ബെയ്‌റൂട്ട്/വാഷിങ്ടണ്‍ ഡിസി: പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ കലുഷിതമാകുന്നതിനിടെ, ലെബനനിലെ ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല തലവന്‍ നയിം ഖാസിമിന്റെ അനന്തരവനും പേഴ്‌സണല്‍ സെക്രട്ടറിയുമായ അലി യൂസഫ് ഹര്‍ഷിയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ഇതിനിടെ, താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടയ്ക്കുകയും ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തുകയും ചെയ്തതോടെ, അമേരിക്ക കടുത്ത നിലപാടുമായി രംഗത്തെത്തി. കരാര്‍ പാലിച്ചില്ലെങ്കില്‍ ലോകം കണ്ടിട്ടില്ലാത്ത വിധം ശക്തമായ ആക്രമണം നടത്തുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ബുധനാഴ്ച രാത്രി ബെയ്‌റൂട്ടിലെ തല്ലെറ്റ് ഖയാത്ത് മേഖലയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അലി യൂസഫ് ഹര്‍ഷി കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ ഹസന്‍ നസറള്ള കൊല്ലപ്പെട്ടതിനുശേഷം ഹിസ്ബുല്ലയുടെ തലവനായി ചുമതലയേറ്റ നയിം ഖാസിമിനെത്തന്നെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഹര്‍ഷിയുടെ മരണവാര്‍ത്ത സംബന്ധിച്ച് ഹിസ്ബുല്ല ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷവും യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്. ഇറാനുമേല്‍ സമ്മര്‍ദം ശക്തമാക്കിയ ട്രംപ്, കരാര്‍ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുന്നത് വരെ അമേരിക്കന്‍ സൈന്യം പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ തുടരുമെന്ന് വ്യക്തമാക്കി.

തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച സന്ദേശത്തില്‍ ട്രംപ് ഇങ്ങനെ കുറിച്ചു: ''യഥാര്‍ഥ കരാര്‍ പൂര്‍ണമായും നടപ്പിലാക്കുന്നത് വരെ, ഇറാനിലും പരിസരത്തും എല്ലാ യുഎസ് കപ്പലുകളും വിമാനങ്ങളും സൈനികരും തുടരും. ഇതിനകം തകര്‍ക്കപ്പെട്ട ശത്രുവിനെ പൂര്‍ണമായും നശിപ്പിക്കാന്‍ ആവശ്യമായ ആയുധങ്ങളും മറ്റ് സജ്ജീകരണങ്ങളും സൈന്യത്തിന്റെ പക്കലുണ്ടാകും.'' ഏതെങ്കിലും കാരണവശാല്‍ കരാര്‍ പാലിക്കപ്പെട്ടില്ലെങ്കില്‍, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ശക്തമായ ആക്രമണം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്നും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കുമെന്നും നേരത്തെ തന്നെ ധാരണയായതാണെന്ന് ട്രംപ് ഓര്‍മ്മിപ്പിച്ചു. പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇറാനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ബുധനാഴ്ചയാണ് ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കുക എന്ന നിബന്ധനയില്‍ ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ആക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍ പ്രത്യാക്രമണം നിര്‍ത്താമെന്ന് ഇറാനും അന്ന് വ്യക്തമാക്കിയിരുന്നു.

ഇസ്രയേലിന്റെ നടപടികളും ഇറാന്റെ കരാര്‍ ലംഘനങ്ങളും അമേരിക്കയുടെ കടുത്ത മുന്നറിയിപ്പുകളും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് കൂടുതല്‍ ആഴം കൂട്ടുകയും വന്‍ശക്തികളുടെ നേരിട്ടുള്ള ഇടപെടലുകളിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.