ടെല്‍ അവിവ്: ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിന്റെ ബാക്കിപത്രം എന്തെന്ന കണക്കെടുപ്പില്‍ ഇസ്രായേല്‍. 12 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ഇറാന്റെ മിസൈലുകള്‍ തങ്ങളുടെ സൈനിക കേന്ദ്രങ്ങളില്‍ പതിച്ച് നാശമുണ്ടാക്കിയതായി സമ്മതിച്ച് ഇസ്രായേല്‍. ഐ.ഡി.എഫ് കേന്ദ്രങ്ങളില്‍ മിസൈലുകള്‍ പതിച്ചതായി സൈനിക ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതീവ സുരക്ഷയുള്ള തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ട വിവരം ഇസ്രായേല്‍ ആദ്യമായാണ് സമ്മതിക്കുന്നത്. നേരത്തെ ഇക്കാര്യം വ്യക്തമാക്കിയ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഏതാനും സൈനിക കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ച് നാശമുണ്ടാക്കിയെന്നും എന്നാല്‍ കേന്ദ്രങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇസ്രായേലി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍, ഏതൊക്കെ കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നും എത്രത്തോളം നാശമുണ്ടായി എന്നുമുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

അഞ്ച് ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചെന്ന് കഴിഞ്ഞ ദിവസം ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആകെ ആറ് മിസൈലുകളാണ് കേന്ദ്രങ്ങളില്‍ പതിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അത്യാധുനിക സുരക്ഷയുണ്ടെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്ന സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടത് അവര്‍ക്ക് കനത്ത തിരിച്ചടിയാണ്.

12 ദിവസത്തെ യുദ്ധത്തില്‍ ഇറാന്‍ 500ലേറെ ബാലിസ്റ്റിക് മിസൈലുകളും 1100ഓളം ഡ്രോണുകളും ഇസ്രായേലിലേക്ക് തൊടുത്തതായാണ് കണക്കുകള്‍. ഇവയില്‍ പലതും ഇസ്രായേലില്‍ പതിച്ച് കനത്ത നാശമുണ്ടാക്കി. മറ്റുള്ളവയെ ഇസ്രായേല്‍ വ്യോമപ്രതിരോധമുപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. ഇറാന്റെ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതായും 3000ലേറെ പേര്‍ക്ക് പരിക്കേറ്റതുമായാണ് ഇസ്രായേലിന്റെ ഔദ്യോഗിക കണക്കുകള്‍. 2300ലേറെ വീടുകള്‍ക്കും 240 കെട്ടിടങ്ങള്‍ക്കും രണ്ട് സര്‍വകലാശാലകള്‍ക്കും ഒരു ആശുപത്രിക്കും നേരെ ആക്രമണമുണ്ടായി. 13,000ത്തോളം പേര്‍ക്ക് വീടുവിട്ടിറങ്ങേണ്ടി വന്നിരുന്നു.

അതേസമയം ഇറാനുമായുള്ള 12 ദിവസത്തെ യുദ്ധത്തിലൂടെ ഇസ്രായേലിന് 12 ബില്യണ്‍ ഡോളറിന്റെ (1.67 ലക്ഷം കോടി) നേരിട്ടുള്ള നഷ്ടം സംഭവിച്ചതായി ഇസ്രായേല്‍ വ്യക്തമാക്കി. സൈനിക ചെലവുകള്‍, മിസൈല്‍ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍, യുദ്ധം ബാധിച്ച വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കുമുള്ള നഷ്ടപരിഹാരം, അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, താല്‍ക്കാലിക ഹോട്ടല്‍ താമസസൗകര്യങ്ങള്‍, കുടിയിറക്കപ്പെട്ട താമസക്കാര്‍ക്കുള്ള ബദല്‍ ഭവനങ്ങള്‍ തുടങ്ങിയവക്കുവേണ്ടി വരുന്ന ചെലവുകള്‍ ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

തെരുവുകളും കെട്ടിടങ്ങളും തകര്‍ന്നതിനാല്‍ പലരുടെയും ഉപജീവനം പ്രതിസന്ധിയിലായി. മാത്രമല്ല, ഇറാനെതിരായ ആക്രമണങ്ങള്‍ക്കും തെഹ്റാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ക്കുമായി മന്ത്രിസഭ ഏതാണ്ട് 500 കോടി ഡോളര്‍ ചെലവഴിച്ചതായി ഇസ്രായേലി ബിസിനസ് ദിനപത്രമായ കാല്‍ക്കലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലി പത്രമായ യെദിയോത്ത് അഹ്റോനോത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ ട്രഷറിക്ക് ഇതിനകം 6.46 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമുണ്ടായി. ഇറാന്റെ ആക്രമണങ്ങളില്‍ ഏകദേശം 40,000ത്തിലധികം വീടുകളും ബിസിനസുകളും തകര്‍ന്നെന്നാണ് കണക്ക്. 10,600ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

യുദ്ധം മൂലമുണ്ടായ സാമ്പത്തിക അടച്ചുപൂട്ടല്‍ ഇസ്രായേല്‍ സമ്പദ്വ്യവസ്ഥക്ക് പ്രതിദിനം ഏകദേശം 294 മില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാക്കിയെന്ന് ഇസ്രായേലിന്റെ ഹിസ്റ്റാഡ്രട്ട് ലേബര്‍ ഫെഡറേഷന്റെ ഡെപ്യൂട്ടി സാമ്പത്തിക ഡയറക്ടര്‍ ആദം ബ്ലൂംബെര്‍ഗ് ഇസ്രായേലി വാര്‍ത്താ സൈറ്റായ മാരിവിനോട് പറഞ്ഞു. അതായത് 12 ദിവസത്തെ സംഘര്‍ഷത്തില്‍ ബിസിനസുകള്‍ക്ക് 3.5 ബില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടായി.

അതേസമയം, ഇറാനില്‍ 1000ലേറെ പേരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇറാന്റെ സൈനിക ഉദ്യോഗസ്ഥരും ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടവരിലുള്‍പ്പെടും. 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇസ്രായേലും ഇറാനും വെടിനിര്‍ത്തലിലെത്തിയത്.