- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ മൂന്ന് മണിക്കൂര്‍ മാത്രം നീണ്ട സന്ദര്‍ശനം ലോകത്തെ അത്ഭുതപ്പെടുത്തി; ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പിട്ടത് നിര്‍ണായക കരാറുകളില്‍; ഇന്ത്യയില്‍ സൂപ്പര്‍ കമ്പ്യൂട്ടിങ് ക്ലസ്റ്റര്‍ സ്ഥാപിക്കും; 2032ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 20,000 കോടി യു.എസ് ഡോളറാക്കി വര്‍ധിപ്പിക്കാനും ധാരണ; സിവില്‍ - ആണവ സഹകരണവും പ്രതിരോധ സഹകരണവും നിര്‍ണായകം
ആ മൂന്ന് മണിക്കൂര്‍ മാത്രം നീണ്ട സന്ദര്‍ശനം ലോകത്തെ അത്ഭുതപ്പെടുത്തി

ന്യൂഡല്‍ഹി: വെറും നാല് മണിക്കൂര്‍ മാത്രം നീണ്ടു നിന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനം ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന കരാറുകള്‍ കൊണ്ട് ശ്രദ്ധ നേടി. ഇന്ത്യ-യുഎഇ തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ കരുത്തേകി കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുായി അല്‍ നഹ്യാന്‍ കൂടിക്കാഴ്ച്ച നടത്തിയത്. വെറും മൂന്ന് മണിക്കൂര്‍ മാത്രം നീണ്ടുനിന്ന സന്ദര്‍ശനമായിരുന്നിട്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന സുപ്രധാന തീരുമാനങ്ങളും കരാറുകളുമാണ് ഈ കൂടിക്കാഴ്ചയില്‍ ഉണ്ടായത്. പ്രതിരോധ മേഖലയിലെ സഹകരണം അടക്കമാണ് ഇതില്‍ നിര്‍ണായകമായത്.
ആണവോര്‍ജ്ജം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രതിരോധം, ഊര്‍ജ്ജ സുരക്ഷ തുടങ്ങിയ നിര്‍ണ്ണായക മേഖലകളിലൂന്നിയ ചര്‍ച്ചകള്‍ നടന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ ദീര്‍ഘകാല ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ യുഎഇയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്ന സുപ്രധാനമായ 10 വര്‍ഷത്തെ എല്‍എന്‍ജി വിതരണ കരാര്‍ ഈ കൂടിക്കാഴ്ചയില്‍ പ്രഖ്യാപിക്കപ്പെട്ടു.
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും അഡ്‌നോക് ഗ്യാസും തമ്മിലുള്ള ഈ കരാര്‍ പ്രകാരം 2028 മുതല്‍ പ്രതിവര്‍ഷം 0.5 ദശലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതിവാതകം ഇന്ത്യയ്ക്ക് ലഭിക്കും. സാമ്പത്തിക മേഖലയിലും വലിയ ലക്ഷ്യങ്ങളാണ് ഇരുരാജ്യങ്ങളും മുന്നോട്ടുവെക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറില്‍ എത്തിയതായും 2032-ഓടെ ഇത് 200 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.
ആദ്യമായി സിവില്‍ ആണവ സഹകരണ മേഖലയിലേക്കും ഇരുരാജ്യങ്ങളും കടക്കുകയാണ്. അത്യാധുനിക ആണവ സാങ്കേതികവിദ്യകള്‍, സ്‌മോള്‍ മോഡുലാര്‍ റിയാക്ടറുകള്‍ എന്നിവ വികസിപ്പിക്കുന്നതില്‍ സഹകരിക്കാന്‍ തീരുമാനമായി. ഇന്ത്യ നടപ്പിലാക്കിയ 'ശാന്തി' നിയമം അന്താരാഷ്ട്ര ആണവ സഹകരണത്തിന് പുതിയ വഴികള്‍ തുറന്നിരിക്കുകയാണ്. സാങ്കേതിക മേഖലയില്‍, ഇന്ത്യയില്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടിങ് ക്ലസ്റ്റര്‍ സ്ഥാപിക്കാനും 'ഡിജിറ്റല്‍ എംബസികള്‍' എന്ന പുതിയ ആശയം പരീക്ഷിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. 2026 ഫെബ്രുവരിയില്‍ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനെ ശൈഖ് മുഹമ്മദ് പിന്തുണ അറിയിച്ചു.
