ടെഹ്റാന്‍: അമേരിക്കയുമായി ആണവ കരാര്‍ ചര്‍ച്ചകള്‍ നടക്കവെ നിലപാട് വ്യക്തമാക്കി ഇറാന്‍. ടെഹ്റാന്‍ ആണവ സമ്പുഷ്ടീകരണം ഉപേക്ഷിക്കുകയോ അമേരിക്കയുടെ സൈനിക സമ്മര്‍ദ്ദത്തിന് വഴങ്ങുകയോ ചെയ്യില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗച്ചിയാണ് ഇക്കാര്യത്തില്‍ പ്രസ്താവന നടത്തിയത്. മിഡില്‍ ഈസ്റ്റില്‍ അമേരിക്കയുടെ അര്‍മാഡ എത്തിയതിനെയും അദ്ദേഹം തള്ളി.'മേഖലയിലെ അവരുടെ സൈനിക വിന്യാസം ഞങ്ങളെ ഭയപ്പെടുത്തുന്നില്ല.'

അമേരിക്കയെ തങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് അരഗച്ചി വ്യക്തമാക്കി. ആണവ കരാറില്‍ അമേരിക്കയുടെ നീക്കം ആത്മാര്‍ത്ഥവും പ്രതിജ്ഞാബദ്ധവുമാണോ എന്നതില്‍ അദ്ദേഹം സംശയം രേഖപ്പെടുത്തി. ഇറാന്‍ ആണവ സമ്പുഷ്ടീകരണത്തില്‍ നിന്നും പിന്മാറുമോ എന്ന ചോദ്യവും അരഗച്ചി തള്ളി. ഇത് ഇറാന്റെ പരമാധികാര കാര്യമാണെന്ന് മന്ത്രി പറഞ്ഞു.'ഞങ്ങളെന്തിനാണ് സമ്പുഷ്ടീകരണത്തിന് ഇത്ര നിര്‍ബന്ധം പിടിക്കുന്നത് ഒരു യുദ്ധം ഞങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചാലും അത് ഉപേക്ഷിക്കാത്തത് എന്തുകൊണ്ടാണ് കാരണം ഞങ്ങളുടെ പെരുമാറ്റത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കും അവകാശമില്ല.' അരഗച്ചി വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാനും അമേരിക്കയും തമ്മില്‍ ആണവ വിഷയത്തില്‍ ഒമാനില്‍ വച്ച് ചര്‍ച്ചകള്‍ ആരംഭിച്ചത്. അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തില്‍ നിന്നും പുറത്തുവരുന്നതിനാണ് ഇറാന്‍ ആണവ നിര്‍വ്യാപന ചര്‍ച്ചയ്ക്ക് തയ്യാറായത്. എന്നാല്‍ ചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറായിരുന്നോ എന്നതില്‍ സംശയമുണ്ടെന്നാണ് അബ്ബാസ് അരഗച്ചി കഴിഞ്ഞദിവസം അറിയിച്ചത്. 'അവര്‍ ഞങ്ങളുടെ ആറ്റംബോബിനെക്കുറിച്ച് ഭയക്കുന്നു. എന്നാല്‍ ഞങ്ങള്‍ അത്തരമൊന്ന് നോക്കുന്നേയില്ല. ലോകശക്തിയോട് ഇല്ല എന്ന് പറയുന്നതിനുള്ള ശക്തിയാണ് ഞങ്ങളുടെ ആറ്റംബോംബ്.' അരഗച്ചി വ്യക്തമാക്കുന്നു.

ബുധനാഴ്ച രാവിലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷമാകും തീയതി പ്രഖ്യാപനം ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് പുറത്തേക്ക് മാറ്റുക, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി പരിമിതപ്പെടുത്തുക, ഗള്‍ഫ് മേഖലയില മിലീഷ്യകള്‍ക്കുള്ള ഇറാന്‍ സഹായം വിലക്കുക എന്നിവയാകും അമേരിക്കയോട് ഇസ്രയേല്‍ ആവശ്യപ്പെടുക. നെതന്യാഹുവിനൊപ്പം ഇസ്രായേല്‍ സൈനിക മേധാവികളും നാളെ അമേരിക്കയിലേക്ക് പുറപ്പെടും.

