കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഒരുപോലെ യോഗ്യരാണെന്ന് പാലക്കാട് എം പി വി കെ ശ്രീകണ്ഠന്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് ജില്ലയില്‍ ഇത്തവണ യുഡിഎഫ് തരംഗമാണ് കാണാന്‍ സാധിക്കുന്നതെന്ന് വി.കെ. ശ്രീകണ്ഠന്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ 12 സീറ്റുകളില്‍ കുറഞ്ഞത് ഏഴ് സീറ്റുകളിലെങ്കിലും യുഡിഎഫ് വിജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. പോളിങ് ബൂത്തുകളിലെ തിരക്കും ജനങ്ങളുടെ പ്രതികരണവും രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് വി.കെ. ശ്രീകണ്ഠന്‍ ഉന്നയിച്ചത്. പാലക്കാട് ജില്ലയില്‍ സിപിഎം ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ബൂത്തുകളില്‍ ആളില്ലാത്തതില്‍ സിപിഎം ജില്ലാ സെക്രട്ടറി സങ്കടപ്പെടുന്നത് അവരുടെ അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനവികാരം ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ വലിയ വിജയമായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നേരത്തെ എറണാകുളം ജില്ലയില്‍ നിന്ന് ഒരു മുഖ്യമന്ത്രി വേണമെന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ബാബു രംഗത്തെത്തിയിരുന്നു. ഷിയാസിന്റെ പ്രസ്താവന തികച്ചും അപക്വമാണെന്നും അത്തരം ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലക്കാര്‍ക്കും തങ്ങളുടെ ജില്ലയില്‍ നിന്ന് ഒരു മുഖ്യമന്ത്രി വരണമെന്ന് ആഗ്രഹമുണ്ടാകാം, എന്നാല്‍ അത് പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും വ്യക്തിപരമായ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ആരാകണമെന്ന് പറയാന്‍ താന്‍ യോഗ്യനല്ലെന്നും അത്തരം ചര്‍ച്ചകളുടെ ഏഴ് അയലത്ത് പോലും താനില്ലെന്നും കെ. ബാബു വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തെ ഇടത് ഭരണത്തില്‍ ജനങ്ങള്‍ മടുത്തിരിക്കുകയാണെന്നും അത് അവസാനിപ്പിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവാണ് കഴിഞ്ഞ അഞ്ച് വര്‍ഷം യുഡിഎഫിനെ നയിച്ചത്. എത്ര സീറ്റുകള്‍ ലഭിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും എറണാകുളം ജില്ലയില്‍ യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.