- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാത്തിമ തഹ്ലിയക്കെതിരായ വര്‍ഗീയ പ്രചരണം കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം; വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി പിണറായിയുടെ ഇരുണ്ട കാലത്തിനെതിരായ ജനവികാരത്തില്‍ നിന്നും രക്ഷപ്പെടാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം; കടുത്ത വിമര്‍ശനവുമായി വി ഡി സതീശന്‍
ഫാത്തിമ തഹ്ലിയക്കെതിരായ വര്‍ഗീയ പ്രചരണം കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം

തിരുവനന്തപുരം: പേരാമ്പ്രയിലെ അനൗണ്‍സമെന്റ് വിവാദം കത്തവേ ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തരവാദിത്തപ്പെട്ട സി.പി.എം നേതാക്കളുടെ അറിവോടെ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ രീതിയിലാണ് പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ എല്‍.ഡി.എഫ് വര്‍ഗീയ അനൗണ്‍സ്‌മെന്റ് നടത്തിയതെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നു പറഞ്ഞ് പിണറായി വിജയന്റെ പോലീസ് കേസ് അവസാനിപ്പിച്ചു. തോല്‍വി ഉറപ്പായതോടെ അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയെന്ന പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും തീരുമാനത്തിന്റെ ഭാഗമാണ് പേരാമ്പ്രയിലെ വര്‍ഗീയ പ്രചരണം.
മതസ്പര്‍ധ വളര്‍ത്തിയും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഇരുണ്ട കാലത്തിന് എതിരായ ജനവികാരത്തില്‍ നിന്നും രക്ഷപ്പെടാമെന്നത് സി.പി.എം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണ്. ജനവിരുദ്ധ സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും തൂത്തെറിയാന്‍ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണെന്നത് സി.പി.എമ്മും എല്‍.ഡി.എഫും മറക്കരുത്.
സമൂഹത്തില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദത്തില്‍ തനിക്ക് വരണാധികാരിയുടെ നോട്ടീസ് ലഭിച്ചില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.
പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പെന്‍ഡ്രൈവ് തന്റെ കയ്യിലുണ്ട്. അത് ആര്‍ക്കും പരിശോധിക്കാം. പരാതിയില്‍ അന്വേഷണം വരട്ടെയെന്നും അതിനുശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അനൗണ്‍സ്മെന്റ് വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത ടി. പി. രാമകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനാവുകയും ചെയ്തു. ഞങ്ങളുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ എന്തിനാണ് ഇത്ര ധൃതിയെന്ന് ചോദിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ അനൗണ്‍സ്മെന്റ് നടത്തിയെന്ന പരാതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് അയച്ചിരുന്നു.
യു.ഡി.എഫ്. നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം നടന്നുവെന്ന പ്രാഥമിക കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. സ്ഥാനാര്‍ത്ഥി നല്‍കുന്ന വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കുന്നത്.
'നമ്മുടെ ഖൗമിലെ (സമുദായം) കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാര്‍ വീടുകള്‍ കയറി പറയുന്നു' എന്നതായിരുന്നു വിവാദമായ അനൗണ്‍സ്‌മെന്റിലെ ഉള്ളടക്കം. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചും അവഹേളിച്ചും വോട്ട് പിടിക്കാനുള്ള എല്‍.ഡി.എഫ്. നീക്കമാണിതെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ ആരോപിച്ചിരുന്നു.
അനൗണ്‍സ്മെന്റ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, മൈക്ക് പെര്‍മിഷന്‍ രേഖകള്‍, ഓഡിയോ ക്ലിപ്പ് എന്നിവ സഹിതമാണ് യു.ഡി.എഫ്. ജില്ലാ കളക്ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയത്. നടുവണ്ണൂരിലെ ഒരു സ്റ്റുഡിയോയില്‍ വെച്ചാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്നും സി.പി.എം. നേതാവിന്റെ ശബ്ദമാണ് ഇതിലുള്ളതെന്നും യുഡിഎഫ് ആരോപിക്കുന്നു. ആവളയിലെ മുണ്ടക്കണ്ടി സലീല്‍ എന്ന വ്യക്തി ഈ പ്രചാരണ വാഹനത്തെ പിന്തുടര്‍ന്ന് തെളിവുകള്‍ ശേഖരിച്ചതോടെയാണ് ഗൂഢാലോചന പുറത്തായത്.


