ടെഹ്റാന്‍: ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കോറിന്റെ (ഐആര്‍ജിസി) കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഐആര്‍ജിസിയുടെ വക്താവ് അലി മുഹമ്മദ് നൈനിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയുണ്ടായ യുഎസ്-ഇസ്രയേല്‍ ആക്രമണത്തിലാണ് നൈനി കൊല്ലപ്പെട്ടത്. യുഎസിനും ഇസ്രയേലിനുമെതിരെയുള്ള നൈനിയുടെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ വന്ന് മണിക്കൂറികള്‍ക്കു പിന്നാലെയാണ് നൈനി കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ഇസ്രയേലിന് കനത്ത പ്രഹരമേല്‍പ്പിക്കാന്‍ ഇറാന്റെ മിസൈല്‍ സേന സുസജ്ജമാണെന്നും ശത്രുക്കള്‍ക്കായി വലിയ 'അത്ഭുതങ്ങള്‍' കാത്തുവെച്ചിട്ടുണ്ടെന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടത്. ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ സംയുക്ത വ്യോമാക്രമണത്തിലാണ് ബ്രിഗേഡിയര്‍ ജനറല്‍ റാങ്കിലുള്ള നൈനി കൊല്ലപ്പെട്ടത്.

ഇറാന്റെ മിസൈല്‍ ഉല്‍പ്പാദനം യുദ്ധകാലത്തും തടസ്സമില്ലാതെ തുടരുകയാണെന്നും മിസൈല്‍ ശേഖരത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും നൈനി നേരത്തെ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സിനോട് പറഞ്ഞിരുന്നു. 'ഞങ്ങളുടെ മിസൈല്‍ വ്യവസായത്തിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കാം. ശത്രുക്കള്‍ക്കായി വലിയ സര്‍പ്രൈസുകള്‍ വരാനിരിക്കുന്നതേയുള്ളൂ. യുദ്ധം മുറുകുന്നതോടെ ഇത് കൂടുതല്‍ സങ്കീര്‍ണ്ണവും തീവ്രവുമാകും,' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഇറാന്റെ പക്കല്‍ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാദത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കകം തന്നെ നൈനി കൊല്ലപ്പെട്ട വിവരം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 'അമേരിക്കന്‍-സയണിസ്റ്റ്' ഭീകരാക്രമണത്തില്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചതായി റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇറാന്റെ ഉന്നത സൈനിക-രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രയേലും അമേരിക്കയും കടുത്ത ആക്രമണമാണ് നടത്തുന്നത്. ഫെബ്രുവരി 28-ന് പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്റെ ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖത്തീബ്, സുരക്ഷാ മേധാവി അലി ലാരിജാനി, ബസിജ് സേനാ കമാന്‍ഡര്‍ ഗുലാംറേസ സുലൈമാനി തുടങ്ങിയ പ്രമുഖരും വധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വക്താവായ അലി മുഹമ്മദ് നൈനിയും കൊല്ലപ്പെടുന്നത്. ഇതോടെ ഇറാന്റെ കമാന്‍ഡ് ഘടന പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇതിനിടെ, ഇറാനുമായുള്ള സംഘര്‍ഷത്തിലേക്ക് യുഎസിനെ ഇസ്രയേല്‍ കൊണ്ടുവന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഡോണള്‍ഡ് ട്രംപിനോട് ആര്‍ക്കെങ്കിലും എന്ത് ചെയ്യണമെന്ന് പറയാന്‍ കഴിയുമോ എന്നും നെതന്യാഹു ചോദിച്ചു. ഇറാന്‍ സംഘര്‍ഷം ജനങ്ങള്‍ കരുതുന്നതിലും വേഗം അവസാനിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഹോര്‍മുസ് അടയ്ക്കാനുള്ള ഇറാന്റെ ഏതൊരു ശ്രമവും പരാജയപ്പെടുമെന്നും നെതന്യാഹു വ്യക്തമാക്കി. ഹോര്‍മുസ് അടയ്ക്കുമെന്ന് പറഞ്ഞ് ഇറാന്‍ ലോകത്തെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് വിലപോകില്ലെന്നും നെതന്യാഹു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇറാന്‍ വീഴ്ചയിലേക്കാണെന്നും അതിന്റെ നിരവധി ലക്ഷണങ്ങള്‍ കാണാന്‍ സാധിക്കുന്നുമുണ്ടെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.

അതേസമയം, കടലിലുള്ള ഇറാന്‍ കപ്പലുകളിലെ എണ്ണയുടെ മേലുള്ള ഉപരോധം ഉടന്‍ നീക്കം ചെയ്‌തേക്കുമെന്ന് യുഎസ്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിട്ടതിനെത്തുടര്‍ന്നു എണ്ണ വില വര്‍ധിക്കുന്നതു തടയാനാണ് യുഎസ് ശ്രമം. ''വരും ദിവസങ്ങളില്‍, നിലവില്‍ കടലിലുള്ള ഇറാനിയന്‍ എണ്ണയുടെ മേലുള്ള ഉപരോധം നീക്കിയേക്കാം. ഏകദേശം 14 കോടി ബാരലുകലുണ്ട്'' ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു.