ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന ആവശ്യത്തോട് തല്‍ക്കാലം ഇന്ത്യ പ്രതികരിച്ചേക്കില്ല. നിലവിലെ ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചല്ല ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. അതുകൊണ്ട് ഈ വിഷയത്തില്‍ തല്‍ക്കാലം പ്രതികരിക്കാതിരിക്കാനാണ് ഇന്ത്യയുടെ ശ്രമം. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹസീനയെ വിട്ടുകിട്ടുന്നതിന് വേണ്ടിയുള്ള അപേക്ഷ ബംഗ്ലാദേശ് ഹൈകമീഷന്‍ വിദേശകാര്യമന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 23ാം തീയതിയാണ് ഇത്തരമൊരു അപേക്ഷ സമര്‍പ്പിച്ചത്. ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിളളല്‍ വീണിരുന്നു. ഇതിനിടെയാണ് ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യം ബംഗ്ലാദേശ് ഉയര്‍ത്തിയത്.

നിലവില്‍ ബംഗ്ലാദേശ് നല്‍കിയിട്ടുള്ള അപേക്ഷ ഷെയ്ഖ് ഹസീനയെ വിട്ടുകൊടുക്കുന്നതിന് പര്യാപ്തമല്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ (ഐ.സി.ടി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി അറിയിച്ചത്. ഷെയ്ഖ് ഹസീനയ്ക്കും കൂടെയുണ്ടായിരുന്ന മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉപദേഷ്ടാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഐ.സി.ടി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹസീനയ്ക്കെതിരേ കൂട്ടക്കൊലയാണ് ചുമത്തിയിരിക്കുന്നത്.

ബംഗ്ലാദേശിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇടക്കാല സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി തൗഹീദ് ഹുസൈന്‍ മാധ്യമങ്ങളെ അറിയിച്ചു. ഹസീനയെ ഇന്ത്യയില്‍നിന്ന് വിട്ടുകിട്ടാന്‍ സൗകര്യമൊരുക്കാന്‍ തന്റെ ഓഫീസ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമും വ്യക്തമാക്കിയിരുന്നു.

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറല്‍ കരാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇപ്പോള്‍ ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ കരുതലോടെ മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനം.

അതേസമയം സര്‍ക്കാരോ ജുഡീഷ്യറിയോ പാര്‍ട്ടിക്കെതിരെ നിരോധനം പുറപ്പെടുവിച്ചില്ലെങ്കില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാമെന്ന് ബംഗ്ലാദേശ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എഎംഎം നസീര്‍ ഉദ്ദീന്‍ പറഞ്ഞു. തിങ്കളാഴ്ച ചിറ്റഗോംഗ് സര്‍ക്യൂട്ട് ഹൗസില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇക്കാര്യം അറിയിച്ചതെന്ന് ധാക്ക ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ബാഹ്യ സമ്മര്‍ദ്ദം നേരിടുന്നില്ലെന്നും നസീര്‍ ഉദ്ദീന്‍ ഉറപ്പുനല്‍കി. ''നീതിപരവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ തിരഞ്ഞെടുപ്പുകളിലെ വ്യാജ വോട്ടര്‍മാരുടെ പ്രശ്നവും സിഇസി അംഗീകരിക്കുകയും വോട്ടര്‍ രജിസ്ട്രേഷന്‍ കുറയുന്നതിന് കാരണം വോട്ടിംഗ് പ്രക്രിയയിലെ അവിശ്വാസമാണെന്നും ചൂണ്ടിക്കാട്ടി. ഈ ആശങ്കകള്‍ പരിഹരിക്കുന്നതിനായി വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

'അടുത്ത ആറ് മാസത്തിനകം വോട്ടര്‍ പട്ടിക പുതുക്കും. ഇത്തവണത്തെ തിരഞ്ഞെടുപ്പുകള്‍ മുന്‍ മാതൃകയിലല്ല. ആഗസ്റ്റ് 5 മുതല്‍, തിരഞ്ഞെടുപ്പ് കാര്യങ്ങളില്‍ ദേശീയ സമവായം വളര്‍ത്തുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പറഞ്ഞത്, ഏറ്റവും കുറഞ്ഞ വോട്ടിംഗ് പ്രായം 17 ആക്കാനുള്ള മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഇത് തിരഞ്ഞെടുപ്പ് പ്രക്രിയ വൈകിപ്പിക്കുമെന്നും പറഞ്ഞു.

ഓഗസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത യൂനുസ് കുറഞ്ഞ വോട്ടര്‍ പ്രായം 17 വയസ്സായി കുറയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.