കാബൂള്‍: തെക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിരവധി പേരാണ് ഇപ്പോഴും മണ്ണിടിയില്‍ കുടുങ്ങിക്കിടക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് പരുക്കേറ്റു. റിക്ടര്‍ സ്‌കെയില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം രാത്രി 11.47 നാണ് ഭൂകമ്പം ഉണ്ടായത്.

ഭൂചനലത്തിനു പിന്നാലെ 13 തുടര്‍ചലനങ്ങളും ഉണ്ടായി. നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദില്‍ നിന്ന് 27 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കുനാര്‍ പ്രവിശ്യയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നൂര്‍ ഗുല്‍, സോക്കി, വാട്പൂര്‍, മനോഗി, ചപദാരെ എന്നീ ജില്ലകളാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതെന്ന് കുനാര്‍ ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു.

നൂറുകണക്കിന് വീടുകള്‍ നിലംപൊത്തുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. സാവ്കായ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ 20 പേര്‍ മരിച്ചതായും 35 പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുനാര്‍ പ്രവിശ്യയുടെ 90 ശതമാനവും പര്‍വതപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള റോഡ് ഗതാഗതവും തടസപ്പെടുത്തിയിട്ടിരിക്കുകയാണ്. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. തലസ്ഥാനമായ കാബൂള്‍ മുതല്‍ 370 കിലോമീറ്റര്‍ അകലെയുള്ള പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് വരെ സെക്കന്‍ഡുകളോളം ഭൂകമ്പത്തില്‍ കുലുങ്ങി എന്നാണ് റിപ്പോര്‍ട്ട്.

നേരത്തേയും അഫ്ഗാനില്‍ വന്‍ തോതിലുള്ള ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2023 ഒക്ടോബറില്‍ ഉണ്ടായ ഭൂകമ്പത്തില്‍ നാലായിരത്തോളം പേരാണ് മരിച്ചത്. റിക്ടര്‍ സ്‌ക്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അന്നുണ്ടായത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാന് വലിയ തോതില്‍ ദുരിതാശ്വാസ സഹായങ്ങള്‍ അന്ന് നല്‍കിയിരുന്നു.