ടെഹ്‌റാന്‍: സ്ഥാനാരോഹണത്തിന് ശേഷം ആഴ്ചകള്‍ പിന്നിട്ടിട്ടും ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കാം എന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും ഇത് സ്ഥിരീകരിക്കാന്‍ ഇറാന്‍ തയ്യാറായിട്ടില്ല. അതേസമയം ഖമേനിയുടേതായി സന്ദേശങ്ങള്‍ പുറത്തുവരുന്നുണ്ട് താനും. എന്നാല്‍ പൊതുവേദികളില്‍ മൊജ്തബ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ട പുതിയ സന്ദേശത്തിലും മൊജ്തബയുടെ ചിത്രം ഉള്‍പ്പെടുത്തിയിട്ടില്ല. ഇറാനെതിരെയുള്ള അധിനിവേശത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ച ഇറാഖി ജനതയ്ക്കും പുരോഹിതര്‍ക്കും മൊജ്തബ നന്ദി അറിയിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സുപ്രീം ഇസ്ലാമിക് അസംബ്ലി ഓഫ് ഇറാഖ് സ്പീക്കറും ബാഗ്ദാദിലെ ഇറാന്‍ അംബാസഡറും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് മൊജ്തബയുടെ സന്ദേശം കൈമാറിയത്.

മാര്‍ച്ച് ആദ്യവാരം ചുമതലയേറ്റ ശേഷം ഇദ്ദേഹത്തിന്റേതായി നിരവധി രേഖാമൂലമുള്ള സന്ദേശങ്ങള്‍ പുറത്തുവന്നെങ്കിലും ദൃശ്യമാധ്യമങ്ങളിലോ പൊതുവേദികളിലോ ഇദ്ദേഹം ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഫെബ്രുവരി 28-നുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മൊജ്തബ ഖമേനിയുടെ തിരോധാനത്തെ സംശയാസ്പദമായ രീതിയിലാണ് അമേരിക്ക നോക്കിക്കാണുന്നത്.

മൊജ്തബ ഖമേനി ഒന്നുകില്‍ കൊല്ലപ്പെട്ടിരിക്കാമെന്നും അല്ലെങ്കില്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. മൊജ്തബ ഉള്‍പ്പെടെ 10 ഇറാന്‍ നേതാക്കള്‍ക്കായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പത്തു മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേല്‍ മൊജ്തബയെ ലക്ഷ്യമിടുന്നതിനാല്‍ സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം പുറത്തുവരാത്തതെന്നാണ് ജനീവയിലെ ഇറാന്‍ അംബാസഡറുടെ വിശദീകരണം.

അജ്ഞാതവാസം തുടരുന്ന സാഹചര്യത്തില്‍ ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ തോതിലുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. മിയാമിയില്‍ നടന്ന 'ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ്' പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് മൊജ്തബ കൊല്ലപ്പെട്ടിരിക്കാം എന്ന് പറഞ്ഞത്. മുന്‍ ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ 'ഒരു ഭ്രാന്തന്‍ പ്രതിഭ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ക്കായി യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.

വിജയികളെക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് പരാജയപ്പെട്ടവരെയാണെന്ന് ചടങ്ങില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞതും വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. വിജയികളായ ആളുകള്‍ അവരുടെ വിജയഗാഥകള്‍ പറയുന്നത് കേള്‍ക്കാന്‍ തനിക്ക് താല്‍പര്യമില്ല. മറിച്ച് തന്റെ വിജയങ്ങള്‍ കേട്ടിരിക്കുന്ന പരാജയപ്പെട്ടവരുടെ കൂടെ ഇരിക്കാനാണ് തനിക്ക് ഇഷ്ടമെന്നും ട്രംപ് പറഞ്ഞു.

പരാജയപ്പെട്ടവരുടെ കൂടെ ഇരിക്കുന്നത് എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, പിന്നീട് താന്‍ തമാശ പറഞ്ഞതാണെന്നും എന്നാല്‍ അതില്‍ അല്‍പം കാര്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട നേതൃഗുണം വിജയിക്കുക എന്നതാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം മുജ്തബ ഖമേനി സ്വവര്‍ഗാനുരാഗിയാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ അമേരിക്ക പുറത്തുവിടുകയും ചെയ്യുന്നുണ്ട്. ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നത് ഇറാന്റെ നേതൃത്വത്തില്‍ സ്വാധീനം ലഭിക്കാതിരിക്കാന്‍ വേണ്ടിയാണെന്ന നിരീക്ഷണങ്ങളുണ്ട് താനും. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സിഐഎ) ഇത്തരം വിവരം പുറത്തുവിട്ടുവെന്നാണ് ട്രംപ് അവകാശപ്പെട്ടത്.

ഇറാനിലെ ഇസ്ലാമിക ശിക്ഷാ നിയമപ്രകാരം സ്വവര്‍ഗാനുരാഗം വധശിക്ഷവരെ ലഭിക്കാവുന്ന വലിയ കുറ്റകൃത്യമാണ്. ഇറാനില്‍ കര്‍ക്കശമായ നിയമങ്ങള്‍ നിലനില്‍ക്കേ പുതിയ നേതാവിന് ഇത് വലിയ തിരിച്ചടിയാകുമെന്നും ട്രംപ് പറഞ്ഞു. മുജ്തബ ഖമേനിയുടെ പിതാവും മുന്‍ പരമോന്നത നേതാവുമായിരുന്ന അന്തരിച്ച ആയത്തുള്ള അലി ഖമനേയിക്കും മകന്റെ ഈ സ്വഭാവത്തില്‍ ആശങ്കയുണ്ടായിരുന്നതായും ഇതാണ് മുജ്തബയുടെ നേതൃത്വത്തെക്കുറിച്ച് അദ്ദേഹം സംശയിക്കാന്‍ കാരണമായതെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. മുന്‍പ് മത്സരിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളേക്കാള്‍ കൂടുതല്‍ സ്വവര്‍ഗാനുരാഗികളുടെ വോട്ട് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തന്റെ പ്രചാരണ പരിപാടികളില്‍ അവര്‍ക്കായി പ്രത്യേക ഗാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.