- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി; ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് വ്യാപാര ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ട്; ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഞങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി; തീരുവത്തര്‍ക്കം മയപ്പെടുമെന്ന് സൂചന
ട്രംപുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ ഇന്ത്യ അടുത്തയാഴ്ച വീണ്ടും തുടങ്ങാന്‍ സാധ്യതയെന്ന് സൂചന. ഇതിന്റെ ലക്ഷണങ്ങളാണ് രണ്ട് രാഷ്ട്ര നേതാക്കളുടെയും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായത്. ഇന്ത്യന്‍ സംഘം അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അമേരിക്കന്‍ സംഘം ഇന്ത്യയിലേക്ക് വരുന്നത് നേരത്തെ മാറ്റിവച്ചിരുന്നു. വാര്‍ത്തകള്‍ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
വ്യാപാര ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമമെന്ന് മോദി അറിയിച്ചു. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളും അടുത്ത സുഹൃത്തുക്കളുമാണെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായി യോജിച്ചു നീങ്ങുമെന്നും മോദി അറിയിച്ചു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് വ്യാപാര ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഞങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും മോദി വ്യക്തമാക്കി. പ്രസിഡന്റ് ട്രംപുമായി സംസാരിക്കാനും ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റില്‍ പറഞ്ഞു. ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയായിട്ടായിരുന്നു മോദിയുടെ ട്വീറ്റ്.
നേരത്തെ ഇന്ത്യയുമായുള്ള വ്യാപാരത്തീരുവ വിഷയത്തില്‍ യുഎസ് കടുംപിടുത്തം ഒഴിവാക്കാനൊരുങ്ങുന്നതായുള്ള സൂചനകളാണ് പുറത്തുവന്നത്. വൈകാതെ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമെന്ന് ട്രംപ് പറഞ്ഞു. തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത്തരത്തിലുള്ള സൂചന നല്‍കിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. വരും ആഴ്ചകളില്‍ തന്റെ ഉറ്റ സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമെന്നും കുറിപ്പില്‍ ട്രംപ് പ്രതീക്ഷ പങ്കുവെക്കുന്നു. വിജയകരമായ സമാപ്തിയിലേക്ക് എത്തിച്ചേരുന്നതിന് മഹത്തായ ഇരുരാജ്യങ്ങള്‍ക്കും യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് തനിക്കുറപ്പാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കെതിരേ ട്രംപ്, ഈയടുത്ത് സ്വീകരിച്ച നിലപാടില്‍നിന്ന് നേര്‍വിപരീതമായ സമീപനമാണ് ഈ കുറിപ്പിലുള്ളതെന്നത് ശ്രദ്ധേയമാണ്. നേരത്തെ, ഇന്ത്യക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം വ്യാപാരത്തീരുവ ചുമത്താന്‍ ട്രംപ്, യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിന് വേണ്ടിയാണ് ഇതെന്നായിരുന്നു ട്രംപിന്റെ വാദം. ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലൊണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം എത്തിയതും.
നേരത്തെ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ 100% അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു യുഎസ് പ്രസിഡന്റ് ട്രംപ് എന്ന് വാര്‍ത്തകളെത്തിയിരുന്നു. റഷ്യയുമായി ഇരുരാജ്യങ്ങള്‍ക്കുമുള്ള വ്യാപാര, നയതന്ത്ര ബന്ധത്തിനു തടയിടാനുള്ള നീക്കമാണിത്. റഷ്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തി യുദ്ധത്തില്‍ നിന്നു പിന്തിരിപ്പിക്കാനാണ് റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കു മേല്‍ തീരുവ ചുമത്തിയതെന്നു ട്രംപ് വിശദീകരിച്ചിരുന്നു. അതേസമയം, രാജ്യങ്ങള്‍ക്കുമേല്‍ അധികതീരുവ ചുമത്താന്‍ ട്രംപിന് അവകാശമില്ലെന്ന ഹര്‍ജി അതിവേഗ ബഞ്ചില്‍ പരിഗണിക്കാന്‍ യുഎസ് സുപ്രീം കോടതി തീരുമാനിച്ചു. ഇതിനിടെയാണ് ട്രംപ് വീണ്ടും ഇന്ത്യയെ സുഹൃത്തായി കാണുന്നത്.
റഷ്യയ്‌ക്കെതിരെ രണ്ടാംഘട്ട ഉപരോധം ഏര്‍പ്പെടുത്തുമെന്നും കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉപരോധം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ട്രംപ് തയാറായിരുന്നില്ല. റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്‍പും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നു. സമാധാന ചര്‍ച്ചയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നല്‍കിയത്. അതിനിടെയാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായി അടുക്കാന്‍ ശ്രമിച്ചത്. ഇത് അമേരിക്കയ്ക്ക് ബദലൊരുക്കാനായിരുന്നു. ഇത് മനസ്സിലാക്കിയാണ് ട്രംപ് ഇന്ത്യന്‍ പക്ഷത്ത് എത്താന്‍ ശ്രമിക്കുന്നത്.
അതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടപ്പിലാക്കുന്ന തീരുവകളുടെ നിയമസാധുതയെക്കുറിച്ചുള്ള വാദങ്ങള്‍ നവംബറില്‍ കേള്‍ക്കുമെന്ന് യുഎസ് സുപ്രീം കോടതി അറിയിക്കുകയും ചെയ്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പിഴച്ചുങ്കമടക്കം വന്‍ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് കീഴ്ക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതി നേരത്തെ വിധിച്ചതിനെത്തുടന്നാണ് ട്രംപ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചത്.
റഷ്യയില്‍നിന്നും എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് യുഎസ് 50% തീരുവ ഏര്‍പ്പെടുത്തിയത്. യുക്രെയ്നുമായി യുദ്ധം ചെയ്യാന്‍ റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സ് ഈ പണമാണെന്നാണ് ട്രംപിന്റെ വാദം. പുതിയ തീരുവ പ്രഖ്യാപനത്തോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ ബ്രസീലിനൊപ്പം ഇന്ത്യ ഒന്നാമതായിരുന്നു. ബ്രസീലിനും 50 ശതമാനം തീരുവയാണ് ചുമത്തുന്നത്. ആദ്യം പ്രഖ്യാപിച്ച അധിക തീരുവ ഓഗസ്റ്റ് ഏഴിനും പിന്നീട് പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 27നുമാണ് നിലവില്‍ വന്നത്.