ടെഹ്‌റാന്‍: ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ശനിയാഴ്ച വ്യോമാക്രമണം നടത്തിയത് 1981 ജൂണില്‍ ഇറാഖിന് നേരേ നടത്തിയ ആക്രമണങ്ങള്‍ക്ക് സമാനമായി. ഓപ്പറേഷന്‍ ഓപ്പറ എന്നായിരുന്നു ആ സൈനിക ദൗത്യത്തിന്റെ പേര്. ദൂരവും റിസ്‌കുമൊന്നും തങ്ങള്‍ക്ക് പ്രശനമല്ല എന്ന് 43 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇസ്രയേല്‍ തെളിയിച്ചു. വിശേഷിച്ചും തങ്ങളുടെ മടയില്‍ കയറി ആക്രമിച്ച ഇറാനെ. 200 ഓളം ബാലിസ്റ്റിക് മിസൈലുകള്‍ ഒറ്റദിവസം വര്‍ഷിച്ച ഇറാനോട് പകരം ചോദിച്ചത് ഒരുമാസത്തിന് ശേഷമാണെന്ന് മാത്രം.

ഇന്നത്തെ ആക്രമണത്തില്‍ മൂന്നുഘട്ടങ്ങളിലായി 100 പോര്‍ വിമാനങ്ങളാണ് പങ്കെടുത്തത്. അമേരിക്കന്‍ നിര്‍മ്മിത സ്റ്റെല്‍ത്ത് എഫ് -35 പോര്‍ വിമാനങ്ങളും എഫ്-15ഐ റാം ഗ്രൗണ്ട് അറ്റാക്ക് ജെറ്റുകളും, എഫ്-16ഐ സുഫ വ്യോമ പ്രതിരോധ ജെറ്റുകളുമാണ് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് 2000 കിലോമീറ്ററോളം സഞ്ചരിച്ച് ദൗത്യം നിര്‍വ്വഹിച്ച് മടങ്ങിയെത്തിയത്. 'റാംപേജ്' എന്ന ദീര്‍ഘദൂര, സൂപ്പര്‍സോണിക് മിസൈലും 'റോക്സ്' എന്ന വ്യോമാക്രമണ മിസൈലുമായിരുന്നു ആയുധങ്ങള്‍

1981ല്‍, ഇറാഖിലെ ഓപ്പറേഷന്‍ ഓപ്പറയില്‍ ഏകദേശം 1,100 കിലോമീറ്ററോളം വിമാനങ്ങള്‍ക്ക് താണ്ടണമായിരുന്നു. സഞ്ചാരപഥത്തിലാകട്ടെ നിരവധി ശത്രുരാജ്യങ്ങളും. പിന്നെ പരിമിതമായ ഇന്ധനശേഖരവും. ഇന്നത്തെ ആക്രമണമാകട്ടെ കൂടുതല്‍ തന്ത്രപൂര്‍വ്വമായിരുന്നു എന്ന് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ റഡാര്‍, വ്യോമപ്രതിരോധ സംവിധാനങ്ങളെ ആദ്യം ആക്രമിച്ച് ദുര്‍ബലമാക്കിയ ശേഷമാണ് രണ്ടാം ഘട്ട വ്യോമാക്രമണത്തിലേക്ക് കടന്നത്.

ഓപ്പറേഷന്‍ ഓപ്പറയില്‍, 1981, ജൂണ്‍ 7 ന് വൈകുന്നേരം നാലുമണിക്ക് 14 പോര്‍വിമാനങ്ങള്‍ എറ്റ്‌സിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നു. ഏകദേശം 5.30 ഓടെ അവ ഇറാഖിലെ ഒസിറാഖ് ആണവ റിയാക്റ്റര്‍ തകര്‍ത്തു. ഒരു ഇസ്രയേലി വിമാനം പോലും നഷ്ടപ്പെടാതെ ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി.

ഓപ്പറേഷന്‍ ഓപ്പറയില്‍ എഫ്-16 എ പോര്‍ വിമാനങ്ങളെയാണ് നിയോഗിച്ചത്. എഫ് 15 എ വിമാനങ്ങള്‍ അകമ്പടി സേവിച്ചു. പുറത്തെ ടാങ്കുകളില്‍ വലിയ അളവില്‍ ഇന്ധനമുണ്ടായിരുന്നത് കൊണ്ട് വളരെയേറെ ദൂരം വളരെ താഴ്ന്നാണ് അന്ന് പറന്നത്. എന്നാല്‍, ആധുനിക സാങ്കേതിക വിദ്യയുടെ വികാസത്തോടെ, എഫ് 15 ന്റെയും എഫ് 16 ന്റെയും പുത്തന്‍ മോഡലുകള്‍ ലഭ്യമാണ്. അതുകൊണ്ട് 1981 ലെ പോലെ 2024 ല്‍ കടുത്ത സംഘര്‍ഷം അനുഭവിക്കേണ്ടി വന്നില്ല.




