കൊയ്‌റോ: യുദ്ധാനന്തര ഗാസയുടെ പുനര്‍നിര്‍മാണത്തിനു 5300 കോടി ഡോളറിന്റെ പദ്ധതിയുമായി ഈജിപ്ത് രംഗത്ത്. 5 വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനും പലസ്തീന്‍കാരെ കുടിയൊഴിപ്പിക്കുന്നത് ഒഴിവാക്കാനും അറബ് നേതാക്കള്‍ പിന്തുണയ്ക്കണമെന്ന് ഈജിപ്ത് അറബ് ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. പലസ്തീന്‍കാരെ ഒഴിപ്പിച്ചു ഗാസയെ ഏറ്റെടുത്തു ഉല്ലാസകേന്ദ്രമാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതിക്കു ബദലായാണിത് ഈ പദ്ധതി ഈജിപ്ത് കൊണ്ടുവന്നത്.

യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയില്‍ 2 ലക്ഷം വീടുകളെങ്കിലും നിര്‍മിക്കേണ്ടിവരും. ഇന്നലെ കയ്‌റോയില്‍ നടന്ന അറബ് ഉച്ചകോടിയുടെ അന്തിമ പ്രമേയത്തില്‍ പദ്ധതിനിര്‍ദേശം ഉള്‍പ്പെടുത്തുമെന്നാണു സൂചന. ഗാസയുടെ കാര്യങ്ങള്‍ക്കായി ഒരു ഭരണനിര്‍വഹണ സമിതി ഉണ്ടാക്കണമെന്ന ആഹ്വാനവും അറബ് ഉച്ചകോടി നടത്തി. ഹമാസിനെ ഒഴിവാക്കി ഗാസയുടെ ഭാവിഭരണത്തിനുള്ള ശുപാര്‍ശ അന്തിമ പ്രമേയത്തില്‍ പരാമര്‍ശിക്കുന്നില്ലെന്നാണു സൂചന.

ഗാസ സ്വന്തമാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് ഈജിപ്ത് തയാറാക്കിയ ബദല്‍പദ്ധതിയുടെ കരടില്‍ ഹമാസിന് ഇടമില്ലെന്നതും ശ്രദ്ധേയമാണ്. നിലവിലെ ഭരണകര്‍ത്താക്കളായ ഹമാസിനുപകരം അറബ്, പാശ്ചാത്യ രാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ഇടക്കാല ഭരണസംവിധാനം ഗാസയില്‍ കൊണ്ടുവരുമെന്ന് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സിനു ലഭിച്ച കരട് രേഖ പറയുന്നു. രാജ്യാന്തര സേന സുരക്ഷ ഒരുക്കും.

സൗദി അറേബ്യ, യുഎഇ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഏതാനും ആഴ്ചകളായി ബദല്‍പദ്ധതിയുടെ ചര്‍ച്ചയിലായിരുന്നു. യുദ്ധം അവസാനിച്ചതിനുശേഷമാണോ മുന്‍പേയാണോ ഭരണമാറ്റം നടപ്പിലാക്കുകയെന്നു രേഖയില്‍ വ്യക്തമല്ല. പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ഈജിപ്ത് പദ്ധതിയെ സ്വാഗതം ചെയ്തു. ഗാസയുടെ പുനര്‍നിര്‍മാണത്തിനുള്ള അറബ് രാജ്യങ്ങളുടെ ശ്രമത്തിന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് പിന്തുണ അറിയിച്ചു.

പലസ്തീന്‍കാരെ ഒഴിപ്പിച്ചശേഷം ഗാസ ഏറ്റെടുത്ത് ഉല്ലാസകേന്ദ്രമാക്കി മാറ്റുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഒഴിപ്പിക്കുന്ന പലസ്തീന്‍കാരെ ജോര്‍ദാനും ഈജിപ്തും ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അറബ് രാജ്യങ്ങള്‍ക്കു യോജിപ്പില്ലാത്ത സാഹചര്യത്തിലാണ് ബദല്‍ ആലോചിച്ചത്. എന്നാല്‍ ഗാസ പുനര്‍നിര്‍മാണത്തിന്റെ ചെലവ് ആരു വഹിക്കുമെന്ന് ഈജിപ്ത് പറയുന്നില്ല.

ഹമാസിനെ മാറ്റിനിര്‍ത്തി ഗാസയുടെ ഭരണനിര്‍വഹണം എങ്ങനെ സാധ്യമാകുമെന്നും വ്യക്തമല്ല. ഈജിപ്തിന്റെ പദ്ധതിക്ക് മറ്റ് അറബ് രാജ്യങ്ങളുടെ പിന്തുണയുണ്ടോയെന്നതും രേഖയില്‍ പറയുന്നില്ല. നിലവിലെ ഭരണകര്‍ത്താക്കളായ ഹമാസിനുപകരം അറബ്, പാശ്ചാത്യ രാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ഇടക്കാല ഭരണ സംവിധാനം ഗസ്സയില്‍ കൊണ്ടുവരുമെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനു ലഭിച്ച കരട് രേഖയില്‍ വ്യക്തമാക്കുന്നു.

അതേസമയം, അവശേഷിക്കുന്ന 59 ബന്ദികളെ വിട്ടയയ്ക്കാന്‍ ഹമാസ് തയാറാകുമെങ്കില്‍ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടത്തിലേക്കു പോകാമെന്ന് ഇസ്രയേല്‍ പറഞ്ഞു. ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം ഇസ്രയേല്‍ തടഞ്ഞതോടെ ഭക്ഷ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും ഉണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നു. റമസാന്‍ കാലമായതിനാല്‍ വിലക്കയറ്റം തടയാന്‍ മാര്‍ക്കറ്റുകളില്‍ ഹമാസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്.