംശുദ്ധിയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇര്‍ഷാദ് യു. പ്രതിഭയ്‌ക്കെതിരെ തിരിഞ്ഞത്. 'നാക് ചാതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും, അതൊക്കെ തന്നെ വില്‍പ്പനയ്ക്ക് വെച്ചും അവര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നു' എന്നായിരുന്നു ഇര്‍ഷാദിന്റെ വിവാദ പരാമര്‍ശം. പ്രതിഭയുടെ സ്വകാര്യ ജീവിതത്തെയും കുടുംബ പശ്ചാത്തലത്തെയും മകനുമായി ബന്ധപ്പെട്ട കേസുകളെയും ഇര്‍ഷാദ് പ്രസംഗത്തില്‍ വലിച്ചിഴച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ വേദിയിലിരിക്കെയാണ് ഈ ഹീനമായ വാക്കുകള്‍ ഉപയോഗിച്ചത്.
തന്റെ പ്രസംഗം തെറ്റായ രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഇര്‍ഷാദ് പറഞ്ഞു. തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തെ അപലപിച്ചു കായംകുളത്തെ യുഡിഎഫ് എം ലിജുവും രംഗത്തുവന്നു. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തന്റെയും യുഡിഎഫിന്റെയും ശൈലി അല്ലെന്നും അതിനെ അപലപിക്കുന്നതായും ലിജു പറഞ്ഞു.