ആക്രമണ വഴി ഇങ്ങനെ

ഇന്ന് ആദ്യം ആക്രമിച്ചത് ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളേയാണ്. പിന്നീട് ഇറാന്റെ മിസൈല്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ക്കു നേരെയും ആക്രമണം നടത്തി. ജെറ്റുകളെ 25-മുതല്‍ 30 വരെയുള്ള ഗ്രൂപ്പുകളാക്കി നിര്‍ത്തിയായിരുന്നു ആക്രമണ പദ്ധതി. 10 ജെറ്റുകളെ മിസൈല്‍ ആക്രമണം നടത്താനായി മാത്രം നിയോഗിച്ചു. സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. എണ്ണ സംഭരണികളേയും ആണവ കേന്ദ്രങ്ങളേയും ആക്രമിക്കാതിരിക്കാന്‍ ഇസ്രയേല്‍ അതീവ ജാഗ്രത പുലര്‍ത്തി. ആക്രമണം കൂടുതല്‍ രൂക്ഷമാകാതിരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യോമാക്രമണം പ്രതിരോധിച്ചെന്നും ചെറിയ നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് ഇറാന്റെ പ്രതികരണം. രണ്ടു സൈനിക ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ ഒന്നിന് ഇരുന്നൂറോളം മിസൈലുകളായിരുന്നു ഇസ്രയേലിലേക്ക് ഇറാന്‍ തൊടുത്തത്. ഹിസ്ബുള്ളയുടെ ഉന്നതപദവിയിലിരിക്കുന്നവരെ വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണമുണ്ടായത്. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണങ്ങള്‍ ആരംഭിച്ചത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണങ്ങള്‍ നടത്തുന്നുവെന്നാണ് ഇസ്രയേല്‍ ഡിഫെന്‍സീവ് ഫോഴ്സ് (ഐഡിഎഫ്) വ്യക്തമാക്കുന്നത്.

ഇറാന്റെ ആക്രമണത്തിനെതിരെ പ്രതികരിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നും ഐഡിഎഫ് പറയുന്നു .ഇറാനെതിരായ ഈ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നാണ് യുഎസ് വിശദീകരണം. നേരത്തേ ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രയേലിനുനേരെ 180-ലധികം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ഇസ്രയേലിന്റെ ആക്രമണം. ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപത്തടക്കം സ്‌ഫോടനമുണ്ടായി. ടെഹ്റാന്‍, ഇലം, ഖുഴെസ്തകാന്‍ പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണങ്ങളുണ്ടായി. ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതുസംബന്ധിച്ചുള്ള യുഎസ് ഇന്റലിജന്‍സിന്റെ രഹസ്യരേഖകള്‍ ചോര്‍ന്നിരുന്നു. ഇസ്രയേലിന്റെ സൈനിക തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉള്‍പ്പടെയാണ് പുറത്തുവന്നത്. ഇസ്രയേല്‍ ആകാശത്തുവച്ച് വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതും, വിവിധ സൈനിക ഓപ്പറേഷനുകളെ കുറിച്ചും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പുനര്‍വിന്യാസത്തെ കുറിച്ചുമെല്ലാം രഹസ്യരേഖകളില്‍ പറയുന്നുണ്ട്. ഇസ്രായേല്‍ പ്രതികരിക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും അമേരിക്കന്‍ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുമെന്നായിരുന്നു ചില ലോകരാജ്യങ്ങളുടെ പ്രതീക്ഷ. ക്രമണത്തോട് ഇറാന്‍ എങ്ങനെ പ്രതികരിക്കും എന്നത് വലിയ ആശങ്കയോടെയാണ് ഗള്‍ഫ് - അറബ് രാജ്യങ്ങള്‍ അടക്കം കാണുന്നത്. സംഘര്‍ഷത്തില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഗള്‍ഫ്-അറബ് രാജ്യങ്ങള്‍ നേരത്തെ തന്നെ ഇസ്രയേലിനെ അറിയിച്ചിട്ടുണ്ട്.