വാഷിങ്ടന്‍: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ഇരട്ടിത്തീരുവ ഏര്‍പ്പെടുത്തിയ അമേരിക്ക നടപടിയെ തുടര്‍ന്നുള്ള അസ്വാരസ്യങ്ങള്‍ തുടരുകയാണ്. ട്രംപിന്റെ കടുംപിടുത്തമാണ് ഈ വിഷയത്തില്‍ കാര്യങ്ങള്‍ വഷളാക്കിയത്. എന്നാല്‍, മോദിയെ പുകഴ്ത്തി ട്രംപ് രംഗത്തുവന്നു വന്നതും ഇതിനോട് അനുകൂലമായി പ്രതികരിച്ചു പ്രധാനമന്ത്രി മോദിയും രംഗത്തുവന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നു എന്ന സൂചനയാണുള്ളത്. ഈ നയതന്ത്ര ബന്ധം ഇനിയും മെച്ചപ്പെടട്ടേ എന്നാണ് ഇന്ത്യന്‍ ഐടി ഭീമന്‍മാര്‍ പറയുന്നത്. കാരണം, ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നയതന്ത്രബന്ധം ഊഷ്മളമാകാത്ത പക്ഷം പ്രതിയ പ്രതിസന്ധികളാണ് ഇന്ത്യന്‍ ഐടി മേഖലയെ കാത്തിരിക്കുന്നത്.

തീരുവ വര്‍ധനയിലൂടെ ഇന്ത്യയ്ക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഐടി മേഖലയില്‍ കടുംവെട്ടിന് തുനിഞ്ഞേക്കുമെന്ന ആശങ്കകള്‍ ഐടി മേഖലയില്‍ ശക്തമാണ്. യുഎസ് ഐടി കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന 'ഔട്ട്സോഴ്സിങ്' നിര്‍ത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയെ വരുതിയില്‍ നിര്‍ത്താന്‍ ട്രംപ് ഈ അറ്റകൈ പ്രയോഗം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്സോഴ്സിങ് തടയാന്‍ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഐടി സേവനങ്ങള്‍ക്കായി ഇനി അമേരിക്കക്കാര്‍ ഇംഗ്ലിഷ് ഭാഷയ്ക്കു വേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും കോള്‍ സെന്ററുകള്‍ വീണ്ടും അമേരിക്കന്‍ ആകുമെന്നും ലോറ ലൂമര്‍ പരിഹാസരൂപേണ തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.

തീരുമാനം നടപ്പിലാക്കിയാല്‍, ഇത് ഇന്ത്യന്‍ ഐടി സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയാകും. അതേസമയം ഇങ്ങനെ സംഭവിച്ചാല്‍ അത് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. യുഎസ് ഐടി സ്ഥാപനങ്ങളില്‍ നിന്നുള്ള ഔട്ട്സോഴ്സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയില്‍ ഇതു വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ഐടി മേഖലയെ വലിയ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുമെന്നാണ് സൂചന.

അത്തരം ഘട്ടത്തിലേക്ക് കടക്കില്ലെന്ന പ്രതീക്ഷയിലാണ് ഐടി കമ്പനികള്‍. അമേരിക്കയ്ക്ക് ഇന്ത്യയെ നഷ്ടമായെന്നും അത് ചൈനയുടെ നേട്ടമായെന്നും പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാക്ക് മാറ്റിയതോടെ നയതന്ത്ര രംഗത്ത് പുരോഗതി ഉണ്ടായിട്ടുണ്ട്.

'നമുക്ക് ഇന്ത്യയെ നഷ്ടപ്പെട്ടതായി ഞാന്‍ കരുതുന്നില്ല. റഷ്യയില്‍ നിന്നും അവര്‍ ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ എനിക്ക് നിരാശയുണ്ട്. ഞാനത് അവരെ അറിയിച്ചു ഇന്ത്യയ്ക്കുമേല്‍ ഞങ്ങള്‍ വലിയ തീരുവ- 50 ശതമാനം ചുമത്തിയിരിക്കുകയാണ്...' എന്നും 'എക്കാലവും ഞാന്‍ മോദിയുമായുള്ള സൗഹൃദം തുടരും. അദ്ദേഹം ഗംഭീരനായ പ്രധാനമന്ത്രിയാണ്... പക്ഷേ ഇപ്പോള്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ എനിക്കിഷ്ടമാകുന്നില്ല. ഇന്ത്യയും അമേരിക്കയും തമ്മില്‍ എക്കാലവും വളരെ സവിശേഷമായ ബന്ധമുണ്ടായിരുന്നു. അതിനെക്കുറിച്ച് ആശങ്കപ്പെടാനില്ല, വല്ലപ്പോഴും ഇതുപോലെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന് മാത്രം' എന്നമാണ് ട്രംപ് പറഞ്ഞത്.

ഇന്ത്യയുമായുള്ള വ്യാപാരചര്‍ച്ചകള്‍ നല്ല രീതിയില്‍ നടക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ പഴയപടിയാക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ഞാന്‍ എപ്പോഴും തയ്യാറായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കരുതലോടെയാണ് മോദിയും പ്രതികരിച്ചത്. 'പ്രസിഡന്റ് ട്രംപിന്റെ വിചാരങ്ങളെ ഞാന്‍ ആത്മാര്‍ത്ഥമായി മനസ്സിലാക്കുന്നു, അതേ രൂപത്തില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു.. ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത് വളരെ സൃഷ്ടിപരവും പുരോഗമനപരവും സമഗ്രവുമായ ആഗോളപ്രാധാന്യമുള്ള തന്ത്രപരമായ പങ്കാളിത്തമാണ്' എന്നായിരുന്നു മോദിയുടെ പോസ്റ്റ്. ഇതോടെ മഞ്ഞുരുക്കത്തിന് സാധ്യത തെളിയും എന്നാണ് പുറത്തുവരുന്ന സൂചനകള്‍.

