- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയ ആളുടെ വധശിക്ഷ നടപ്പിലാക്കി ഇറാന്‍; മാപ്പ് അപേക്ഷ സുപ്രീംകോടതി തള്ളിയതോടെ ശിക്ഷ നടപ്പിലാക്കല്‍; മൊസാദുമായി ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ചു കൂടുതല്‍ ഇറാന്‍ തൂക്കിലേറ്റിയത് നിരവധി പേരെ
ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയ ആളുടെ വധശിക്ഷ നടപ്പിലാക്കി ഇറാന്‍
ടെഹ്റാന്‍: ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയ ആളുടെ വധശിക്ഷ ഇറാന്‍ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്. ചാരവൃത്തി നടത്തിയ സംഭവത്തില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാള്‍ മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ച് ഇറാന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇയാളുടെ അപേക്ഷ തള്ളിയ സുപ്രീംകോടതി വധശിക്ഷ ശരിവെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയത്. ശനിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു വധശിക്ഷ നടപ്പാക്കിയത്.
ചാരവൃത്തി നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക ജുഡീഷ്യറി വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2023 മുതല്‍ ഇയാള്‍ ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായി ബന്ധം പുലര്‍ത്തിയിരുന്നു. 2025 ഫെബ്രുവരിയിലാണ് അറസ്റ്റിലായത്. തന്ത്രപ്രധാനമായ വിവരങ്ങള്‍ പ്രതി മൊസാദിന് കൈമാറിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചാരവൃത്തിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിന് ഇത്തരം വധശിക്ഷകള്‍ നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ഇറാന്റെ നീതി ന്യായ വ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ മുന്‍നിര ചാരന്മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെട്ട മറ്റൊരാളുടെ വധശിക്ഷയും നടപ്പാക്കിയിരുന്നു. കഴിഞ്ഞ ജൂണില്‍ ഇസ്രയേലുമായി യുദ്ധം ആരംഭിച്ചതിന് ശേഷം ചാരവൃത്തി കുറ്റത്തിന് പത്ത് പേരെയാണ് ഇറാന്‍ തൂക്കിലേറ്റിയത്. ഇസ്രയേലിനായി ചാരവൃത്തി നടത്തിയതിന് നിരവധി പേരെ ഇറാന്‍ തൂക്കിലേറ്റിയിട്ടുണ്ട്.
ഈ മാസമാദ്യം ഖുസെസ്താന്‍ പ്രവിശ്യയില്‍ തീവ്രവാദം ആരോപിച്ച് ആറ് പേരെ തൂക്കിലേറ്റിയിരുന്നു. അതിനു മുമ്പ്, ഇസ്രായേലിന്റെ മുന്‍നിര ചാരന്മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെട്ട മറ്റൊരാളുടേയും വധശിക്ഷ നടപ്പാക്കിയിരുന്നു. 2023ല്‍, ബ്രിട്ടീഷ് ചാരസംഘടനയുമായി ചേര്‍ന്ന് ചാരവൃത്തി നടത്തിയെന്ന കുറ്റത്തിന് ഇറാന്‍ മുന്‍ സഹമന്ത്രിയായിരുന്ന അലിറിസ അക്ബരിയെ തൂക്കിലേറ്റിയിരുന്നു. ഇറാന്റെ മുന്‍ പ്രതിരോധ സഹമന്ത്രിയായിരുന്നു അലി റിസ അക്ബരി. ബ്രിട്ടീഷ്, ഇറാന്‍ പൗരത്വമുളള വ്യക്തിയാണ് അക്ബരി.
രഹസ്യ വിവരങ്ങള്‍ കൈമാറിയതിലൂടെ രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ചുമത്തിയാണ് അക്ബറിയെ തൂക്കിലേറ്റിയത്. ഇറാന്‍ പരമോന്നത കോടതിയാണ് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ജൂണില്‍ ഇസ്രായേലുമായി യുദ്ധം ആരംഭിച്ചതിനു ശേഷം 10 പേരെയാണ് ചാരവൃത്തിക്കുറ്റത്തിന് ഇറാന്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്.