ഡമാസ്‌ക്കസ്: സിറിയന്‍ പ്രസിഡന്റായിരുന്ന ബാഷര്‍ അല്‍ അസദ് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് റഷ്യയിലേക്ക് കടത്തിയത് പതിനായിരക്കണക്കിന് കോടി രൂപ. ഏകദേശം ഏകദേശം 200 മില്യണ്‍ പൗണ്ടാണ് ഇയാള്‍ റഷ്യയിലേക്ക് പല തവണകളായി വിമാനമാര്‍ഗം എത്തിച്ചത്. അസദിന്റെ ഭരണകാലത്ത് എല്ലാ കാലത്തും സിറിയ ആശ്രയിച്ചിരുന്നത് റഷ്യയെ ആയിരുന്നു.

2018 നും 2019നും ഇടയില്‍ രണ്ട് ടണ്ണോളം നോട്ടു കെട്ടുകളുമായാണ് റഷ്യയിലെ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനായി അസദ് മോസ്‌ക്കോയില്‍ എത്തിച്ചത്. റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ സഹായവും സിറിയക്ക് യഥേഷ്ടം ലഭിച്ചിരുന്നു. ഇതേ കാലയളവില്‍ തന്നെയാണ് അസദിന്റെ കുടുംബം റഷ്യയില്‍ വന്‍തോതില്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയതും. ഫിനാന്‍ഷ്യല്‍ ടൈംസ് എന്ന മാധ്യമമാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

അസദും സംഘവും സ്വന്തം രാജ്യത്തിന്റെ സ്വത്തുക്കള്‍ കൊളളയടിച്ച് നാട്ടുകാര്‍ക്ക് എതിരെ തന്നെ ആ പണം ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. കൂടാതെ 2018 മാര്‍ച്ചിനും 2019 സെപ്തംബറിനും ഇടയില്‍ കോടിക്കണക്കിന് ഡോളറും

യൂറോയും കപ്പലുകളിലും റഷ്യയിലേക്ക് കടത്തി എന്നും ഫിനാന്‍ഷ്യല്‍ ടൈംസ് ആരോപിക്കുന്നു. റഷ്യയിലെ വിവിധ ബാങ്കുകളില്‍ അസദിനും കുടുംബത്തിനും ഉള്ള നിക്ഷേപങ്ങളുടെ രേഖകള്‍ തന്നെ ഒരു വിമാനം നിറയെ കൊണ്ടു വന്ന കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 മാര്‍ച്ച് മുതല്‍ 2019 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 21 വിമാനങ്ങളിലായിട്ടാണ് അസദിന്റെ പണമെല്ലാം റഷ്യയില്‍ എത്തിച്ചത്. ഏകദേശം 250 മില്യന്‍ ഡോളറാണ് ഇത്തരത്തില്‍ റഷ്യയില്‍ എത്തിച്ചത്. 2018 മുതലാണ് ഇത്തരത്തില്‍ അസദ് പണം റഷ്യയില്‍ എത്തിക്കാന്‍ തുടങ്ങിയത്. സിറിയന്‍ ബാങ്കുമായി ബന്ധപ്പെട്ട ഒരു പ്രമുഖന്‍ വെളിപ്പെടുത്തിയത് ബാങ്കിന്റെ വിദേശ നാണയ ശേഖരം 2018 ഓടെ പൂര്‍ണമായി ഇല്ലാതായി കഴിഞ്ഞിരുന്നു എന്നാണ്. റഷ്യയില്‍ നിന്ന് ഗോതമ്പ് വാങ്ങിയിട്ട് ആ പണം പ്രതിരോധ ചെലവിനായി

മാറ്റിവെച്ചു എന്നാണ് അസദ് സര്‍ക്കാര്‍ കണക്ക് നല്‍കിയിരുന്നത്.

അസദും സംഘവും പണം എത്തിച്ച കാലഘട്ടത്തില്‍ റഷ്യയില്‍ നിന്ന് സിറിയയിലേക്കുള്ള കയറ്റുമതിയുടെ തോത് വര്‍ദ്ധിച്ചതായിട്ടാണ് റഷ്യയുടെ രേഖകള്‍ സൂചിപ്പിക്കുന്നത്. ഇതെല്ലാം തന്നെ അസദിന്റെ പണം കടത്തലുമായി ബന്ധപ്പെട്ട് തന്നെയാണ് ഉണ്ടായതെന്നാണ് കണക്കാക്കപ്പെടുന്നത്. അതേ സമയം സിറിയയില്‍ നിന്ന് ഇത്രയുമധികം പമം റഷ്യയിലേക്ക് വന്നതിന്റ യാതൊരു രേഖയും റഷ്യന്‍ അധികൃതരുടെ കൈവശവും ഇല്ല. ഒരു കാലത്ത് അസദിന്റെ വിശ്വസ്തര്‍ ആയിരുന്ന പല പ്രമുഖര്‍ക്കും പോലും ഇത്തരത്തില്‍ പമം കടത്തിയതിനെ കുറിച്ച് ഒരു കാര്യവും അറിയില്ലായിരുന്നു.

2015 ല്‍ സിറിയയില്‍ വിമതമുന്നേറ്റം ഉണ്ടായ സമയത്ത് അതിനെ അടിച്ചമര്‍ത്താനായി റഷ്യന്‍ സൈന്യം എത്തിയിരുന്നു. വിമതരെ അടിച്ചമര്‍ത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമായി മാറുകയായിരുന്നു. റഷ്യന്‍ കമ്പനികള്‍ സിറിയയില്‍ നിന്ന് വന്‍ തോതില്‍ ഫോസ്ഫേറ്റ് ഉള്‍പ്പെടെ ഇറക്കുമതി ആരംഭിച്ചതും ഇതേ സമയത്താണ്. കഴിഞ്ഞ 6 വര്‍ഷമായി സിറിയയുടെ സാമ്പത്തിക രംഗം തകര്‍ന്ന് തരിപ്പണമായ അവസ്ഥയും അസദും സംഘവും ഫലപ്രദമായി മുതലെടുക്കുകയായിരുന്നു എന്നും പലരും ആരോപിക്കുന്നു.

അസദിന്റെ ഭാര്യയായ അസ്മ നേരത്തേ ജെ.പി മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള വന്‍കിട ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളത് കൊണ്ട് തന്നെ കുടുംബത്തിന് സാമ്പത്തികപരമായി എല്ലാ മേഖലകളിലും സ്വാധിനം ചെലുത്താനും കഴിഞ്ഞിരുന്നു. സിറിയ വന്‍ തോതില്‍ മയക്കുമരുന്ന് കടത്തലും ഇന്ധന മോഷണവും നടത്തുന്നതായി അമേരിക്ക നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. സിറിയക്ക് മേല്‍ അമേരിക്ക സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. 2015 ല്‍ റഷ്യയിലേക്ക് വന്‍ തുകകള്‍ കടത്താന്‍ സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും ഉന്നത ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി അമേരിക്ക ആരോപിച്ചിരുന്നു.

2018നും 2019നും ഇടയില്‍ സിറിയ നടത്തിയ പല സാമ്പത്തിക ഇടപാടുകളും റഷ്യന്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ബാങ്കുമായിട്ടാണ് നടത്തിയത് എന്നാണ് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്. ഇറാനിലും അസദും സംഘവും പല മേഖലകളിലും പണം മുടക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അസദും കൂട്ടാളികളും റഷ്യയില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചതെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നത്.