കാസര്‍കോട്: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തട്ടിക്കൂട്ടിയ സര്‍വെകളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭൂരിഭാഗവും പെയ്ഡ് സര്‍വെകളാണ്. ഒരു വിശ്വാസ്യതയുമില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും ഇതു തന്നെയായിരുന്നു. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ മൂന്നാം സ്ഥാനത്ത് പോകുമെന്നാണ് സര്‍വെയില്‍ പറഞ്ഞത്. രണ്ടു തവണയായി അദ്ദേഹം എം.പിയാണ് ഇത്തവണ 85000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2019-ല്‍ ഹൈബി ഈഡന്‍ പരാജയപ്പെടുമെന്നും പി രാജീവ് വിജയിക്കുമെന്നും പറഞ്ഞു. 160000 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഷാഫി പറമ്പില്‍ വടകരയില്‍ തോറ്റു പോകുമെന്ന് പറഞ്ഞു. 125000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാഫി വിജയിച്ചത്. ഈ സര്‍വെകളില്‍ പലതും തട്ടിക്കൂട്ടിയതാണ്. അതിലൊന്നും ജനവികാരം പ്രതിഫലിക്കുന്നില്ല. ജനവികാരം കൃത്യമാണ്. എല്ലാ തിരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ മുന്‍കൂട്ടി പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്തി.

അഞ്ച് വര്‍ഷത്തിനിടെ ഒരു തിരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ പറഞ്ഞത് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടില്ല. ഈ തിരഞ്ഞെടുപ്പിലും നൂറിലധികം സീറ്റുകളുമായി ഐക്യജനാധിപത്യ മുന്നണി അധികാരത്തിലേക്ക് തിരിച്ചു വരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. വലിയ മാര്‍ജിന്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുണ്ട്. 125 നിയോജക മണ്ഡലങ്ങളിലും പുതുയുഗയാത്രയുമായി പോയി. അതിന് മുന്‍പ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളിലും പോയി. കഴിഞ്ഞ ആറു മാസത്തിനിടെ എല്ലാ ജില്ലകളിലും പോയിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ നിയോജകമണ്ഡലങ്ങളിലും രണ്ടും മൂന്നു തവണ പോയി. ജനവികാരം സര്‍ക്കാരിനെതിരെ അതിശക്തമായി നില്‍ക്കുന്നുണ്ട്. ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ ചെയ്യണമെന്ന നിര്‍ദ്ദേശങ്ങളും ഗവേഷണതുല്യമായ പ്രവര്‍ത്തനങ്ങളും നടത്തി നല്ല തയാറെടുപ്പോടെയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

എവിടെയെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടോ അവിടെയെല്ലാം കേരളത്തെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാനുള്ള ബദല്‍ പദ്ധതികളുമായാണ് യു.ഡി.എഫ് വരുന്നത്. സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റി കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റാനുള്ള പദ്ധതിയും യു.ഡി.എഫിനുണ്ട്. എയര്‍പോര്‍ട്ടുകളെ കൂട്ടിയിണക്കിയുള്ളഏവിയേഷന്‍ പദ്ധതിയും യു.ഡി.എഫ് അവതരിപ്പിച്ചിട്ടുണ്ട്. പതിനായിരം സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള തൊഴില്‍ പദ്ധതിയും ഇന്ദിര ഗ്യാരണ്ടിയും ഉള്‍പ്പെടെ സമഗ്രമായ തയാറെടുപ്പോടെയാണ് യു.ഡി.എഫ് വരുന്നത്. ഈ സര്‍ക്കാര്‍ തുടരാന്‍ പാടില്ലെന്നും അവരെ താഴെയിറക്കണമെന്നും യു.ഡി.എഫ് സര്‍ക്കാര്‍ ഇവര്‍ പരാജയപ്പെട്ട സ്ഥാനത്ത് വിജയിക്കുമെന്നും ജനങ്ങള്‍ക്ക് നല്ല വിശ്വാസമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തും.

