വാഷിങ്ടണ്‍: ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ആസ്ഥാനം ഞായറാഴ്ചത്തെ ആക്രമണത്തില്‍ തകര്‍ത്തായി അവകാശപ്പെട്ട് യുഎസ് സൈന്യം. 'ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണന്നും ഐആര്‍ജിസിക്ക് ഇനി ആസ്ഥാനം ഇല്ല' എന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു.

'കഴിഞ്ഞ 47 വര്‍ഷത്തിനിടയില്‍ ഇറാനിയന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് 1,000ല്‍ അധികം അമേരിക്കക്കാരെ കൊലപ്പെടുത്തി. ഇന്നലെ, അമേരിക്ക നടത്തിയ വലിയൊരു ആക്രമണത്തില്‍ പാമ്പിന്റെ തലയറ്റ് വീണു. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണ്, കഞഏഇ ക്ക് ഇനി ആസ്ഥാനമില്ല' പ്രസ്താവനയില്‍ പറയുന്നു.

ഇറാന്‍ ഭരണകൂടം ഉയര്‍ത്തുന്ന ഭീഷണികള്‍ ഇല്ലാതാക്കാന്‍ യുഎസ് സേന ധീരമായ നടപടി സ്വീകരിക്കുന്നുവെന്നും ആക്രമണങ്ങള്‍ തുടരുന്നുവെന്നും യുഎസ് അറിയിച്ചു. ഇറാനിയന്‍ ഭരണകൂടം ബാലിസ്റ്റിക് മിസൈലുകളിലൂടെ പതിറ്റാണ്ടുകളായി അപകടകരമായ ഒരു ഭീഷണി ഉയര്‍ത്തുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം യുഎസ് സൈന്യം ആ ഭീഷണി ഇല്ലാതാക്കുകയാണെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ഇറാനെതിരെ നടത്തുന്ന ഓപ്പറേഷനില്‍ 24 മണിക്കൂറിനിടെ ഉപയോഗിച്ച ആയുധങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും വിവരങ്ങളും യുഎസ് സൈന്യം പങ്കുവെച്ചിട്ടുണ്ട്. ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ അടക്കം ഈ പട്ടികയിലുണ്ട്. ഇറാന്‍ സൈന്യത്തിന്റെ ആസ്ഥാനങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ കേന്ദ്രങ്ങളു അടക്കം 24 മണിക്കൂറിനിടെ തകര്‍ത്തതായും യുഎസ് അവകാശപ്പെടുന്നു.

അതിനിടെ ഖമേനിയുടെ വധത്തിന് പ്രതികാരമായി ലബനനിലെ ഷിയാ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രായേലിന് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതോടെ മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമാകുകയാണ്. ഇതിന് മറുപടിയായി ഇസ്രായേല്‍ സൈന്യം ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ഇതോടെ പ്രദേശത്ത് ജനങ്ങള്‍ കൂട്ടപ്പലായനം നടത്തുകയാണ്.

ഖമേനിയുടെ വധത്തിന് പകരമായി ലെബനനില്‍ നിന്ന് ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള, ഇസ്രായേലിന്റെ നിലനില്‍പ്പിനെ ശക്തമായി എതിര്‍ക്കുന്ന സംഘമാണ്. ഹിസ്ബുള്ളയുടെ ആക്രമണത്തിന് മറുപടിയായി ലെബനനിലെ വിവിധ ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നതായി ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചു.ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ സ്ഫോടനങ്ങള്‍ നടന്നതായി ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിസ്ബുള്ള വിക്ഷേപിച്ച മിസൈലുകള്‍ ഇസ്രായേല്‍ പ്രദേശത്തെ വിജനമായ സ്ഥലങ്ങളിലാണ് പതിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഇസ്രയേലിലേക്കുള്ള റോക്കറ്റ് ആക്രമണങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുന്ന ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തിയാണെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം വിമര്‍ശിച്ചു. ഇത്തരം നീക്കങ്ങള്‍ ലെബനന് മേല്‍ ആക്രമണം തുടരാന്‍ ഇസ്രായേലിന് കാരണമാകുമെന്ന് അദ്ദേഹം എക്സിലൂടെ മുന്നറിയിപ്പ് നല്‍കി.

രണ്ട് ദിവസം മുമ്പ് തുടങ്ങിയ യുദ്ധത്തില്‍ ആദ്യമായാണ് ഹിസ്ബുല്ല ആക്രമണം നടത്തുന്നത്. ഖമേനിയെ വധിച്ചതിന് തിരിച്ചടി തുടരുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. വടക്കന്‍ ഇസ്രായേലിലെ ഹൈഫയ്ക്ക് അടുത്തുള്ള സൈനിക താവളത്തിന് നേരെ റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയുള്ള ആക്രമണങ്ങള്‍ നടന്നത്. ലബനാനിലെ ജനങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ അധിനിവേശത്തിനും കൊലപാതകങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്- ഹിസ്ബുല്ല വ്യക്തമാക്കി. തങ്ങളുടെ അധിനിവേശം അവസാനിപ്പിച്ച് പിന്മാറാന്‍ ഇസ്രായേല്‍ തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഹിസ്ബുല്ലയുടെ ആക്രമണത്തിന് ഉടന്‍ തന്നെ ഇസ്രായേല്‍ തിരിച്ചടിച്ചു. ലബനാനിലെ പ്രാദേശിക മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു. ലബനാനിന്റെ തെക്ക് ബികാ താഴ്വരയിലാണ് ഇസ്രായേല്‍ ബോംബിട്ടത്. ഹിസ്ബുല്ലക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും അവരുടെ നേതാക്കളെ തന്നെയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും ഇസ്രായേല്‍ അറിയിച്ചു.