- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഇസ്രായേല്‍ ബോംബിട്ടപ്പോള്‍ ഗാസയില്‍ കൊല്ലപ്പെട്ടത് നാനൂറിലേറെപ്പേര്‍; മുഴുവന്‍ തടവുകാരെയും കൊല്ലുമെന്ന് ഭീഷണി മുഴക്കി ഹമാസ്; എങ്കില്‍ ആരും ബാക്കിയാവുണ്ടാവില്ലെന്ന് ട്രംപ്; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും കത്തി പശ്ചിമേഷ്യ
ഗാസ സിറ്റി: വെടിനിര്‍ത്തലിന് ശേഷം വീണ്ടും ഗാസ കലങ്ങുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി തങ്ങളുടെ കൈവശമുള്ള മുഴുവന്‍ ബന്ദികളേയും കൊല്ലുമെന്ന ഭീഷണി മുഴക്കി ഹമാസ് ഭീകരര്‍. ജനുവരി 19-ന് ആരംഭിച്ച 42 ദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിച്ചതിനുപിന്നാലെ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയുമായി ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 413 പേര്‍ മരിച്ചിരുന്നു. അറുനൂറോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിലേറെയും കുട്ടികളാണെന്ന് ഫലസ്തീന്‍ ആരോഗ്യവിഭാഗം അറിയിച്ചു. ഗാസയുടെ വടക്കും തെക്കുമുള്ള വീടുകളും കൂടാരങ്ങളുമുള്‍പ്പെടെയുള്ളവയെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം.
അതിര്‍ത്തിയില്‍ തമ്പടിച്ച ടാങ്കുകളില്‍നിന്ന് ഷെല്ലാക്രമണവുമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങള്‍ തുടക്കം മാത്രമാണെന്നും എല്ലാ വെടിനിര്‍ത്തല്‍ ചര്‍ച്ചകളും ഇതിനിടയില്‍ നടക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ നശിപ്പിക്കുക, തീവ്രവാദികള്‍ തടവിലാക്കിയ എല്ലാ ബന്ദികളെ മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു വരെ ഇസ്രായേല്‍ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും ഇസ്രയേല്‍ ദേശീയ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നതിന് സൈനിക സമ്മര്‍ദ്ദം അനിവാര്യമാണെന്ന് മുന്‍കാലസംഭവങ്ങള്‍ തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരിയിലെ വെടിനിര്‍ത്തലിന് ശേഷമുള്ള രൂക്ഷമായ ആക്രമണം
ജനുവരി 19-ന് വെടിനിര്‍ത്തല്‍ നിലവില്‍വന്നശേഷം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായത്. മൂന്നുഘട്ടമായി നടപ്പാക്കാന്‍ ധാരണയായ വെടിനിര്‍ത്തലിന്റെ ലംഘനമാണ് ആക്രമണമെന്ന് ഹമാസ് ആരോപിച്ചു. ഗാസയില്‍ ശാശ്വതസമാധാനം കൊണ്ടുവരാനുള്ള മധ്യസ്ഥരുടെ ശ്രമങ്ങളെ തകിടംമറിക്കുകയാണെന്ന് ഇസ്രയേലെന്നും അവര്‍ ആരോപിച്ചു. അമേരിക്കയുമായി പൂര്‍ണമായി സഹകരിച്ചാണ് ആക്രമണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിന്റെ വക്താവ് ഡേവിഡ് മെന്‍സെര്‍ പറഞ്ഞു. ഇസ്രയേലിനു നല്‍കുന്ന പിന്തുണയ്ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദിപറയുന്നതായും അദ്ദേഹം അറിയിച്ചു.