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ സി.പി.എം അക്രമവുമായി ഇറങ്ങിയിരിക്കുകയാണ്. വിശ്വപൗരനായ ശശി തരൂരിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് അദ്ദേഹത്തിന്റെ ഗണ്‍മാനെ കയ്യേറ്റം ചെയ്തു. തോല്‍വി മുന്നില്‍ക്കണ്ട് കണ്ണൂരില്‍ ഉള്‍പ്പെടെ സംസ്ഥാന വ്യാപകമായി യു.ഡി.എഫിന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയാണ്. അതിലൂടെയൊന്നും യു.ഡി.എഫിനെ തോല്‍പ്പിക്കാനാകില്ല. യു.ഡി.എഫ് ജീവിക്കുന്നത് ജനമനസുകളിലാണ്. നല്ല അംഗീകാരത്തോടെ യു.ഡി.എഫ് അധികാരത്തിലെത്തും.

ഓരോരുത്തരുടെ മുഖങ്ങള്‍ ഇപ്പോള്‍ വെളിവാകുകയാണ്. യു.ഡി.എഫിന് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ നല്‍കിയെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയ മുഖ്യമന്ത്രിക്ക് എസ്.ഡി.പി.ഐയുടെയും പി.ഡി.പിയുടെയും ആര്‍.എസ്.എസിന്റെയും പിന്തുണയെ കുറിച്ച് ഒന്നും പറയാനില്ല. മുഖ്യമന്ത്രി പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം വായിക്കണം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പറഞ്ഞിരിക്കുന്നത് എസ്.ഡി.പി.ഐ തീവ്രവാദ സംഘടനയെന്നാണ്. മുഖ്യമന്ത്രി അത് വായിച്ചിട്ടില്ലെങ്കില്‍ അത് അയച്ചു തരാം. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തീവ്രവാദ സംഘടനയെന്നു പ്രഖ്യാപിച്ചവരുമായി ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കാപട്യമെ നിന്റെ പേരാണോ പിണറായി വിജയന്‍ എന്ന് ചോദിക്കേണ്ട സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം പോലും കാറ്റില്‍ പറത്തിയിരിക്കുകയാണ്. പിന്നെ എന്ത് പാര്‍ട്ട് കോണ്‍ഗ്രസാണ്? എന്ത് പാര്‍ട്ടിയാണ്? അഖിലേന്ത്യാ കമ്മിറ്റിയൊക്കെ താഴെയാണെന്ന നിലയിലാണ്.

ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലും ബിഷപ്പുമാരുടെ അടുത്തും പോകുന്ന ബി.ജെ.പിയാണ് എഫ്.സി.ആര്‍.എ ഭേദഗതിയുമായി വന്നിരിക്കുന്നത്. ആരാധനാലയങ്ങള്‍ ഉള്‍പ്പെട എല്ലാം ഏറ്റെടുക്കാന്‍ സാധിക്കുന്ന അപകടകരമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയുള്ള എഫ്.സി.ആര്‍.എ ബില്ലാണ് പാര്‍ലമെന്റില്‍ കൊണ്ടു വന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിക്കുമെന്ന് കാണ്ടാണ് തല്‍ക്കാലം മാറ്റി വച്ചത്. എപ്പോഴായാലും അതും ചര്‍ച്ച് ബില്ലും വരും. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തില്‍ വന്ന് പാവങ്ങളായി അഭിനയിച്ച് കേക്ക് നല്‍കുകയും അവിടെ നല്ല പണി കൊടുക്കുകയും ചെയ്യുകയാണ്. പുതിയ ഭേദഗതിയില്‍ സര്‍ക്കാരിന് എപ്പോള്‍ വേണമെങ്കിലും ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കാം. അത് സുരേഷ് ഗോപി വായിച്ചു നോക്കണം.

