- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിന്റെ വ്യോമാക്രമണം ഉണ്ടാക്കിയത് പുറമേ പറഞ്ഞതിനേക്കാള്‍ വലിയ നാശനഷ്ടങ്ങള്‍; വ്യോമപ്രതിരോധ സംവിധാനത്തെയും മിസൈല്‍ ഉത്പാദന ശേഷിയെയും ബാധിച്ചു; ശക്തമായ തിരിച്ചടിക്ക് ഒരുങ്ങാന്‍ ഖമേനി ഉത്തരവിട്ടു? യുഎസ് തിരഞ്ഞെടുപ്പിന് ശേഷം ഇറാന്‍ കടുംകൈക്ക് മുതിര്‍ന്നേക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ്
ഇസ്രയേലിന് എതിരെ പ്രത്യാക്രമണത്തിന് ഒരുങ്ങി ഇറാന്‍
ടെഹ്‌റാന്‍: ഒക്ടോബര്‍ 26 ന് തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച ഇസ്രയേലിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നതായി സൂചന. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ ഡപ്യൂട്ടി കമാന്‍ഡര്‍ ജന. അലി ഫദാവിയാണ് ഇസ്രയേലിനെതിരെ തിരിച്ചടി ഉറപ്പാണെന്ന് വ്യക്തമാക്കിയത്. 'കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഒരു അധിനിവേശത്തിനും ഞങ്ങള്‍ തിരിച്ചടി നല്‍കാതിരുന്നിട്ടില്ല. ഒറ്റ ഓപ്പറേഷനിലൂടെ സയണിസ്റ്റുകളെ തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് ശേഷിയുണ്ട് ' ജനറല്‍ അലി ഫദാവി പറഞ്ഞു. ലെബനനിലെ അല്‍ മയാദീന്‍ ടിവിയോടാണ് ജനറല്‍ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ആറുമാസത്തിലേറെയായി അടിക്ക് തിരിച്ചടി എന്ന നയമാണ് ഇരുരാജ്യങ്ങളും പിന്തുടരുന്നത്. ഇതാദ്യമായാണ് റവല്യൂഷണി ഗാര്‍ഡിലെ ഒരു ജനറല്‍ ഒക്ടോബര്‍ 26 ന് ഉണ്ടായ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് തുറന്നടിച്ചത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ഓഫീസ് തലവന്‍ ഗൊലാംഹൊസൈന്‍ മൊഹമ്മദി ഗൊല്‍പായെഗനിയും ഇക്കാര്യം ശരിവച്ചു. ഇസ്രയേലിനെ നിലംപരിശാക്കുന്ന ഒരു തിരിച്ചടി പ്രതീക്ഷിക്കാമെന്നാണ് ഈ ഉദ്യോഗസ്ഥനും വ്യക്തമാക്കിയത്.
ഇറാന്റെ പരമോന്നത നേതാവ് ഇസ്രയേലിനെ ആക്രമിക്കാന്‍ തയ്യാറെടുക്കാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയായും റിപ്പോര്‍ട്ടുണ്ട്. നാല് സൈനികര്‍ കൊല്ലപ്പെട്ടത് നിസാരമായി കാണേണ്ട എന്നാണ് ആയത്തൊള്ള ഖമേനിയുടെ നിലപാട്.
തങ്ങള്‍ ദുര്‍ബലായില്ലെന്ന് പുറംലോകത്തിന് മുമ്പാകെ തെളിയിക്കാന്‍ ഇറാന്‍ ഭരണകൂടം റിസ്‌കിന് തയ്യാറേക്കും എന്നാണ് വിദഗ്ധാഭിപ്രായം. ഇസ്രയേലിന് ഉള്ളിലെ സൈനിക താവളങ്ങളുടെ പട്ടിക ഇറാന്‍ തയ്യാറാക്കി വരുന്നതായും സൂചനയുണ്ട്.
നവംബര്‍ 5 ന് യുഎസ് തിരഞ്ഞെടുപ്പ് കഴിയും വരെ ഇറാന്‍ കാക്കുമോ അതിന് മുമ്പ് തിരിച്ചടിക്ക് മുതിരുമോ എന്ന് വ്യക്തമല്ല. ഇസ്രയേലിന് തിരിച്ചടി നല്‍കുക എന്നത് ഇറാന്‍ ഭരണകൂടത്തെ സംബന്ധിച്ച് വലിയ ചൂതാട്ടമാണ്. ഇസ്രേയല്‍ ആക്രമണങ്ങളെ ചെറുക്കാനെന്ന മട്ടിലുള്ള പ്രത്യാക്രമണം ചിലപ്പോള്‍ കൈവിട്ടുപോകാം. ഇസ്രയേല്‍ ശക്തമായി തിരിച്ചടിച്ചാല്‍. അത് ഇറാന്റെ സാമ്പത്തിക വ്യവസ്ഥയ്ക്കും മറ്റും ദോഷമാവുകയും ചെയ്യും.
ഒക്ടോബര്‍ 26 ലെ ആക്രമണങ്ങള്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് ഇറാന്‍ ആദ്യം പ്രതികരിച്ചത്. ഇസ്രയേലി മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി ചെറുത്തുവെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍, ടെഹ്‌റാന്റെ ചുറ്റുമുള്ള പ്രധാനപ്പെട്ട വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തതായാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. മിസൈല്‍ പ്ലാന്റുകളെ ലക്ഷ്യം വച്ചുള്ള ആക്രമണം മിസൈലുകളുടെ ഉത്പാദനശേഷിയെയും ബാധിച്ചേക്കും.