തിരിച്ചടിക്കാന്‍ ഇറാന്റെ നീക്കങ്ങള്‍; ഇന്ന് ആക്രമണം ആരംഭിക്കുമെന്ന് യുഎസിന്റെ മുന്നറിയിപ്പ്; എന്തിനും തയ്യാറാണെന്ന് നെതന്യാഹു; യുദ്ധഭീതിയില്‍ ലോകം
- Share
- Tweet
- Telegram
- LinkedIniiiii
ടെഹ്റാന്: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ടെഹ്റാനില്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇസ്രായേലിനെ ഇറാന് ആക്രമിക്കുന്നത് ഒഴിവാക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ വിജയത്തില്‍ എത്തിയില്ല. യുഎസ് ഇടപെട്ടു നടത്തിയ ശ്രമങ്ങള്‍ വിജയം കാണാതെ വന്നതോടെ യുദ്ധഭീതിയിലാണ് ലോകം. തിരിച്ചടിക്കുമെന്ന നിലപാടില്‍ ഇറാന് ഉറച്ചുനില്‍ക്കുകയാണെന്നാണ് വിവരം. ഇറാന് അതിര്‍ത്തിയിലും മറ്റും പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചു. ഇതോടെ ഇന്ന് മുതല്‍ ആക്രമണം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഇറാന്റെ ആക്രമണ ഭീഷണികള്‍ക്കിടെ തങ്ങള്‍ എന്തിനും തയ്യാറാണെന്നും കനത്ത തിരിച്ചടി നല്‍കുമെന്നുമുള്ള മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തുവന്നു. 'ഏത് സാഹചര്യത്തിനും ഞങ്ങള്‍ തയ്യാറാണ്- അത് ആക്രമണമായാലും പ്രതിരോധമായാലും', ഇസ്രയേല്‍ മന്ത്രിസഭാ യോഗത്തിന് ശേഷം നെതന്യാഹു പറഞ്ഞു. ഇസ്രയേലിന് നേരെയുള്ള ഇറാന്റെയും ഹിസ്ബുല്ലയുടെയും ആക്രമണത്തിന് തിങ്കളാഴ്ച തുടക്കമാകുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെയുടെ കൊലപാതകത്തില്‍ പ്രതികാരംചെയ്യുമെന്ന് നേരത്തെ ഇറാന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ആക്രമണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയത്. ഇതേത്തുടര്‍ന്ന് നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുകയുണ്ടായി. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദിന്റെ തലവന്മാരടക്കം പങ്കെടുത്ത യോഗത്തില്‍ പ്രത്യാക്രമണത്തിന് സജ്ജമാകാന്‍ തീരുമാനിച്ചു.
തിന്മകളുടെ കൂട്ടായ്മയ്ക്കെതിരെ ഇസ്രയേല്‍ ബഹുമുഖ യുദ്ധത്തിലാണെന്ന് പറഞ്ഞ നെതന്യാഹു, ശത്രുക്കള്‍ക്ക് കനത്ത മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 'ശത്രുക്കളോട് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു. ഞങ്ങള്‍ പ്രതികരിക്കും, ഞങ്ങള്‍ക്കെതിരായ ഏത് ആക്രമണത്തിനും, ഏത് ഭാഗത്തുനിന്നായാലും കനത്ത വില ഈടാക്കും', നെതന്യാഹു പ്രഖ്യാപിച്ചു.
ഏത് ആക്രമണത്തിനും വളരെ വേഗത്തില്‍ മറുപടി നല്കാന് തങ്ങള്‍ സര്‍വ്വ സജ്ജമാണെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. 'ഞങ്ങള്‍ കരയിലും വായുവിലും വളരെ ശക്തമായി സജ്ജരാണ്, ആക്രമണത്തിനോ പ്രതികരിക്കാനോ വേഗത്തില്‍ നീങ്ങാന്‍ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങളെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ അതിന് അവര്‍ വലിയ വിലകൊടുക്കേണ്ടി വരും', ഗാലന്റ് പറഞ്ഞു.
ലബനാനിലെ ഹിസ്ബുല്ല, യമനിലെ ഹൂതികള്‍, ഇറാഖിലെ പ്രതിരോധ സേന തുടങ്ങി ഇറാനോട് ആഭിമുഖ്യമുള്ള കക്ഷികളുമായെല്ലാം ഇറാന് അധികൃതര്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമിച്ചുള്ള ആക്രമണത്തിനാണ് കോപ്പുകൂട്ടുന്നത്. ഇസ്രായേലിനെ അമേരിക്ക സഹായിക്കുകയാണെങ്കില്‍ പശ്ചിമേഷ്യയിലെ യു.എസിന്റെ സൈനിക താവളങ്ങളെയും ആക്രമിക്കുമെന്ന് ഇറാന് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന് വ്യോമപാത അനുവദിക്കുന്ന രാജ്യങ്ങളെയും ലക്ഷ്യമിടുമെന്ന് ഇറാന് അധികൃതര്‍ വ്യക്തമാക്കി.
ഇസ്രായേലിനെയും അവരുടെ പ്രധാന സഹായിയായ അമേരിക്കയെയും പാഠം പഠിപ്പിക്കുമെന്ന് ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗിര്‍ ഗലിബഫ് ഞായറാഴ്ച പറഞ്ഞു. ഇറാന് റഷ്യയില്‍നിന്ന് വന്‍തോതില്‍ ആയുധമെത്തിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രായേലും പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുകയും മന്ത്രിമാര്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കുകയും ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇറാനെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് കൂടുതല്‍ സൈനിക സഹായം വാഗ്ദാനം ചെയ്തു. മേഖലയിലേക്ക് വിമാന വാഹിനിക്കപ്പലും മിസൈല്‍ പ്രതിരോധ ആയുധങ്ങളും അയക്കാന്‍ പെന്റഗണ്‍ തീരുമാനിച്ചിട്ടുണ്ട്. ഇറാന്, ലബനാന് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് മടങ്ങാന്‍ വിവിധ രാജ്യങ്ങള്‍ പൗരന്മാരോട് ആവശ്യപ്പെട്ടു. ലബനാനിലേക്കും ഇസ്രായേലിലേക്കുമുള്ള വിമാന സര്‍വിസുകളും വ്യാപകമായി റദ്ദാക്കിയിട്ടുണ്ട്.
അതിനിടെ ഹിസ്ബുള്ളയില്‍നിന്നും ഇറാനില്‍നിന്നുമുള്ള ഭീഷണികളുടെ പശ്ചാത്തലത്തില്‍ നെതന്യാഹു അടക്കമുള്ള ഇസ്രയേലിലെ ഉന്നത നേതാക്കള്‍ക്ക് യുദ്ധസമയത്ത് ദീര്‍ഘകാലം സുരക്ഷിതമായി കഴിയാനായി ഭൂഗര്‍ഭ ബങ്കര്‍ തയ്യാറായതായും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ, പലസ്തീന് അധിനിവേശ മേഖലയില്‍ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും ഹിസ്ബുല്ലയുടെ പ്രസ്താവനയില്‍ പറഞ്ഞു.