ടെല്‍അവീവ്: ഗസ്സ സമാധാന പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചതിനോട് തണുപ്പന്‍ രീതിയില്‍ പ്രതികരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ചൂടായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഹമാസിന്റെ അനുകൂല പ്രതികരണത്തെ കുറിച്ച് നെതന്യാഹുവുമായി ഫോണില്‍ സംസാരിക്കവേ അതില്‍ ആഘോഷിക്കാന്‍ ഒന്നുമില്ല, അതില്‍ വലിയ കഴമ്പൊന്നും ഇല്ല എന്ന മറുപടിയാണ് ട്രംപിനെ ചൊടിപ്പിച്ചത്.

'എന്തിനാണ് നിങ്ങള്‍ എപ്പോഴും ഇത്ര നെഗറ്റീവ് ആകുന്നത്? ഇതൊരു വിജയമാണ്, സ്വീകരിക്കൂ, എന്ന് ട്രംപ് അനിഷ്ടത്തോടെ പറഞ്ഞു. ഒക്ടോബര്‍ 3-നാണ് സംഭവം നടന്നതെന്ന് യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിനെ ഉദ്ധരിച്ച് അക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

ഗസ്സയില്‍ ഹമാസിന്റെ ഭരണമാറ്റവും, നിരായൂധീകരണവും വ്യവസ്ഥ ചെയ്യുന്ന കരാറിനെ നെതന്യാഹു സ്വാഗതം ചെയ്‌തെങ്കിലും പൂര്‍ണമായി തീവ്രസംഘടനയെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറല്ല. ഇസ്രയേല്‍ ഗസ്സയില്‍ നിന്ന് സമ്പൂര്‍ണമായി പിന്‍വാങ്ങിയാല്‍ ബന്ദികളെ വിട്ടയയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്നാണ് ഹമാസ് നിലപാട്. ഹമാസ് അംഗങ്ങള്‍ അക്രമം ഉപേക്ഷിക്കുകയും ആയുധങ്ങള്‍ അടിയറ വെക്കുകയും ചെയ്താല്‍ ഗസ്സയില്‍ തുടരാമെന്നും പദ്ധതി വ്യവസ്ഥ ചെയ്യുന്നു.

ഇത് നെതന്യാഹുവിന് വിജയത്തിനുള്ള അവസരമാണെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞതായി ട്രംപ് പിന്നീട് ആക്‌സിയോസിനോട് പറഞ്ഞു. 'അദ്ദേഹത്തിന് അത് സമ്മതമാണ്. വേറെ വഴിയില്ല' ട്രംപിനെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ പ്രധാനമന്ത്രിയുമായുള്ള ഫോണ്‍ കോളിന് ശേഷം ഗസ്സയിലെ വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് പ്രസ്താവന ഇറക്കിയിരുന്നു. മൂന്നുമണിക്കൂറിനുളളില്‍ നെതന്യാഹു ബോംബാക്രമണം നിര്‍ത്താനുള്ള ഉത്തരവിറക്കുകയും ചെയ്തു.

ഞായറാഴ്ച അമേരിക്കന്‍ സമയം വൈകിട്ട് ആറുമണിക്കാണ് ഗസ്സ സമാധാന പദ്ധതി പ്രകാരം ഹമാസ് ഭരണമാറ്റത്തിന് സന്നദ്ധത അറിയിക്കേണ്ടിയിരുന്നത്. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ഏതാനും ദിവസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. ആദ്യഘട്ടം ഈയാഴ്ച പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈജിപ്റ്റിലെ റിസോര്‍ട്ട് നഗരമായ ഷാം എല്‍ ഷെയ്്ഖില്‍ ഇസ്രയേലും ഹമാസും തമ്മില്‍ പരോക്ഷ ചര്‍ച്ചകള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് അറിയിപ്പ്. യുഎസിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകന്‍ ജാരെദ് കുഷ്‌നറും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.