ടെഹ്‌റാന്‍: ഇറാന്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നടക്കുന്ന പരോക്ഷ ചര്‍ച്ചകളില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്കായി ഇറാന്റെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ അലി ലാരിജാനി ഇന്ന് ഒമാനിലെത്താനിരിക്കയാണ്. കഴിഞ്ഞ ആഴ്ച മസ്‌കത്തില്‍ നടന്ന പ്രാഥമിക ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം കൈമാറാന്‍ ലാരിജാനി എത്തുന്നത്. ഇറാന്‍ പാര്‍ലമെന്റ് മുന്‍ സ്പീക്കറും നിലവില്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയുമായ ലാരിജാനി, ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ അല്‍ ബുസൈദി, സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി കഞചഅ റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് ഉപരോധങ്ങളും സൈനിക ഭീഷണികളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ഒമാന്‍ മധ്യസ്ഥതയില്‍ നടക്കുന്ന ഈ ചര്‍ച്ചകള്‍ മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ചര്‍ച്ചകള്‍ 'അതിപ്രധാനമാണെന്ന്' വിശേഷിപ്പിച്ചെങ്കിലും ലാരിജാനി കൈമാറുന്ന സന്ദേശത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

അതിനിടെ ഇറാനില്‍ ആഭ്യന്തര പ്രതിഷേധം ഉയര്‍ത്തിയവര്‍ കടുത്ത ആശങ്കയിലാണ്. ഭരണകൂടം ഇവരെ അതിശക്തമായാണ് അടിച്ചമര്‍ത്തിയത്. ഈ അടിച്ചമര്‍ത്തലിന്റെ നേര്‍സാക്ഷമായി ഒരു യുവാവിന്റെ ആത്മഹത്യ. ഇറാനെ ഉടന്‍ ആക്രമിക്കണമെന്നും കരാറൊന്നും ഉണ്ടാക്കരുതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് അഭ്യര്‍ഥിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ജീവനൊടുക്കി. ഇറാനിലെ തെക്കന്‍ തുറമുഖ നഗരമായ ബുഷെഹറില്‍ താമസിക്കുന്ന 28കാരനായ പൗറിയ ഹമീദി എന്ന യുവാവാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിങ്ങള്‍ ഇത് കാണുന്ന സമയം ഞാന്‍ ജീവനോടെയുണ്ടാകില്ല എന്ന മുഖവുരയോടെയാണ് കഴിഞ്ഞ വ്യാഴാഴ്ച പോസ്റ്റ് ചെയ്ത 10 മിനിറ്റും 44 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്.

തുടര്‍ന്ന്, ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങള്‍ ഇറാന്‍ മാരകമായി അടിച്ചമര്‍ത്തിയതിനെക്കുറിച്ചെല്ലാം യുവാവ് വിവരിക്കുന്നു. 'റഷ്യ-യുക്രെയ്ന്‍ യുദ്ധത്തേക്കാള്‍ കൂടുതല്‍, ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധത്തേക്കാള്‍ കൂടുതല്‍, 40000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു' എന്നാണ് യുവാവ് പറയുന്നത്. പ്രതിഷേധം തുടരാന്‍ യു.എസ് പ്രസിഡന്റ് ട്രംപ് ഇറാനികളോട് പറഞ്ഞു, ഞങ്ങള്‍ അദ്ദേഹത്തെ വിശ്വസിച്ചു. എന്നാല്‍ സര്‍വായുധരുമായി യുദ്ധം ചെയ്യുന്നത് സാധ്യമല്ല. പുറത്തുനിന്ന് പിന്തുണയില്ലാതെ ഇറാനികള്‍ക്ക് ഇസ്ലാമിക ഭരണകൂടത്തിനെതിരെ വിജയിക്കാന്‍ കഴിയില്ല. ഇറാന്‍ ഭരണകൂടവുമായുള്ള ഏതൊരു കരാറും കൊല്ലപ്പെട്ടവരെ ഒറ്റിക്കൊടുക്കുന്നതാകും. അതിനാല്‍ ദയവായി ഈ കരാര്‍ നിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുക -യുവാവ് പറയുന്നു.

അമേരിക്ക ഇറാനെ ആക്രമിക്കുന്നതാണ് ഇപ്പോള്‍ ഞങ്ങള്‍ക്കുള്ള ഏക പ്രതീക്ഷ. ഇറാന് പുറത്തുള്ള വിവിധ പ്രതിപക്ഷ സംഘങ്ങള്‍ പരസ്പരം പോരടിക്കുന്നത് അവസാനിപ്പിച്ച് ഒത്തുചേരണം. നമ്മുടെ ആളുകള്‍ ഇപ്പോള്‍ എത്രമാത്രം നിരാശരാണെന്ന് നിങ്ങള്‍ക്കറിയില്ല. ഞാന്‍ തന്നെ, എനിക്ക് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ല. ഇത് എന്റെ ത്യാഗമാണ്, ദയവായി എന്റെ രാജ്യത്തെ സ്വതന്ത്രമാക്കൂ -യുവാവ് അപേക്ഷിക്കുന്നു.