ന്യൂഡല്‍ഹി: ഇന്ത്യക്ക് മേല്‍ ഇരട്ടത്തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കയുടെ നടപടിയോടെ ഉലഞ്ഞ ബന്ധം പ്രധാനമന്ത്രി മോദിയുട പിറന്നാള്‍ നയതന്ത്രത്തില്‍ മെച്ചപ്പെട്ടിരിക്കയാണ്. മോദിക്ക് ആശംസകള്‍ നേര്‍ന്ന് ഡൊണാള്‍ഡ് ട്രംപ് രംഗത്തു വന്നതും വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘം ഇന്ത്യയില്‍ എത്തിയതുമെല്ലാം പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

ഇതിനിടെ വ്യാപാര കരാറിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ സംഘത്തെ ക്ഷണിച്ച് അമേരിക്കയും അനൂകൂല നിലപാട് എടുത്തു. കാര്‍ഷിക ഉത്പന്നങ്ങളിലടക്കം ചര്‍ച്ചയോട് എതിര്‍പ്പില്ലെന്ന നിലപാട് ഇന്ത്യ അറിയിച്ചതായാണ് സൂചന. തീരുവ ചുമത്തിയുള്ള ഭീഷണിക്കൊടുവില്‍ നരേന്ദ്ര മോദിയെ ഡോണള്‍ഡ് ട്രംപ് വിളിച്ചത് അമേരിക്ക നിലപാട് മാറ്റുന്നു എന്ന സൂചനയായാണ് ഇന്ത്യ കാണുന്നത്. ഇന്ത്യ - അമേരിക്ക ചര്‍ച്ചയില്‍ വ്യപാര കരാറിനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് ധാരണയിലെത്തിയത്.

ജനിതകമാറ്റം വരുത്തിയ ചോളം ഇന്ത്യ വാങ്ങണം എന്ന ആവശ്യം യു എസ് ആവര്‍ത്തിച്ചു. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാം എന്നാണ് ഇന്ത്യ മറുപടി നല്‍കിയത്. മെ ഫ്രണ്ട് എന്ന വിശേഷണത്തില്‍ നരേന്ദ്ര എന്നാണ് ടെലിഫോണ്‍ സംഭാഷണത്തിന് ശേഷം നരേന്ദ്ര മോദിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി എന്ന നിലയ്ക്ക് മോദി ഗംഭീരകാര്യങ്ങള്‍ ചെയ്യുന്നു എന്നും ട്രംപ് കുറിച്ചിരുന്നു. ഇന്ത്യ - അമേരിക്ക തന്ത്രപ്രധാന ബന്ധം മുന്നോട്ടു കൊണ്ടു പോകും എന്നാണ് മോദി അറിയിച്ചത്.

യുക്രൈന്‍ സംഘര്‍ഷത്തില്‍ ട്രംപിന്റെ നിലപാടിനെ മോദി പരസ്യമായി പിന്താങ്ങിയതും ശ്രദ്ധേയമായി. എന്നാല്‍ വ്യാപാര കരാര്‍, താരിഫ് എന്നീ വിഷയങ്ങളില്‍ രണ്ടു നേതാക്കളുടെയും കുറിപ്പ് മൗനം പാലിക്കുന്നു. ഇന്നലെ നടന്ന ഇന്ത്യ - അമേരിക്ക ചര്‍ച്ചയില്‍ വ്യപാര കരാറിനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് ധാരണയിലെത്തിയത്. കാര്‍ഷിക ഉത്പന്നങ്ങളില്‍ ഇന്ത്യ നിലപാട് മാറ്റിയിട്ടില്ല എന്നാണ് സൂചന. ജനിതകമാറ്റം വരുത്തിയ ചോളം ഇന്ത്യ വാങ്ങണം എന്ന ആവശ്യം യു എസ് ആവര്‍ത്തിച്ചു. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാം എന്നാണ് ഇന്ത്യ മറുപടി നല്‍കിയത്.

