- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തികമായും ആള്ബലമില്ലാതെയും തളര്‍ന്ന ഹമാസ് ഒടുവില്‍ കീഴടങ്ങുന്നു; അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് സമ്മതം അറിയിച്ചു; പത്ത് ഇസ്രായേല്‍ ബന്ദികളെ ഉടന്‍ മോചിപ്പിക്കാമെന്നും 70 ദിവസത്തെ വെടിനിര്‍ത്തലും അംഗീകരിക്കാമെന്ന് ഹമാസ്; നേതൃത്വം ഇല്ലാതായതോടെ ഹമാസിന് മനംമാറ്റം
സാമ്പത്തികമായും ആള്ബലമില്ലാതെയും തളര്‍ന്ന ഹമാസ് ഒടുവില്‍ കീഴടങ്ങുന്നു
ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം ശക്തമായതോടെ ആകെ തളര്‍ന്ന ഹമാസ് കീഴടങ്ങലിന്റെ വഴിയേ. ഇസ്രായേലുമായി വെടിനിര്‍ത്തലിന് സമ്മതമാണെന്ന് അമേരിക്കയെ അറിയിച്ചു. അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാറിനാണ് ഹമാസ് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പത്ത് ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കാമെന്നും 70 ദിവസത്തെ വെടിനിര്‍ത്തലിനും സമ്മതമാണെന്നാണ് ഹമാസ് അമേരിക്കന്‍ അധികൃതരെ അറിയിച്ചിരിക്കുന്ന കാര്യം.
70 ദിവസത്തെ വെടിനിര്‍ത്തലിന് പകരമായാണ് ഹമാസ് തടവിലാക്കിയ പത്ത് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാമെന്ന് അറിയിച്ചരിക്കുന്നത്. ഇപ്പോഴത്തെ നിര്‍ദേശം ഗാസയില്‍ സമാധാനം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ഇസ്രായേല്‍ നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിക്കുമോ എന്നാണ അറിയേണ്ടത്. ഹമാസിനെതിരെ ശക്തമായ നടപടികളിലേക്ക് ഇസ്രായേല്‍ കടന്നതോടെ ഗാസയില്‍ വലിയ മാനുഷിക പ്രതിസന്ധി ഉടലെടുത്തിരുന്നു. മാര്‍ച്ചില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ തകര്‍ന്നതിനുശേഷം ഇസ്രായേല്‍ ആക്രമണവും ഉപരോധവും വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ വീണ്ടും വെടിനിര്‍ത്തല്‍ നീക്കം.
ഗാസയില്‍ ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍യ തിങ്കളാഴ്ച നടത്തിയ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ 52 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു യുദ്ധത്തില്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അഭയം നല്‍കിയിരുന്ന ഗാസയിലെ ദരാജിലുള്ള സ്‌കൂളിനെ ലക്ഷ്യം വച്ചുള്ള ആക്രമണത്തില്‍ മാത്രം 36 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണ്.
എന്നാല്‍ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് സ്‌കൂള്‍ ആക്രമിച്ചതെന്നും ഇവിടെ ഹമാസ് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതായും ഇസ്രയേല്‍ സേന അവകാശപ്പെട്ടു. കനത്ത ആക്രമണത്തിന് പിന്നാലെ ഗാസയുടെ 77 ശതമാനത്തിന്റെയും നിയന്ത്രണം ഇസ്രയേല്‍ സൈന്യം ഏറ്റെടുത്തതായി ഗാസയിലെ മാധ്യമ വിഭാഗം അറിയിച്ചിരുന്നു. അതേസമയം ദീര്‍ഘനാളായി നിര്‍ത്തിവെച്ച ഭക്ഷണവും മരുന്നും അടക്കമുള്ള സഹായം കഴിഞ്ഞാഴ്ച മുതലാണ് ഇസ്രയേല്‍ ഗാസയിലേക്ക് അനുവദിച്ചത്.
ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ ഹമാസ് വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി അല്‍-ഷര്‍ഖ് അല്‍-ഔസത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ശമ്പളം നല്‍കാന്‍ ഹമാസിന് സാധിക്കുന്നില്ലെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. നാല് മാസത്തേക്ക് 900 ഷെക്കല്‍ (ഏകദേശം 240 യുഎസ് ഡോളര്‍) മാത്രമാണ് ശമ്പളമായി നല്‍കാന്‍ ഹമാസിന് സാധിച്ചിട്ടുള്ളൂ. ഇത് ഹമാസ് പ്രവര്‍ത്തകര്‍ക്കിടയില്‍ രോഷത്തിന് കാരണമായതായും റിപ്പോര്‍ട്ട് പറയുന്നു. ഇസ്രയേല്‍ പ്രതിരോധ സേനയുടെ കനത്ത ആക്രമണത്തില്‍ മുന്‍നിര നേതൃത്വത്തെ നഷ്ടമാകുന്നതിനിടയിലാണ് ഹമാസിനെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വലയ്ക്കുന്നത്.
രണ്ടുവര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തില്‍ ഹമാസിന്റെ മുന്‍നിര നേതാക്കളെ പലരേയും ഇസ്രയേല്‍ വധിച്ചിരുന്നു. ഇതിനിടെ യുദ്ധം തുടരുന്നത് അവരുടെ സാമ്പത്തിക സ്രോതസ്സിനെയും ബാധിച്ചു. ഹമാസിന്റെ നേതൃനിരയിലുള്ളവരെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ നീങ്ങുന്നത്. ഹമാസിന്റെ പ്രവര്‍ത്തനങ്ങളെയും അത് ബാധിക്കുന്നുണ്ട്. യുദ്ധത്തിലെ ഏകോപനത്തെയും നേതൃത്വത്തിലെ അഭാവം ബാധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിന് ശേഷം മാര്‍ച്ച് മുതലാണ് ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചത്. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുകയോ നിരായുധീകരിക്കപ്പെടുകയോ ചെയ്യുന്നതുവരെയും ശേഷിക്കുന്ന 58 ബന്ദികളെ മോചിപ്പിക്കുന്നത് വരെയും യുദ്ധം തുടരുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.
അതേസമയം ഗാസയില്‍ മാനുഷിക സഹായം എത്തിച്ചില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുമെന്നാണ് വിവരം. അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ ഗാസയിലെ ആക്രമണങ്ങള്‍ ഇസ്രയേല്‍ ശക്തമാക്കുകയാണ്. ശനിയാഴ്ച ഖാന്‍ യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ ഒമ്പത് കുട്ടികളാണ് കൊല്ലപ്പെട്ടത്.
അതേസമയം യുഎന്നിന്റെ ഭക്ഷണമുള്‍പ്പെടെയുള്ള സഹായവുമായെത്തുന്ന ട്രക്കുകള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഇസ്രയേല്‍ നടത്തുന്നത്. ഗാസയിലെ ജനങ്ങളുടെ എണ്ണം വെച്ചുനോക്കുമ്പോള്‍ കടത്തിവിടുന്ന ട്രക്കുകളുടെ എണ്ണം തുലോം കുറവാണ്. ഗാസയിലേക്കുള്ള യുഎഇ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള സ്ഥലത്തുവെച്ചാണ് സംഭവം. യുഎഇയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗാസയില്‍ പ്രവേശിച്ച 24 ട്രക്കുകളില്‍ ഒന്നുമാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ഗാസയിലേക്ക് സഹായമെത്തിക്കാന്‍ 'ഓപ്പറേഷന്‍ ഗാലന്റ് നൈറ്റ് 3' എന്ന പേരില്‍ യുഎഇയുടെ സഹായദൗത്യം തുടരുന്നുണ്ട്.