കായംകുളം: കായംകുളം യുഡിഎഫ് കണ്‍വീനറുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് എതിരെ കായംകുളം എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ യു. പ്രതിഭ നിയമനടപടിക്ക്. സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശമാണിതെന്ന് പ്രതിഭ പ്രതികരിച്ചു. ജനപ്രതിനിധിയായാണ് മത്സരത്തിന് ഇറങ്ങുന്നതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

യു. പ്രതിഭയ്‌ക്കെതിരെ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത് കായംകുളം യുഡിഎഫ് കണ്‍വീനര്‍ എ. ഇര്‍ഷാദാണ്. കായംകുളത്ത് നടന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് ഇര്‍ഷാദ് 'വാക്ചാതുര്യവും ശരീരഅഴകും വില്‍പ്പനയ്ക്ക് വെച്ചാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന്' പ്രസ്താവിച്ചത്. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ സദസ്സിലിരിക്കെയാണ് ഈ അപകീര്‍ത്തികരമായ പ്രസ്താവനയുണ്ടായത്.

ഇര്‍ഷാദിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു: 'ഒരു ജനപ്രതിനിധിയെന്ന നിലയില്‍ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന പരമമായ യാഥാര്‍ത്ഥ്യം നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ തന്നെ അവരുടെ വാക്ചാതുര്യം കൊണ്ടും ശരീരഅഴക് കൊണ്ടും, അതൊക്കെ തന്നെ വില്‍പ്പനയ്ക്ക് വെച്ചുകൊണ്ടും വീണ്ടും അവര്‍ തിരഞ്ഞെടുപ്പിനെ നേരിടുകയാണ്.'

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം. ലിജുവിനെ 'കറകളഞ്ഞ രാഷ്ട്രീയക്കാരനും വ്യക്തി, സ്വകാര്യ ജീവിതങ്ങളില്‍ മാന്യത സൂക്ഷിക്കുന്ന ആളു'മെന്ന് വിശേഷിപ്പിച്ച ശേഷമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ഇര്‍ഷാദ് ഹീനമായ വാക്കുകള്‍ പ്രയോഗിച്ചത്. പ്രതിഭയുടെ സ്വകാര്യ ജീവിതത്തെയും കുടുംബ ജീവിതത്തെയും മകന്റെ പേരിലുള്ള കേസുകളെയും പ്രസംഗത്തിനിടെ അദ്ദേഹം പരാമര്‍ശിച്ചു. കഴിഞ്ഞ ദിവസം താന്‍ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം കേള്‍ക്കാനിടയായെന്നും, അതില്‍ പ്രതിഭയെ 'വ്യക്തിജീവിതത്തില്‍ സംശുദ്ധിയുള്ള ആളും മികച്ച വ്യക്തിത്വത്തിനുടമയു'മായി വിശേഷിപ്പിക്കുന്നത് കേട്ടുവെന്നും ഇര്‍ഷാദ് പറഞ്ഞു. എന്നാല്‍ 'നാട്ടുകാര്‍ക്ക് അതല്ല കാര്യമെന്ന് അറിയാമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പൊതുപ്രവര്‍ത്തകയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് വേദിയില്‍ പരസ്യമായി ഉണ്ടായ ഈ സ്ത്രീവിരുദ്ധ പരാമര്‍ശം നിയമ നടപടിക്കൊപ്പം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.