അതേസമയം ഇന്ത്യയ്ക്കും യുഎസിനുമിടയില്‍ മഞ്ഞുരുകുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചക്കോടിക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തുമോ എന്നതില്‍ ആകാംക്ഷ വര്‍ധിക്കുന്നുണ്ട്. ഈ വര്‍ഷം ന്യൂഡല്‍ഹിയില്‍ വച്ച് ഇന്ത്യ ആതിഥ്യം വഹിക്കുന്ന ക്വാഡ് ഉച്ചക്കോടിയുടെ തീയതി പുറത്തുവന്നിട്ടില്ലെങ്കിലും നിലവിലെ ഇന്ത്യ യുഎസ് ബന്ധത്തില്‍ സംഭവിച്ചിരിക്കുന്ന വിള്ളല്‍ ക്വാഡിനെയും ബാധിച്ചേക്കാം.

ട്രംപ് ക്വാഡ് ഉച്ചക്കോടിക്ക് എത്തിയില്ലെങ്കില്‍ അടുത്ത വര്‍ഷം ഡിസംബറില്‍ മിയാമിയിലെ ട്രംപിന്റെ ഗോള്‍ഫ് ക്ലബില്‍ വച്ച് നടക്കാനിരിക്കുന്ന ജി20 ഉച്ചക്കോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും യുഎസും അംഗങ്ങളായ പ്രധാനപ്പെട്ട 2 ഉച്ചകോടികളാണ് 2025, 2026 വര്‍ഷങ്ങളിലായി ഇരുരാജ്യങ്ങളും ആതിഥ്യം വഹിക്കുന്നത്.

ഈ മാസം അവസാനം നടക്കുന്ന യുഎന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് നേരത്തെ സ്ഥിരീകരണം വന്നിരുന്നു. സമ്മേളനത്തില്‍ പ്രസംഗിക്കുന്നവരുടെ പട്ടികയില്‍ മോദിയുടെ പേരില്ലാതിരുന്നതോടെയാണ് മോദിയുടെ യുഎസ് സന്ദര്‍ശനം ഈ വര്‍ഷം ഉണ്ടാകിലെന്ന് ഉറപ്പായത്. ജൂലൈയില്‍ പുറത്തിറക്കിയ പ്രഭാഷകരുടെ മുന്‍ താല്‍ക്കാലിക പട്ടിക പ്രകാരം, സെപ്റ്റംബര്‍ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുചര്‍ച്ചയെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ പട്ടിക പ്രകാരം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറായിരിക്കും സെപ്റ്റംബര്‍ 27ന് യുഎന്നില്‍ പ്രസംഗിക്കുക.

യുഎസിലേക്ക് മോദി എത്തില്ലെന്ന് ഉറപ്പായതോടെ ഈ വര്‍ഷത്തെ ന്യൂഡല്‍ഹി ക്വാഡ് ഉച്ചക്കോടിക്ക് ട്രംപും എത്തില്ല. ഇന്ത്യക്ക് പുറമെ യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ക്വാഡ് അംഗങ്ങള്‍. നേരത്തെ ഡോണള്‍ഡ് ട്രംപ് ഉച്ചക്കോടിക്കായി ന്യൂഡല്‍ഹിയില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതെങ്കിലും തീരുവത്തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യ യുഎസ് ബന്ധം ഉലഞ്ഞതോടെ ട്രംപ് പിന്മാറുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ടിനെക്കുറിച്ച് ഇരു സര്‍ക്കാരുകളില്‍ നിന്നും ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം നിലപാട് മയപ്പെടുത്തി ട്രംപ് രംഗത്തെത്തിയതോടെ ക്വാഡ് ഉച്ചക്കോടിക്ക് ട്രംപ് തീരുമാനം മാറ്റുമോയെന്നതും നിര്‍ണായകമാണ്. ക്വാഡ് ഉച്ചക്കോടിക്ക് ട്രംപ് വന്നില്ലെങ്കില്‍ അടുത്ത വര്‍ഷം യുഎസിലെ മിയാമിയില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചക്കോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

2026ലെ ജി 20 ഉച്ചകോടി മിയാമിയിലെ തന്റെ ഗോള്‍ഫ് ക്ലബ്ബില്‍ നടത്താനുള്ള തീരുമാനം ശനിയാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. 2026ലെ ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പങ്കെടുക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. 2026 ഡിസംബര്‍ 14,15 തീയതികളിലാണ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഡോറല്‍ ഗോള്‍ഫ് റിസോര്‍ട്ടില്‍ ഉച്ചകോടി നടക്കുക. ഇരുനേതാക്കള്‍ക്കുമിടയിലെ മഞ്ഞുരുകിയില്ലെങ്കില്‍ മോദി ജി20 ഉച്ചക്കോടിക്ക് എത്താനുള്ള സാധ്യതയും കുറവാണ്.