അങ്ങനെ പുതുക്കിയില്ലെങ്കില്‍ ആ സ്ഥാപനത്തെ സര്‍ക്കാരിന് ഏറ്റെടുക്കാം. അവരുടെ ഉടമസ്ഥതയിലുള്ള ആരാധനാലയങ്ങളോ് സ്ഥാപനങ്ങളോ ഏറ്റെടുക്കുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്കും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും എതിരാണ്. വഖഫ് ബില്‍ കൊണ്ടു വന്നപ്പോഴും യു.ഡി.എഫ് എതിര്‍ത്തതാണ്. ഇവര്‍ ചര്‍ച്ച് ബില്‍ കൊണ്ടു വരുമെന്ന് അന്ന് ഞങ്ങള്‍ പറഞ്ഞതാണ്. അവര്‍ ചര്‍ച്ച് ബില്ലും തയാറാക്കുന്നുണ്ട്. എഫ്.സി.ആര്‍.എ ഭേദഗതി അപകടകരമാണ്. വിദേശനാണ്യ നിയമം ഉണ്ടാകുന്നതിന് എതിരല്ല. പക്ഷെ ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങള്‍ തട്ടിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും സി.പി.എമ്മിന്റെയും മുഖംമൂടി ഈ തിരഞ്ഞെടുപ്പില്‍ അഴിഞ്ഞു വീഴുകയാണ്. എല്ലാം ജനങ്ങള്‍ വിലയിരുത്തും. അതിശക്തമായ മതേതര നിലപാട് സ്വീകരിച്ചിരിക്കുന്ന യു.ഡി.എഫിനെ മതേതര കേരളം അംഗീകരിക്കുക തന്നെ ചെയ്യും.

നാല് പതിറ്റാണ്ടു കാലം ജമാഅത്ത് ഇസ്ലാമിയെ സി.പി.എം തോളില്‍ വച്ചുകൊണ്ട് നടന്നപ്പോള്‍ മതേതര പാര്‍ട്ടിയായിരുന്നു. 2019-ല്‍ അവര്‍ ഉണ്ടാക്കി വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ നല്‍കുമ്പോള്‍ അവര്‍ എങ്ങനെയാണ് വര്‍ഗീയവാദികളാകുന്നത്? ജമാഅത്ത് ഇസ്ലാമിയുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജമാഅത്ത് ഇസ്ലാമിയെ സ്വാഗതം ചെയ്യുന്നെന്നും അവര്‍ മതേതര നിലപാടുള്ള സംഘടനയാണെന്നും മുഖ്യമന്ത്രി പറഞ്ഞ വീഡിയോ ക്ലിപ് കാണിച്ചപ്പോള്‍ ആ പ്രസ്താവന പിന്‍വലിച്ചു. ആര്‍.എസ്.എസുമായി ഒരു കാലത്തും ബന്ധമുണ്ടായിട്ടില്ലെന്നും പറഞ്ഞു. പിണറായി വിജയന്‍ ജോണി ലൂക്കോസിന് നല്‍കിയ അഭിമുഖത്തില്‍, ആര്‍.എസ്.എസുമായി ചില കാലത്ത് ബന്ധപ്പെട്ടിട്ടുണ്ടെന്നും ചില കാലത്ത് ബന്ധപ്പെട്ടിട്ടില്ലെന്നും പറഞ്ഞു. അതാണ് അവസരവാദം. ഇത് രണ്ടും തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന് മുഖ്യമന്ത്രിയുടെ മതേതരവാദം ഞങ്ങള്‍ പൊളിച്ചതാണ്. ലീഗും മതേതരവാദിയായിരുന്നു. പക്ഷെ എല്‍.ഡി.എഫിലേക്ക് ഇല്ലെന്ന് ലീഗ് വ്യക്തമാക്കിയതിന്റെ പിറ്റേദിവസം മുതല്‍ ലീഗ് വര്‍ഗീയവാദിയായി. ബാബ്റി മസ്ജിദ് പൊളിച്ച കാലത്ത് ലീഗിന് തീവ്രവാദം പോരെന്നു പറഞ്ഞ് പുറത്തു പോയ ഐ.എന്‍.എല്ലിനെ കക്ഷത്തുവച്ച് പിണറായി വിജയന്‍ ലീഗിനെ മതേതരത്വം പഠിപ്പിക്കാന്‍ വരേണ്ട.