ഹമാസ് പ്രധാനമന്ത്രി കൊല്ലപ്പെട്ടു, ചികിത്സാ സൗകര്യങ്ങളില്ല മരിച്ചതില്‍ നിരവധി കുട്ടികളും
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് സര്‍ക്കാരിലെ പ്രധാനമന്ത്രിയായ ഇസാം അല്‍ ദാലിസും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ബോംബാക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ മതിയായ യാതൊരു സംവിധാനവും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ അവരില്‍ പലരുടേയും നില അതീവ ഗുരുതരമാണെന്നും വെളിപ്പെടുത്തി. അതേ സമയം ഇസ്രയേലിന്റെ കരസേനയും ഗാസയിലെ സൈനിക നടപടികള്‍ക്കായി എത്തുമെന്നാണ് സൂചന. സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളോടും പൂര്‍ണ സജ്ജരായിരിക്കാന്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയവരില്‍ ഇനി 59 പേര്‍ മാത്രമാണ് ജീവിച്ചിരിപ്പുള്ളതെന്നാണ് പറയപ്പെടുന്നത്. അതേ സമയം ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിച്ച രാജ്യങ്ങള്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഇസ്രയേലിലെ കൂട്ടക്കുരുതിക്ക് പച്ചക്കൊടി കാട്ടിയത് അമേരിക്കയാണെന്നും ഇത്രയും പേര്‍ കൊല്ലപ്പട്ടതിന് അമേരിക്കയും ഉത്തരവാദി ആണെന്നും ഹമാസ് കുറ്റപ്പെടുത്തി. ഇനിയും ഇത്തരത്തിലുള്ള ആക്രമണം തുടര്‍ന്നാല്‍ ഒറ്റ ബന്ദികളേയും ജീവനോടെ വെച്ചേക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസ് ഇതു വരെ സങ്കല്‍പ്പിക്കാത്ത തരത്തിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്നും നെതന്യാഹു താക്കിത് നല്‍കിയിരുന്നു.
മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ ഹമാസാനെ നരകം കാണിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയിലേക്ക് ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രയേല്‍ അമേരിക്കയെ ഇക്കാര്യം ധരിപ്പിച്ചിരുന്നു. മധ്യസ്ഥന്‍മാരും പശ്ചിമേഷ്യയുടെ ചുമതലയുള്ള വൈറ്റ്ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ഹമാസ് തളളിക്കളഞ്ഞതായിട്ടാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ബന്ദികള്‍ മടങ്ങിയെത്തുന്നത് വരെ ഗാസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സും വ്യക്തമാക്കി. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയിലെ പ്രമുഖരായ പല ഹമാസ് നേതാക്കളും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.
ആക്രമണം നിര്‍ത്താന്‍ ആവശ്യവുമായി ബന്ദികളുടെ കുടുംബങ്ങള്‍
അതേ സമയം ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണം എന് ആവശ്യവുമായി ബന്ദികളുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. നെതന്യാഹുവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു. 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നാല്‍പ്പത്തെണ്ണായിരത്തോളം പേര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഗാസയുടെ വിവിധ മേഖലകളിലേക്ക് മടങ്ങിയെത്തിയ പലരും കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണം അന്വേഷിക്കാന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സ് പ്രഖ്യാപിച്ച് യു.എസ് നീതിന്യായ വകുപ്പും രംഗത്തെത്തി. ജെ.ടി.എഫ് 10-7 എന്ന പേരില്‍ രൂപം നല്‍കിയ സമിതി ഇസ്രായേലിലെ ആക്രമണത്തില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായ ഹമാസ് പോരാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ബൈഡന്‍ അധികാരത്തിലിരിക്കെ നീതിന്യായ വിഭാഗം ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിനും മറ്റു മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ കുറ്റം ചുമത്തിയിരുന്നു.
എല്ലാ ബന്ദികളെയും വിട്ടയക്കണമെന്ന് ഹമാസിന് കഴിഞ്ഞ ദിവസം ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കം. കാമ്പസുകളിലെ ഫലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ പങ്കെടുത്ത വിദേശ വിദ്യാര്‍ഥികള്‍ക്കെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. കൊളംബിയ വിദ്യാര്‍ഥി മഹ്‌മൂദ് ഖലീലിനെ അറസ്റ്റ് ചെയ്തതടക്കം നടപടികള്‍ രാജ്യത്തെ വിദേശ വിദ്യാര്‍ഥികളില്‍ ആശങ്ക പടര്‍ത്തിയിരുന്നു.