പ്രതിരോധ മേഖലയില്‍ ഒരു 'സ്ട്രാറ്റജിക് ഡിഫന്‍സ് പാര്‍ട്ണര്‍ഷിപ്പ്' കെട്ടിപ്പടുക്കുന്നതിനായുള്ള താല്‍പ്പര്യപത്രം ഒപ്പുവെച്ചു. ഭീകരവാദത്തെയും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നേതാക്കള്‍ ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് സഹകരിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ഗുജറാത്തിലെ ധോലേര സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് റീജിയണില്‍ വിമാനത്താവളം, തുറമുഖം, സ്മാര്‍ട്ട് സിറ്റി എന്നിവയുടെ വികസനത്തില്‍ യുഎഇ പങ്കാളിയാകും. കൂടാതെ, ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഉപഗ്രഹ നിര്‍മ്മാണത്തില്‍ സഹകരിക്കാനും ധാരണയായി. യുഎഇയിലുള്ള 4.5 ദശലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമം ചര്‍ച്ചകളില്‍ പ്രധാന വിഷയമായി. ഇതിന്റെ ഭാഗമായി അബുദാബിയില്‍ 'ഹൗസ് ഓഫ് ഇന്ത്യ' എന്ന പേരില്‍ ഒരു സാംസ്‌കാരിക പൈതൃക കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചു. 2026-ല്‍ ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കും യുഎഇ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
യു.എ.ഇ ഭരണാധികാരിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ പാലം വിമാനത്താവളത്തില്‍ നഹ്‌യാനെ വരവേറ്റു. അതിനുശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗിലേക്ക് ഒരുമിച്ച് യാത്ര ചെയ്ത ഇരുരാഷ്ട്രനേതാക്കളും അവിടെവെച്ച് നടത്തിയ ഉഭയകക്ഷി സംഭാഷണത്തിനൊടുവിലാണ് സുപ്രധാന കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചത്. ദുബൈ, അബൂദബി രാജകുടുംബാംഗങ്ങളും യു.എ.ഇ മന്ത്രിമാരും വ്യവസായ പ്രമുഖരും ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ അനുഗമിച്ചിരുന്നു.
തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്തം
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിരോധ പങ്കാളിത്തം എങ്ങനെയായിരിക്കണമെന്നതിന്റെ ചട്ടക്കൂടാണ് പ്രതിരോധ മേഖലയിലെ ധാരണപത്രം. പ്രതിരോധ വ്യവസായ സഹകരണം, പ്രതിരോധമേഖലയിലെ നവീന സാങ്കേതികവിദ്യ കൈമാറ്റം, അതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ, പരിശീലന പദ്ധതികള്‍, സൈബറിടത്തിലെയും ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിലെയും സഹകരണം അക്കം ഇതില്‍ വിഭാവനം ചെയ്യുന്നു. ഇപ്പോഴത്തെ ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ സുപ്രധാന നീക്കമാണ് ഇരുരാജ്യങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത്.
പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍:
ഇന്ത്യയില്‍ സൂപ്പര്‍ കമ്പ്യൂട്ടിങ് ക്ലസ്റ്റര്‍ സ്ഥാപിക്കും
2032ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 20,000 കോടി യു.എസ് ഡോളറാക്കി വര്‍ധിപ്പിക്കും.
സിവില്‍ ആണവ സഹകരണം പ്രോത്സാഹിപ്പിക്കും.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയില്‍ ഫസ്റ്റ് അബൂദബി ബാങ്കും ഡി.പി വേള്‍ഡും ഓഫിസുകള്‍ തുറക്കും.
ഡിജിറ്റല്‍/ ഡാറ്റ എംബസികള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ ആരായും.
അബൂദബിയില്‍ 'ഹൗസ് ഓഫ് ഇന്ത്യ' സാംസ്‌കാരിക വിനിമയത്തിനായി തുറക്കും.
ഇരുരാജ്യങ്ങളും യൂത്ത് എക്‌സ്‌ചേഞ്ച് പ്രോത്സാഹിപ്പിക്കും.


