- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രായേലുമായി യുദ്ധത്തിനില്ല, രാജ്യത്തിന്റേയും ഇവിടുത്തെ ആളുകളുടെയും അവകാശം സംരക്ഷിക്കും; തക്ക മറുപടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ്; ഇസ്രായേലിന് കുറ്റകൃത്യങ്ങള്‍ നടത്താനുള്ള സഹായം ചെയ്തുകൊടുക്കുന്നത് യു.എസ് എന്നും പെസഷ്കിയാന്റെ വിമര്‍ശനം
ഇസ്രായേലുമായി യുദ്ധത്തിനില്ല
ടെഹ്റാന്: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് തക്കതായ മറുപടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. അതേസമയം യുദ്ധത്തിലേക്ക് എടുത്തു ചാടില്ലെന്നുമാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്ന കാര്യം.
''ഞങ്ങള്‍ യുദ്ധത്തിനില്ല, പക്ഷേ എന്നാല്‍ രാജ്യത്തിന്റേയും ഇവിടുത്തെ ആളുകളുടെയും അവകാശം സംരക്ഷിക്കും. സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തിന് തക്ക മറുപടി നല്‍കും. ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ ആശങ്കപ്പെടുത്തുന്ന നിലയിലേക്ക് സാഹചര്യം മാറും'' - ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഇസ്രായേലിന് കുറ്റകൃത്യങ്ങള്‍ നടത്താനുള്ള സഹായം ചെയ്തുകൊടുക്കുന്നത് യു.എസാണെന്നും പെസഷ്‌കിയാന്‍ വിമര്‍ശിച്ചു. ഉചിതമായ സമയത്ത് ഇസ്രായേലിന് മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു.
ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ പെരുപ്പിച്ച് കാട്ടുകയോ വിലകുറച്ച് കാണുകയോ ചെയ്യരുതെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു. ''ഇസ്രായേല്‍ ഭരണകൂടത്തിന്റെ തെറ്റായ കണക്കുകൂട്ടലുകള്‍ തകര്‍ക്കണം. ഇറാന്‍ യുവതിയുടെയും രാജ്യത്തിന്റെയും കരുത്തും ഇച്ഛാശക്തിയും അവര്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ നിറവേറ്റുന്ന നടപടികള്‍ സ്വീകരിക്കേണ്ടത് അധികാരികളാണ്'' -ഖമേനി പറഞ്ഞു.
അതിനിടെ ഖമേനി ഹീബ്രുവില്‍ ട്വീറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന അക്കൗണ്ട് സമൂഹമാധ്യമമായ എക്‌സ് സസ്‌പെന്‍ഡ് ചെയ്തതായു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ പ്രതികരിച്ചുകൊണ്ട് ഖമേനി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. 'സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റ് ചെയ്തു. ഇറാനെക്കുറിച്ച് അവര്‍ക്കുള്ള കണക്കൂട്ടലുകള്‍ തെറ്റിയിരിക്കുന്നു. ഇറാന്റെ ശക്തിയും ശേഷിയും സംവിധാനങ്ങളും എന്താണെന്ന് ഞങ്ങള്‍ മനസിലാക്കിക്കൊടുക്കും' - എന്നിങ്ങനെയായിരുന്നു ഖാമേനി എക്‌സില്‍ കുറിച്ചത്.
ഇസ്രായേലില്‍ ഏറ്റവും ഉപയോഗത്തിലുള്ള ഭാഷയാണ് ഹീബ്രു. ഇറാന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ചയാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. @Khamenei_Heb എന്ന എക്‌സ് അക്കൗണ്ടുവഴിയാണ് ഖാംനഈ ഹീബ്രുവില്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ പിന്നീട് ഈ അക്കൗണ്ട്, എക്‌സിന്റെ ചട്ടങ്ങള്‍ ലംഘിച്ചു എന്നുകാണിച്ച് സസ്‌പെന്‍ഡ് ചെയ്ത നിലയിലാണുള്ളത്. എന്നാല്‍ ഖാംനഈയുടെ പ്രധാന എക്‌സ് അക്കൗണ്ട് ഇപ്പോഴും ആക്ടീവാണ്.
അതേസമയം, ആക്രമണം എല്ലാ ലക്ഷ്യങ്ങളും നേടിയതായും ഇറാനെ ഏറെ ദോഷകരമായി ബാധിച്ചുവെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഒക്ടോബര്‍ ഒന്നിന്റെറ ആക്രമണത്തിന് ഇസ്രയേല്‍ ശനിയാഴ്ച രാത്രിയാണ് തിരിച്ചടിച്ചത്. ആക്രമണം ഇറാന്റെ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയുമാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേസല്‍ അവകാശപ്പെടുന്നു. ടെഹ്‌റാന് ചുറ്റുമുള്ള ഇലാം, ഖുസെസ്ഥാന്‍, ടെഹ്റാന്‍ എന്നീ പ്രവിശ്യകളിലെ സൈനിക താവളങ്ങളാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നും ഇവയെ പ്രതിരോധിക്കാനായെന്നും ഇറാന്‍ വ്യോമ പ്രതിരോധ കേന്ദ്രം പറഞ്ഞു. തെക്കന്‍ സിറിയയിലെ സിറിയന്‍ സൈനിക കേന്ദ്രങ്ങളും ഇസ്രയേല്‍ ലക്ഷ്യമിട്ടിരുന്നതായി സിറിയന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയും വ്യക്തമാക്കി.
അതേസമയം ഇറാനെതിരെ മിതമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയതെന്നാണ് യുഎസിന്റെയും വിലയിരുത്തല്‍ വിലയിരുത്തല്‍. അതിനാല്‍ തന്നെ ഇറാന്‍ പ്രത്യാക്രമണത്തിന് മുതിരുന്നില്ലെന്നാണ് ബൈഡന്‍ ഭരണകൂടം വിശ്വസിക്കുന്നത്. ഇറാനെ ഒരു പ്രത്യാക്രമണത്തിന് പ്രേരിപ്പിക്കാതെ സംഘര്‍ഷം ശാന്തമാക്കാനാണ് ഇസ്രായേല്‍ മിതമായ ആക്രമണം നടത്തിയതെന്ന് യുഎസ് സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ തിരിച്ചടി ജനങ്ങള്‍ക്ക് ഭീഷണിയാകാത്ത തരത്തിലാകാന്‍ യുഎസ് പ്രസിഡന്റും ദേശീയ സുരക്ഷാ ടീമും ആഴ്ചകളായി ഇസ്രയേലുമായി ചര്‍ച്ചയിലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ ആക്രമണങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനൊപ്പം ലെബനനിലും ഗസയിലും നടക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും ബന്ദികളെ കൈമാറാന്‍ ഗമാസുമായി കരാറിലെത്താനും വരും ദിവസങ്ങളില്‍ യുഎസ് ചര്‍ച്ചകള്‍ നടത്തുമെന്ന സൂചനയും നല്‍കി.
ആക്രമണ സമയത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പ്രസിഡന്റ് ജോ ബൈഡനെ വിവരം ധരിപ്പിച്ചിരുന്നു. ഇസ്രായേല്‍ ആക്രമണം പൂര്‍ത്തിയാകുന്നതിന് മണിക്കൂറുകള്‍ മുന്‍പ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി സംസാരിച്ചിരുന്നതായും വിവരമുണ്ട്.