- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ അടിത്തറ പാടേ തകർത്തു; ഉഭയകക്ഷികരാറുകൾ പ്രകാരം നിയന്ത്രണ രേഖയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചേ മതിയാവൂ; പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രം അതിർത്തിയിലെ സൈനിക പിന്മാറ്റം; ചൈനയ്ക്ക് ശക്തമായ സന്ദേശം നൽകി ഇന്ത്യ; ഗാൽവൻ സംഘർഷത്തിന് ശേഷം ഇതാദ്യമായി പ്രതിരോധമന്ത്രിമാരുടെ കൂടിക്കാഴ്ച
ന്യൂഡൽഹി: ഗാൽവൻ സംഘർഷത്തിന് ശേഷം ഇതാദ്യമായി ഇന്ത്യയുടെയും, ചൈനയുടെയും പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. അതിർത്തിയിൽ സമാധാനവും ശാന്തിയും കൈവരിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യമാണ് ഇന്ത്യ ചർച്ചയിൽ ഊന്നി പറഞ്ഞത്. നിലവിലുള്ള കരാറുകളുടെ ലംഘനത്തോടെ, ഉഭയകക്ഷി ബന്ധത്തിന്റെ അടിത്തറ തന്നെ ചോർന്നുപോയിരിക്കുന്നു എന്ന ശക്തമായ സന്ദേശവും പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്ഫുവിനെ അറിയിച്ചു.
ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയുടെ ഭാഗമായാണ് ചൈനീസ് പ്രതിരോധ മന്ത്രി ഡൽഹിയിലെത്തിയത്. നിലവിലുള്ള ഉഭയകക്ഷികരാറുകളും ധാരണകളും പ്രകാരം നിയന്ത്രണ രേഖയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. അതിർത്തിയിലെ സംഘർഷം കുറയുന്നതിനെ ആശ്രയിച്ച് മാത്രമായിരിക്കും സൈനികരെ അവിടെ നിന്നും പിൻവലിക്കുക എന്നും അദ്ദേഹം അർഥശങ്കയില്ലാതെ വ്യക്തമാക്കി.
ഇതിന് മുമ്പ് ഇരുപക്ഷവും സൈനിക കമാൻഡർ തലത്തിൽ 18 വട്ടം ചർച്ച നടത്തിയിരുന്നു. ലഡാക്കിലെ ഹോട്ട്‌സ്പ്രിങ്‌സ്, ഗാൽവൻ, പാങ്‌ഗോങ് തടാകത്തിന്റെ വടക്കൻ തീരം എന്നീ ചില മേഖലകളിൽ നിന്ന് ഇരുപക്ഷവും സൈനികരെ പിൻവലിക്കുകയും ചെയ്തു. എന്നാൽ, തന്ത്രപ്രധാനമായ ഡെംചോക്, ഡെപ്‌സാങ് എന്നിങ്ങനെ ചൈന വ്യാപകമായി കയ്യേറിയിരിക്കുന്ന മേഖലയിൽ നിന്ന് സൈനിക പിന്മാറ്റം ഉണ്ടായിട്ടില്ല.
ഈ ആഴ്ച ആദ്യം നടന്ന യോഗത്തിൽ പ്രസക്തമായ വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കാനും അതിർത്തിയിൽ സമാധാനം കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. ലഡാക്കിലെ തുടർച്ചയായി ചൈനീസ് അധിനിവേശമാണ് ഇരുപക്ഷവും തമ്മിലുള്ള ബന്ധം വഷളാക്കിയത്. 2020 ൽ ഗാൽവൻ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. അതിന്റെ തുടർച്ചയായി അരുണാചലിലും, ലഡാക്കിലും ചൈന വിവിധ മേഖലകൾ കൈയേറി റോഡുകളും, വ്യോമതാവളങ്ങളും അടക്കം നിർമ്മിച്ചുപോരുകയാണ്. ഇതോടെ അതിർത്തിയിൽ ഇന്ത്യയും നിതാന്ത ജാഗ്രത പുലർത്തി വരുന്നു.
മറുനാടന് മലയാളി ബ്യൂറോ