തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിക്കിപീഡിയ പേജില്‍ അദ്ദേഹത്തെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ചിത്രീകരിച്ച് എഡിറ്റിംഗ് നടന്നു. വോട്ടിംഗിന് ശേഷം നടന്ന തിരുത്തലില്‍, സതീശനെ കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായിട്ടാണ് രേഖപ്പെടുത്തിയത്. എഡിറ്റ് ഹിസ്റ്ററി പ്രകാരം, 2026 മേയ് നാലിന് അദ്ദേഹം ചുമതലയേറ്റുവെന്നും അതില്‍ രേഖപ്പെടുത്തിയിരുന്നു. പിന്നീട് പേജില്‍ വീണ്ടും എഡിറ്റിംഗ് നടന്നതിനെത്തുടര്‍ന്ന് നിലവില്‍ വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, 35 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രകടനമാണ് യു.ഡി.എഫ് കാഴ്ചവെച്ചതെന്നും നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നും സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 1991-ലും 2001-ലും യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, ഇത്തവണത്തെപ്പോലെ ആവേശകരമായ ഒരു പ്രവര്‍ത്തനം ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2005 മുതല്‍ മുന്നണിയില്‍ ഇല്ലാതിരുന്ന നിരവധി വിഭാഗങ്ങള്‍ ഇത്തവണ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. പിണങ്ങിപ്പോയവരെയും മാറിപ്പോയവരെയും തിരികെ കൊണ്ടുവരാന്‍ സാധിച്ചെന്നും, അതിന്റെയെല്ലാം ഫലം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

ഒരു രാഷ്ട്രീയ അടിത്തറയുടെ ബലത്തിലാണ് യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഒരു പ്രതിപക്ഷ പാര്‍ട്ടിക്കും ലഭിക്കാത്ത വിജയം യു.ഡി.എഫിനുണ്ടായി. ഈ വിജയങ്ങള്‍ക്കും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ഏതൊരു കേഡര്‍ പാര്‍ട്ടിയെയും തോല്‍പ്പിക്കാന്‍ കഴിവുള്ള സംഘടനാ മികവിനും തെരഞ്ഞെടുപ്പ് ഫലത്തില്‍ സ്വാധീനമുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിന് ശേഷം കോണ്‍ഗ്രസിനും യു.ഡി.എഫിനും സംഭവിച്ച കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയിരുന്നു. ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിശബ്ദമായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്ന വിജയവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ തെരഞ്ഞെടുപ്പുകളിലും താന്‍ പ്രവചനം നടത്തിയത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.