- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധി; ഇന്ത്യക്ക് എണ്ണയും എല്‍.എന്‍.ജിയും വാഗ്ദാനം ചെയ്ത് കാനഡ; 2.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യുറേനിയം വിതരണ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും; ഇന്ധന പ്രതിസന്ധി തീര്‍ക്കാന്‍ വഴിതേടി കേന്ദ്രസര്‍ക്കാര്‍
ഇന്ത്യക്ക് എണ്ണയും എല്‍.എന്‍.ജിയും വാഗ്ദാനം ചെയ്ത് കാനഡ

ന്യൂഡല്‍ഹി: ഇറാനെതിരെ ഇസ്രായേലും യു.എസും നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ താത്ക്കാലികമായി അടച്ചതിനാല്‍ ഇന്ധന പ്രതിസന്ധിയിലാണ് രാജ്യം. പുതിയ സാഹചര്യത്തില്‍ ഇന്ധനനീക്കത്തിന് ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ സഹായ വാഗ്ദാനവുമായി കാനഡ രംഗത്തെത്തി.
അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യക്ക്, ദീര്‍ഘകാല അടിസ്ഥാനത്തില്‍ എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും (എല്‍.എന്‍.ജി) വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. വരും പതിറ്റാണ്ടുകളില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യകത കുത്തനെ വര്‍ധിക്കും. ഇത് എണ്ണ, വാതകം, ആവശ്യമായ ധാതുക്കള്‍ എന്നിവയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച തുടരുകയും വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ വികസിക്കുകയും ചെയ്യുന്നതിനാല്‍ 2040 ആകുമ്പോഴേക്കും രാജ്യത്ത് ഊര്‍ജ ആവശ്യകത ഇരട്ടിയാകുമെന്ന് കാര്‍ണി അഭിപ്രായപ്പെട്ടു.
ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യുറേനിയം വിതരണ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്നിട്ടുണ്ട്. ഇത് ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആണവോര്‍ജ പദ്ധതികള്‍ക്ക് വലിയ കരുത്തേകും. പശ്ചിമ തീരത്തുനിന്നുള്ള എല്‍.എന്‍.ജി വിതരണത്തിലൂടെയും ക്ലീന്‍ ടെക്‌നോളജിക്ക് ആവശ്യമായ ധാതുക്കളിലൂടെയും ഇന്ത്യയുടെ ഹരിത ഊര്‍ജ പരിവര്‍ത്തനത്തിന് പിന്തുണ നല്‍കാന്‍ കാനഡ തയ്യാറാണെന്നും മാര്‍ക്ക് കാര്‍ണി പറഞ്ഞു.
ഹുര്‍മുസ് കടലിടുക്ക് താത്ക്കാലികമായി അടച്ചതിനാല്‍ മറ്റ് വഴികള്‍ ഉപയോഗിച്ച് രാജ്യത്ത് ഇന്ധനം ലഭ്യമാക്കാനുള്ള സൗകര്യം ഇന്ത്യ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യക്കാവശ്യമായ എണ്ണ റഷ്യ നല്‍കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സഹായവുമായി കാനഡയും രംഗത്തെത്തിയിരിക്കുന്നത്.


