- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാന്‍ തീര്‍ന്നെന്ന് കരുതാന്‍ വരട്ടെ! 'ഇതുവരെ കണ്ടത് മഞ്ഞുമലയുടെ ഒരറ്റം മാത്രം'; ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ആക്രമിക്കുമെന്ന ഭീഷണിക്ക് പിന്നാലെ ഭൂഗര്‍ഭ നിലയത്തിലെ ആയുധശേഖരത്തിന്റെ വീഡിയോ പുറത്തു വിട്ട് ഇറാന്‍; ഗള്‍ഫ് മേഖലയിലെ നിര്‍ണ്ണായകമായ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള മിസൈലുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാന്റെ അവകാശവാദം
ഇറാന്‍ തീര്‍ന്നെന്ന് കരുതാന്‍ വരട്ടെ! 'ഇതുവരെ കണ്ടത് മഞ്ഞുമലയുടെ ഒരറ്റം മാത്രം

ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയെയാകെ മുള്‍ മുനയില്‍ നിര്‍ത്തുന്ന സൈനിക നീക്കങ്ങളുമായി ഇറാന്‍ മുന്നോട്ട്. ട്രംപ് വിജയം അവകാശപ്പെടുകയും ഹോര്‍മുസ് തുറക്കണമന്നും ഇല്ലാത്ത പക്ഷം ആക്രമിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുമ്പോഴാണ് ഇറാന്‍ കൂസലില്ലെന്ന നിലപാട് സ്വീകരിക്കുന്നത്. ഇറാന്‍ തീര്‍ന്നെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ക്കിടെ ലോകത്തെ ആശങ്കപ്പെടുത്തി ഇറാന്‍ തങ്ങളുടെ ആയുധ ശേഖരത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു.
തങ്ങളുടെ പക്കലുള്ള ആയുധശേഖരത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ലോകം ഇതുവരെ കണ്ടിട്ടുള്ളൂവെന്നും, അത്യാധുനിക മിസൈലുകളുടെ വന്‍ശേഖരം ഭൂഗര്‍ഭ നിലയങ്ങളില്‍ സജ്ജമാണെന്നും വ്യക്തമാക്കുന്ന വീഡിയോയാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് പുറത്തുവിട്ടത്. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.ഐ.ബിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഭൂഗര്‍ഭ താവളങ്ങളില്‍ അതീവ സുരക്ഷയോടെ സൂക്ഷിച്ചിരിക്കുന്ന മിസൈലുകളുടെ വന്‍ ശേഖരമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇറാന്റെ മിസൈല്‍ ശേഷി തകര്‍ത്തെന്ന് അമേരിക്കയും ഇസ്രായേലും അവകാശപ്പെടുമ്പോഴാണ് വെല്ലുവിളിയുമായി ഇറാന്‍ രംഗത്തെത്തിയത്.
ഇപ്പോള്‍ പുറത്തുവിട്ടത് ഇറാന്റെ ആയുധശേഖരത്തിന്റെ 'മഞ്ഞുമലയുടെ ഒരറ്റം' മാത്രമാണെന്നും ഇതിലും വലിയ ശേഖരം ഇനിയും വെളിപ്പെടുത്താനുണ്ടെന്നുമാണ് ഐ.ആര്‍.ഐ.ബി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഇറാന്റെ മിസൈല്‍ ശേഖരം വലിയതോതില്‍ നശിപ്പിച്ചെന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും വാദങ്ങളെ ദൃശ്യങ്ങള്‍ തള്ളിക്കളയുന്നതാണ്. ഹുര്‍മൂസ് കടലിടുക്ക് ഇറാന്‍ തടസ്സപ്പെടുത്തിയാല്‍ ഇറാന്റെ പവര്‍ പ്ലാന്റുകള്‍ തകര്‍ക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ പ്രത്യാക്രമണ ഭീഷണിയുമായി ഇറാന്‍ രംഗത്തെത്തിയത്.
അമേരിക്കന്‍ ഭീഷണി നടപ്പിലാക്കിയാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ്ജ-ജല വിതരണ ശൃംഖലകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഗള്‍ഫ് മേഖലയിലെ നിര്‍ണ്ണായകമായ ഇന്‍ഫ്രാസ്ട്രക്ചറുകളെ തകര്‍ക്കാന്‍ തക്ക ശേഷിയുള്ള മിസൈലുകളാണ് തങ്ങളുടെ പക്കലുള്ളതെന്നും ഇറാന്‍ അവകാശപ്പെട്ടു. മേഖലയിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്.
ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതാണ്. അമേരിക്കയുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ മിസൈല്‍ സജ്ജമാണെന്ന ഇറാന്റെ പ്രഖ്യാപനം ഗള്‍ഫ് മേഖലയെ അതീവ ജാഗ്രതയിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായേക്കും.
ഹോര്‍മുസ് ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും എന്നാല്‍ ഇറാന്‍ മണ്ണിനെ എതിര്‍ക്കുന്നവര്‍ക്ക് പ്രവേശമനമില്ലെന്നും ഇറാന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമക്കിയിരുന്നു. ഇറാനെതിരെയുള്ള ഭീഷണിയും ഭീകരതയും രാജ്യത്തെ കൂടുതല്‍ ഐക്യമുള്ളതാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് പൂര്‍ണമായി തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണു പെസെഷ്‌കിയാന്റെ മറുപടി.
'ഇറാനെ ഭൂപടത്തില്‍നിന്ന് തുടച്ചുമാറ്റുമെന്ന മിഥ്യാധാരണ, ചരിത്രം രചിക്കുന്ന ഒരു രാജ്യത്തിന്റെ ഇച്ഛാശക്തിയോടുള്ള നിരാശയാണ്. ഭീഷണിയും ഭീകരതയും ഞങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ. ഞങ്ങളുടെ മണ്ണിനെ എതിര്‍ക്കുന്നവര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ഹോര്‍മുസില്‍ പ്രവേശനമുണ്ട്. യുദ്ധക്കളത്തില്‍ നേരിടുന്ന ഭ്രാന്തമായ ഭീഷണികളെയെല്ലാം ഞങ്ങള്‍ ശക്തമായി നേരിടും' പെസെഷ്‌കിയാന്‍ പറഞ്ഞു.
അമേരിക്ക തങ്ങളുടെ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിച്ചാല്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ മുന്നറിയിപ്പും എത്തിയിട്ടുണ്ട്. ഇറാന്റെ ഊര്‍ജ്ജ പശ്ചാത്തല സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായാണ് ഈ മുന്നറിയിപ്പ്. തകര്‍ക്കപ്പെടുന്ന ഊര്‍ജ്ജ നിലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നത് വരെ കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്റെ സൈനിക കമാന്‍ഡര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇറാന്‍ 48 മണിക്കൂറിനകം നിര്‍ണ്ണായക കപ്പല്‍ പാത തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ സംവിധാനങ്ങളെ തുടച്ചുനീക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പുതിയ താക്കീത് വരുന്നത്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനില്‍ നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് ആരംഭിച്ച യുദ്ധത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് ഫലത്തില്‍ അടച്ചിട്ടിരിക്കുകയാണ്.
ഇസ്രയേലിനും മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ഇതിനകം തന്നെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇസ്രയേലിന്റെ ഊര്‍ജ്ജ, വാര്‍ത്താവിനിമയ മേഖലകളെയും അമേരിക്കന്‍ സൈനിക താവളങ്ങളുള്ള മറ്റ് പ്രാദേശിക രാജ്യങ്ങളിലെ സംവിധാനങ്ങളെയും ലക്ഷ്യം വെക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
'ഇസ്രയേലിന്റെ എല്ലാ ഊര്‍ജ്ജ, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളും യുഎസ് ഓഹരി ഉടമകളുള്ള മേഖലയിലെ സമാന കമ്പനികളും ലക്ഷ്യമിടും. യുഎസ് താവളങ്ങള്‍ നിലവിലുള്ള പ്രാദേശിക രാജ്യങ്ങളുടെ വൈദ്യുത നിലയങ്ങള്‍ ഞങ്ങള്‍ക്ക് ലക്ഷ്യങ്ങളായിരിക്കും' ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന പാതകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക്. ലോകത്തെ ആകെ എണ്ണയുടെയും എല്‍എന്‍ജിയുടെ ഏകദേശം 20 ശതമാനവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ യുദ്ധം ആരംഭിച്ചതോടെ ഇവിടത്തെ കപ്പല്‍ ഗതാഗതം കുത്തനെ ഇടിഞ്ഞു. കപ്പല്‍ ഗതാഗത ഡാറ്റാ സ്ഥാപനമായ കെപ്ലറുടെ കണക്കുകള്‍ പ്രകാരം, സാധാരണ നിലയിലുള്ള ഗതാഗതത്തിന്റെ വെറും അഞ്ച് ശതമാനം മാത്രമാണ് ഇപ്പോള്‍ കടലിടുക്കിലൂടെ നടക്കുന്നത്.


