കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നാലു ജില്ലകള്‍ യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ക്ലീന്‍ സ്വീപ്പ് യുഡിഎഫിന് അനുകൂലമായി ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല. നാലു ജില്ലയില്‍ നിന്നും ആകെ 40 സീറ്റാണ്. യുഡിഎഫ് 100 ലേറെ സീറ്റ് നേടുമെന്ന് ആത്മവിശ്വാസമുണ്ട്. ഈ അവകാശവാദത്തിന് രാഷ്ട്രീയമായ അടിത്തറയുണ്ട്. അതല്ലാതെ കൊട്ടക്കണക്കിന് പറയുന്നതല്ലെന്ന് വിഡി സതീശന്‍ വിശദീകരിച്ചു.

2001 ല്‍ യുഡിഎഫിന് 100 സീറ്റ് ലഭിച്ചതാണ്. എന്നാല്‍ 2005 മുതല്‍ ഒരുപാട് വിഭാഗങ്ങള്‍ യുഡിഎഫിനെ വിട്ടു പോയി. അതില്‍ 95 ശതമാനം പേരെയും തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചു. അതിനുള്ള നിശബ്ദമായ പ്രവര്‍ത്തനം നടത്തി. എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉണ്ടായ അത്യപൂര്‍വമായ വിജയം യുഡിഎഫിന് നേടാനായി.

മോദി വീണ്ടും അധികാരത്തില്‍ വരാന്‍ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയം നേടിയത്. യുഡിഎഫ് ചിട്ടയായ, പ്രൊഫഷണലായ പ്രവര്‍ത്തനമാണ് നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് ഈ വിജയങ്ങള്‍. ഇത് മുന്നണിയുടെ രാഷ്ട്രീയമായ വിലയിരുത്തലാണ്. ഇതിന്റെ തുടര്‍ച്ചയായി നിയമസഭയിലേക്കും മികച്ച വിജയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാഷ്ട്രീയ വനവാസം സംബന്ധിച്ച്, പറഞ്ഞ കാര്യങ്ങള്‍ അവിടെത്തന്നെ നില്‍ക്കുകയല്ലേ, മാധ്യമങ്ങളുടെ ലൈബ്രറിയില്‍ ഇതുണ്ടല്ലോയെന്ന് വിഡി സതീശന്‍ ചോദിച്ചു. അങ്ങനത്തെ ഒരു സാഹചര്യം വന്നാല്‍ ഞാനതു ചെയ്തില്ലെങ്കില്‍ അക്കാര്യം അന്വേഷിച്ചാല്‍ പോരേ?. എല്ലാ ദിവസവും പറയണോ?. കെ സുധാകരനോട് കുത്തിക്കുത്തി ചോദിച്ചത് മാധ്യമങ്ങള്‍ക്ക് ആവശ്യമുള്ള വാര്‍ത്ത ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണെന്നും വിഡി സതീശന്‍ പറഞ്ഞു.

ഇത്തവണ യുഡിഎഫ് പ്രവര്‍ത്തകര്‍ വളരെ ആവേശത്തോടെയും ഒത്തൊരുമയോടെയുമാണ് പ്രവര്‍ത്തിച്ചത്. ഘടകക്ഷികള്‍ തമ്മിലുള്ള ഭേദമില്ലാതെ 'ടീം യുഡിഎഫ്' എന്ന നിലയിലുള്ള പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഭരണവിരുദ്ധ വികാരത്തിന്റെ 80 ശതമാനവും പിണറായി വിരുദ്ധ വികാരമാണ്. 'ആരുണ്ട് ചോദിക്കാന്‍' എന്ന ശൈലിയിലെ ധാര്‍ഷ്ട്യം ജനങ്ങള്‍ക്കിടയില്‍ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കിയെന്നും വിഡി സതീശന്‍ പറഞ്ഞു.

'പ്രവാസി വോട്ടര്‍മാര്‍ക്ക് എത്താന്‍ സാധിച്ചില്ല. അല്ലായിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ പോളിങ് ശതമാനം കൂടിയേനെ. പോളിങ് ശതമാനം കൂടിയതില്‍ നമ്മളും നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ 35 വര്‍ഷത്തിനിടയില്‍ കണ്ട യുഡിഎഫിന്റെ പ്രവര്‍ത്തകരുടെയും നേതാക്കന്മാരുടെയും ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണിത്. ഇതുപോലെ ആവേശകരമായ പ്രവര്‍ത്തനം ആദ്യമായാണ് കാണുന്നത്. തുടക്കം മുതല്‍ തന്നെ വിജയപ്രതീക്ഷയുണ്ട്. 2005 മുതല്‍ നമ്മുടെ കൂടെയില്ലാതിരുന്ന നിരവധി വിഭാഗങ്ങള്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്', വി ഡി സതീശന്‍ പറഞ്ഞു.

'മുകളിലുള്ള നേതാക്കന്മാര്‍ നടത്തിയതാണ് ഡീല്‍. താഴെയുള്ള പ്രവര്‍ത്തകര്‍ അത് പൊളിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ആളുകള്‍ക്ക് സര്‍ക്കാരിനോട് ഒരു വിരുദ്ധതയുണ്ട്. അമര്‍ഷമുണ്ട്. അതിന്റെ കൂടെ ഞങ്ങള്‍ ഒരു ബദലാണെന്നും മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷ നല്‍കിയിട്ടുണ്ട്. നമ്മള്‍ വന്നാല്‍ മാറ്റമുണ്ടാകുമെന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ ചര്‍ച്ച വന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് സിപിഐഎമ്മില്‍ വിശ്വാസമില്ല. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് മന്ത്രിമാര്‍ സ്വന്തം മണ്ഡലത്തില്‍ നിന്ന് പുറത്ത് പോകാത്ത തെരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി മാത്രമേ പോയിട്ടുള്ളു', വി ഡി സതീശന്‍ പറഞ്ഞു.

സിപിഐഎമ്മില്‍ നടക്കുന്ന കലാപത്തെ കുറിച്ചുള്ള ശബ്ദരേഖകള്‍ കയ്യിലുണ്ടെന്നും അതില്‍ മുതിര്‍ന്ന നേതാക്കളുണ്ടെന്നും വി ഡി സതീശന്‍ വെളിപ്പെടുത്തി. എല്‍ഡിഎഫിന് വനിതാ മുഖ്യമന്ത്രിയെ കുറിച്ചും യുവ മുഖ്യമന്ത്രിയെ കുറിച്ചുമെല്ലാം പറയാം. കാരണം അവര്‍ അധികാരത്തില്‍ വരില്ലല്ലോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണം ഒരു കാരണവശാലും ലഭിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് വനിതാ മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.