അഡീഷണല്‍ സെക്രട്ടറി രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ മധ്യസ്ഥ സംഘത്തെ അമേരിക്കന്‍ വാണിജ്യ പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച് യു എസിലേക്ക് ക്ഷണിച്ചു. അടുത്ത റൗണ്ട് സംഭാഷണത്തിനുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതും ഇന്ത്യ അമേരിക്ക കരാറും കൂട്ടിക്കുഴയക്കരുത് എന്നാണ് ഇന്ത്യ ഇന്നലെ നിര്‍ദ്ദേശിച്ചത്. എന്നാല്‍ എണ്ണ വാങ്ങുന്നതിനുള്ള ഇരട്ട തീരുവ പിന്‍വലിക്കുമോ എന്നതില്‍ വ്യക്തതതയില്ല. കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയ്ക്ക് കീഴടങ്ങുന്നതിന് എതിരെ പ്രതിഷേധം തുടങ്ങാന്‍ സി പി എം തീരുമാനിച്ചിരുന്നു. എന്തായാലും പ്രധാനമന്ത്രി മോദിക്കും പ്രസിഡന്റ് ട്രംപിനും ഇടയില്‍ തന്നെ സംഭാഷണം നടന്നത് കയറ്റുമതി മേഖലയ്ക്ക് ആശ്വാസമാകുകയാണ്.

അതേസമയം തുടര്‍ച്ചയായി മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം പ്രകടമായി. വ്യാപാരം തുടങ്ങി ഉടന്‍ തന്നെ സെന്‍സെക്‌സ് 400 പോയിന്റില്‍ അധികവും നിഫ്ടി 100 പോയിന്റിന് മുകളിലേക്ക് കുതിച്ചു കയറി. ഇതേ കുതിപ്പ് ഇന്ന് മൊത്തം തുടര്‍ന്നു. പ്രതിരോധ ഓഹരികളിലാണ് ഏറ്റവും അധികം മുന്നേറ്റം. ഐ ടി മീഡിയ സെക്ടറുകളിലും കുതിപ്പുണ്ടായി. ബി എസ് ഇ സ്‌മോള്‍ ക്യാപ് മിഡ് ക്യാപ്പ് സൂചികകള്‍ ദശാംശം 5% വരെ ഉയര്‍ന്നു.

ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ സുഹൃത്തുക്കളായതിനാല്‍ ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം മികച്ച രീതിയില്‍ തുടരുന്നെന്നും എല്ലാ സാഹചര്യങ്ങളും തൃപ്തികരമായി പരിഹരിക്കപ്പെടുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയും അമേരിക്കയും ചര്‍ച്ചകള്‍ നടത്തിവരുകയാണ്. കഴിഞ്ഞ ദിവസം യു.എസ് പ്രതിനിധി ചര്‍ച്ചകള്‍ക്കായി ഇന്ത്യയില്‍ ഉണ്ടായിരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ഇന്ത്യയും യു.എസും സൗഹൃദ രാജ്യങ്ങളാണ്; നേതാക്കള്‍ സുഹൃത്തുക്കളാണ്. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും -ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന ഗോയല്‍, അദ്ദേഹം ആരംഭിച്ച സംരംഭങ്ങളും മഹാത്മാഗാന്ധിയുടെ പാരമ്പര്യവും തമ്മിലുള്ള സമാനതകള്‍ വരച്ചുകാട്ടി. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കായി കേന്ദ്രം ആരംഭിച്ച ക്ഷേമ സംരംഭങ്ങളെ അദ്ദേഹം ഉദ്ധരിച്ചു. മഹാത്മാഗാന്ധിയുടെ ശുചിത്വത്തിനായുള്ള ആഹ്വാനം ആളുകള്‍ മറന്നിരുന്നു; പക്ഷേ പ്രധാനമന്ത്രി മോദി അത് പുനരുജ്ജീവിപ്പിച്ചു. ഗാന്ധിജി 'സ്വദേശി'ക്ക് ആഹ്വാനം നല്‍കി, മോദി അത് ജനങ്ങളുമായി ബന്ധിപ്പിച്ചു -ഗോയല്‍ പറഞ്ഞു.