- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ സഹകരണം ശക്തമാക്കുന്നു; പത്ത് വര്‍ഷത്തെ പ്രതിരോധ കരാറില്‍ ഒപ്പ് വെച്ചു; പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധത്തിനുമുള്ള നാഴികക്കല്ലെന്ന് കരാറിനെ വിശേഷിപ്പിച്ചു ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നയപരമായ ദിശാബോധമെന്ന് രാജ്‌നാഥ് സിങ്
ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ സഹകരണം ശക്തമാക്കുന്നു
ക്വാലാലംപുര്‍: ഇന്ത്യയും അമേരിക്കയും പത്ത് വര്‍ഷത്തെ പ്രതിരോധ കരാറില്‍ ഒപ്പ് വെച്ചു. മലേഷ്യയിലെ ക്വാലാലംപൂരില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ധാരണാപത്രം ഒപ്പുവച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന കരാറാണ് ഒപ്പുവച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം എക്‌സില്‍ വ്യക്തമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനം, വിവരങ്ങള്‍ പങ്കുവയ്ക്കല്‍, സഹകരണം എന്നിവ മെച്ചപ്പെടുത്തുക എന്നതാണ് കരാര്‍ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയും അമേരിക്കയും അറിയിച്ചു.
പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധത്തിനുമുള്ള നാഴികക്കല്ല് എന്നാണ് പ്രതിരോധ മന്ത്രാലയം കരാറിനെ വിശേഷിപ്പിച്ചത്. ഹെഗ്‌സെത്തുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നു' എന്ന് രാജ്‌നാഥ് സിങ് പറഞ്ഞതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. 10 വര്‍ഷത്തെ യുഎസ്-ഇന്ത്യ പ്രധാന പ്രതിരോധ പങ്കാളിത്തത്തിനായുള്ള കരാറില്‍ ഒപ്പുവച്ചതായും ഇത്് ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധത്തിന് നയപരമായ ദിശാബോധം നല്‍കും എന്നും രാജ്‌നാഥ് സിങ് എക്‌സില്‍ കുറിച്ചു.
ഇരു രാജ്യങ്ങളും തമ്മില്‍ വളര്‍ന്ന് വരുന്ന തന്ത്രപരമായ ഒത്തുചേരലിന്റെ സൂചനയാണിത്. ക്വാലലംപൂരില്‍ നടന്ന ആസിയാന്‍-ഇന്ത്യ പ്രതിരോധ മന്ത്രിമാരുടെ അനൗപചാരിക യോഗത്തോടനുബന്ധിച്ചാണ് രാജ്‌നാഥ് സിങും പീറ്റ് ഹെഗ്‌സെത്തും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഇന്ന് നടക്കാനിരിക്കുന്ന ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ മീറ്റിങ് പ്ലസിന് മുന്നോടിയായി അനൗപചാരിക യോഗവും വിളിച്ചുച്ചേര്‍ത്തിരുന്നു. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചൈനയ്ക്ക് മേലുള്ള മൊത്തം ഇറക്കുമതി തീരുവ 57 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി കുറച്ചു.
ലോകം തന്നെ ഉറ്റുനോക്കുന്ന ഒരു കൂടിക്കാഴ്ചയായിരുന്നു ഇത്. ലോകത്തെ വലിയ രണ്ട് സമ്പദ്ശക്തികള്‍ തമ്മിലുള്ള വ്യാപാര യുദ്ധത്തിനാണ് ഇതോടെ അയവ് വന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ പത്ത് വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% പ്രതികാര ചുങ്കം ഏര്‍പ്പെടുത്തിയുള്ള ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദ തന്ത്രം തുടരുന്നതിനിടയിലാണ് ധാരണയുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധ സഹകരണം പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. ഇന്ത്യക്ക് എഫ്.35 യുദ്ധവിമാനം നല്‍കുമെന്നും ട്രംപ് അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യയുമായുള്ള ഇന്ത്യയുടെ സഹകരണത്തില്‍ ട്രംപ് അതൃപ്തനായിരുന്നു. ഒപ്പം ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചത് താനാണ് എന്ന ട്രംപിന്റെ അവകാശവാദവും ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.