അതേസമയം യുഎസ് പിന്തുണയില്ലെങ്കിലും സ്വന്തം നിലക്ക് ഇറാനെ ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇസ്രയേല്‍ ഊര്‍ജ മന്ത്രി ഏലി കോഹന്‍ പറഞ്ഞു. വന്‍ശക്തികളോട് 'നോ' എന്ന് പറയാനുള്ള ആര്‍ജവമാണ് തങ്ങള്‍ക്ക് ആണവായുധമെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അതിനിടെ, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇറാന്‍ അറസ്റ്റ് ചെയ്തു. ഇറാന്‍ തടവിലുള്ള നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് ഏഴ് വര്‍ഷം കൂടി അധികശിക്ഷ നല്‍കിയതായി അവരുടെ അനുകൂലികള്‍ വെളിപ്പെടുത്തി. ജയിലില്‍ നിരാഹാര സമരം പ്രഖ്യാപിച്ചതിന്റെ പേരിലാണ് പുതിയ ശിക്ഷയെന്നാണ് അനുയായികള്‍ പറയുന്നത്.

ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് പരിധി ഏര്‍പ്പെടുത്തണമെന്നും പ്രാദേശിക സായുധ സംഘങ്ങള്‍ക്ക് നല്‍കുന്ന ആയുധ സഹായം അവസാനിപ്പിക്കണമെന്നുമാണ് നെതന്യാഹുവിന്റെ ആവശ്യം. യു.എസുമായുള്ള ചര്‍ച്ചയില്‍ ആണവ പ്രശ്‌നം മാത്രമേ സംസാരിക്കുന്നുള്ളൂ എന്നാണ് ഇറാന്റെ നിലപാട്. മികച്ച രീതിയില്‍ അവസാനിച്ച ആദ്യഘട്ടത്തിന്റെ തുടര്‍ ചര്‍ച്ചകള്‍ വരുന്ന ആഴ്ചയിലും ഉണ്ടാകും എന്നാണ് ട്രംപ് പറഞ്ഞത്.

യുറേനിയം സമ്പുഷ്ടീകരണത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഇറാന്‍ നിലപാട്. യുഎസ് ഉപരോധങ്ങള്‍ നീക്കുന്നതിന് പകരം തങ്ങളുടെ ആണവ പദ്ധതി ആയുധമാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണവും പരിശോധനകളും അനുവദിക്കാം എന്നാണ് ഇറാന്‍ വാഗ്ദാനം. എന്നാല്‍ ആണവായുധം വികസിപ്പിക്കുന്നതിനുള്ള സാധ്യത മുന്നില്‍ കണ്ട് യുറേനിയം സമ്പുഷ്ടീകരണം തുടരാന്‍ ഇറാനെ അനുവദിക്കാനാകില്ലെന്ന് യു.എസും നിലപാടെടുത്തു.

മേഖലയില്‍ യുഎസ് നാവിക സേനയുടെ കപ്പല്‍പട എത്തിയതിന് പിന്നാലെ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ അഭിമുഖത്തിലും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ പ്രതികരിച്ചു. മധ്യേഷ്യയില്‍ നിലയുറപ്പിച്ച യു.എസ് സൈന്യം ആക്രമിച്ചാല്‍ മേഖലയിലെ അവരുടെ താവങ്ങള്‍ ആക്രമിക്കും എന്നാണ് അരഗ്ചി പറഞ്ഞത്. അമേരിക്കന്‍ മണ്ണിനെ ആക്രമിക്കാന്‍ കഴിയില്ല. പകരം മേഖലയിലെ അവരുടെ താവളങ്ങള്‍ ലക്ഷ്യമിടുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് താവളങ്ങള്‍ ആക്രമിക്കുന്നത് അയല്‍രാജ്യങ്ങളെ ആക്രമിക്കലല്ലെന്നും രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ഇറാന്‍ വ്യക്തമാക്കി.