- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മിസ്റ്റര്‍ പ്രൈംമിനിസ്റ്റര്‍, യൂ ആര്‍ ഗ്രേറ്റ് ': മോദിക്കൊപ്പമുളള ചിത്രം ഒപ്പിട്ട് കൊടുത്തയച്ച് ട്രംപ്; ഇരട്ട താരിഫിന്റെ പ്രഹരത്തില്‍ കരിഞ്ഞ ഇന്ത്യ-യുഎസ് ബന്ധം വീണ്ടും തളിര്‍ക്കുന്നു; മോദിയെ യുഎസ് പ്രസിഡന്റ് അടുത്ത സുഹൃത്തായി കാണുന്നുവെന്ന് നിയുക്ത യു.എസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍; തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി
ഇന്ത്യ-യുഎസ് ബന്ധം വീണ്ടും തളിര്‍ക്കുന്നു
ന്യൂഡല്‍ഹി: ട്രംപിന്റെ ഇരട്ട താരിഫില്‍ തട്ടി ഇടക്കാലത്ത് ഉലഞ്ഞ ഇന്ത്യ-യുഎസ് ബന്ധം വീണ്ടും തളിര്‍ക്കുന്നു. ഇന്ത്യയിലേക്കുള്ള നിയുക്ത യു.എസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അതൊരുമഞ്ഞുരുകല്‍ കൂടിയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നെന്ന് സ്ഥാനപതി സെര്‍ജിയോ ഗോര്‍ പ്രതികരിച്ചു. 'മിസ്റ്റര്‍ പ്രൈംമിനിസ്റ്റര്‍, യൂ ആര്‍ ഗ്രേറ്റ് 'എന്ന് ട്രംപ് എഴുതി ഒപ്പിട്ട താനും മോദിയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രമാണ് സെര്‍ജിയോ ഗോര്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തിപരമായി അടുത്ത സുഹൃത്തായി കാണുന്നുവെന്ന് സെര്‍ജിയോ ഗോര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാരം, ധാതുക്കള്‍, പ്രതിരോധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇന്ത്യയിലേക്കുള്ള പുതിയ യുഎസ് അംബാസഡറെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും, അദ്ദേഹത്തിന്റെ കാലാവധി ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും സെര്‍ജിയോ ഗോര്‍ ചര്‍ച്ച നടത്തിയിരുന്നു. അംബാസഡറുടെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ഇന്ത്യയിലേക്കുള്ള നിയുക്ത യു.എസ് സ്ഥാനപതി സെര്‍ജിയോ ഗോറിനെ സ്വീകരിക്കുന്നതില്‍ സന്തോഷം. അദ്ദേഹത്തിന്റെ കാലയളവില്‍ ഇന്ത്യയും യു.എസും തമ്മിലുള്ള സമഗ്രവും ആഗോളവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,' പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. പുതിയ യു.എസ് സ്ഥാനപതിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം പങ്കുവെച്ച പോസ്റ്റില്‍, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പമുള്ള ചിത്രം ഗോര്‍ സമ്മാനമായി നല്‍കിയതായും പരാമര്‍ശിച്ചിരുന്നു.
38-കാരനായ സെര്‍ജിയോ ഗോര്‍, മാനേജ്‌മെന്റ് ആന്‍ഡ് റിസോഴ്‌സസ് ഡെപ്യൂട്ടി സെക്രട്ടറി മൈക്കിള്‍ ജെ. റിഗാസിനൊപ്പം ആറ് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഈ പര്യടനത്തില്‍ ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇന്ത്യന്‍ കയറ്റുമതി ചരക്കുകള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തിയതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞത്.
ബന്ധം വീണ്ടും ശക്തിപ്പെടുത്തുന്നതിലുള്ള ഇരുപക്ഷത്തിന്റെയും പ്രാധാന്യമാണ് ഈ കൂടിക്കാഴ്ച അടിവരയിടുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരസ്പര ബഹുമാനവും സഹകരണം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും ഈ സന്ദര്‍ശനം പ്രതിഫലിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.