എസ്.ഡി.പി.ഐയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. അത് യു.ഡി.എഫ് മാറ്റിയിട്ടില്ല. ഏതെങ്കിലും ഒരു മുന്നണി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇത്തരമൊരു നിലപാട് എടുത്തിട്ടുണ്ടോ? എസ്.ഡി.പി.ഐ പിന്തുണ നല്‍കിയാല്‍ എങ്ങനെ വേണ്ടെന്നു പറയുമെന്നാണ് പിണറായി വിജയനും എം.വി ഗോവിന്ദനും ചോദിക്കുന്നത്. എന്നിട്ടാണ് സ്വന്തം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീവ്രവാദ സംഘടനയെന്ന് എഴുതിവച്ചിരിക്കുന്നത്. 77-ല്‍ ജനസംഘത്തിന്റെ പിന്തുണയോടെയാണ് പിണറായി വിജയന്‍ ജയിച്ചത്. 77 മാര്‍ച്ച് നാലിന് ദേശാഭിമാനി പത്രത്തില്‍ ഒരു ലേഖനമുണ്ട്, ജനസംഘം വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ന്യൂനപക്ഷ വിരുദ്ധരല്ലെന്നുമാണ് പറയുന്നത്. കോണ്‍ഗ്രസുകാര്‍ വെറുതെ അവര്‍ വര്‍ഗീയവാദികളാണെന്നും ന്യൂനപക്ഷ വിരുദ്ധരാണെന്നും വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആ ലേഖനത്തില്‍ എഴുതിവച്ചിരിക്കുന്നത്. എല്ലാ തെളിവുകളും ഞങ്ങളുടെ കയ്യിലുണ്ട്. അതുകൊണ്ടാണല്ലോ സംവാദത്തിന് വരാത്തത്. സംവാദത്തിന് വന്നു നോക്ക്. അപ്പോള്‍ എല്ലാത്തിനും മറുപടി പറഞ്ഞു തരാം.

രക്തസാക്ഷികളുടെ പേരില്‍ പണം പിരിച്ചിട്ട് പയ്യന്നൂരില്‍ എം.എല്‍.എയുടെയും ഏരിയ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ അടിച്ചു മാറ്റി. അഭിമന്യൂവിന്റെ പേരില്‍ ഫണ്ടുണ്ടാക്കി അതും അടിച്ചു മാറ്റി. തിരുവനന്തപുരത്ത് വിഷ്ണുവിന്റെ പേരിലുള്ള രക്തസാക്ഷി ഫണ്ട് അടിച്ചു മാറ്റിയ ആളിന് ട്രിപ്പില്‍ പ്രമോഷന്‍ നല്‍കി. പയ്യന്നൂരില്‍ ചോദ്യം ചെയ്തയാളെ പുറത്താക്കി. കട്ടവനെ ഉള്ളില്‍ വച്ചു. ഇതാണ് സി.പി.എം. അഭിമന്യുവിനെ എസ്.ഡി.പി.ഐ കൊന്നെന്നാണ് ദേശാഭിമാനിയും കൈരളിയും പറഞ്ഞത്. 'നാന്‍ പെറ്റ മകനെ, എന്‍ രാസാവെ' എന്നുള്ള ഒരു അമ്മയുടെ ചങ്കുപൊട്ടുന്ന നിലവിളിയുണ്ട്. എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കുന്നതിന് മുന്‍പ് ആ അമ്മയോട് സി.പി.എമ്മും പിണറായി വിജയനും മാപ്പ് പറയണം.- വി ഡി സതീശന്‍ വ്യക്തമാക്കി.