- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി ഇസ്രായേല്‍; സമവായ ചര്‍ച്ചക്കായി ദോഹയിലേക്കും കെയ്‌റോയിലേക്കും സംഘത്തെ അയക്കില്ല; ഗാസ സിറ്റിയുടെ നിയന്ത്രണം ഏറ്റടുക്കാന്‍ ആദ്യ ഘട്ട ആക്രമണം തുടങ്ങി ഇസ്രയേല്‍; പല ഭാഗങ്ങളിലും ബോംബാക്രമണങ്ങള്‍ ശക്തമായതോടെ തെക്കന്‍ ഗാസ ലക്ഷ്യമാക്കി ജനങ്ങളുടെ പലായനം
ഹമാസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി ഇസ്രായേല്‍
ടെല്‍ അവിവ്: ഗസ്സ സിറ്റിയില്‍ ആക്രമണം കടുപ്പിച്ച ഇസ്രായേല്‍, ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം സ്വീകാര്യമല്ലെന്ന നിലപാടില്‍. വെടിനിര്‍ത്തല്‍ ചര്‍ച്ചക്കായി ദോഹയിലേക്കും കെയ്‌റോയിലേക്കും സംഘത്തെ അയക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ ഗാസ സിറ്റിയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കി.
ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം തുടങ്ങിയെന്നാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചിരിക്കുന്നത്. ഗാസ സിറ്റിയുടെ പല ഭാഗങ്ങളിലും ബോംബാക്രമണങ്ങള്‍ ശക്തമായതോടെ ജനങ്ങള്‍ തെക്കന്‍ ഗാസ ലക്ഷ്യമാക്കി പലായനം ആരംഭിച്ചു. അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ മറികടന്ന് ആക്രമണ പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കാനുള്ള നീക്കത്തിലാണ് ഇസ്രയേല്‍.
ബന്ദിമോചനവും വെടിനിര്‍ത്തലും ഉറപ്പാക്കാന്‍ ചര്‍ച്ചക്ക് തയാറാകാന്‍ നിര്‍ദേശം നല്‍കിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അറിയിച്ചു. എന്നാല്‍ ഇസ്രായേല്‍ മുന്നോട്ടു വെക്കുന്ന ഉപാധികളുടെ പുറത്തല്ലാതെയുള്ള യുദ്ധവിരാമത്തിന് തയാറല്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഹമാസ് അംഗീകരിച്ച,യു.എസ് ദൂതന്‍ സ്റ്റിവ് വിറ്റ്‌കോഫ് സമര്‍പ്പിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ നെതന്യാഹു തയാറായില്ല. വെടിനിര്‍ത്തല്‍ ചര്‍ച്ചക്കായി ദോഹയിലേക്കും കൈറോയിലേക്കും സംഘത്തെ അയക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ,അറുപതിനായിരം റിസര്‍വ് സൈനികരെ റിക്രൂട്ട് ചെയ്തും സൈനിക സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചും ഗസ്സയെ കീഴ്‌പ്പെടുത്താനുള്ള വിപുലമായ ആക്രമണ പദ്ധതിക്ക് തുടക്കം കുറിച്ചതായി ഇസ്രായേല്‍ സേന നേരത്തെ അറിയിച്ചിരുന്നു. ഭക്ഷണത്തിന് കാത്തുനിന്ന 13 പേരുള്‍പ്പെടെ 43 പേരെ ഇസ്രായേല്‍ ഇന്നലെ കൊന്നുതള്ളി. 112 കുട്ടികള്‍ ഉള്‍പ്പെടെ 271 പേരാണ് ഇതുവരെ പട്ടിണി മൂലം ഗസ്സയില്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ സഹായം ഉടന്‍ ലഭ്യമാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
വടക്കന്‍ ഗസ്സക്കു പിന്നാലെ ഗസ്സ സിറ്റിയില്‍ നിന്നും ഫലസ്തീനികളെ പുറന്തള്ളാനുള്ള ആസൂത്രിത പദ്ധതികളാണ് ഇസ്രായേല്‍ ആരംഭിച്ചിരിക്കുന്നത്. ആശുപത്രികളില്‍ നിന്ന് മുഴുവന്‍ രോഗികളെയും തെക്കല്‍ ഗസ്സയിലേക്ക് മാറ്റാന്‍ ഇസ്രായേല്‍ സൈന്യം നിര്‍ദേശിച്ചു. ഇത് നൂറുകണക്കിന് രോഗികളുടെ മരണത്തില്‍ കലാശിക്കുമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പത്ത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന ഗസ്സ സിറ്റിയില്‍ നിന്ന് ആളുകളെ പുറന്തള്ളുന്ന പദ്ധതിയുമായി സഹകരിക്കണമെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകളോട് ഇസ്രായേല്‍ അഭ്യര്‍ഥിച്ചു. ഇതിനിടെ, ഗാസയിലെ പട്ടിണി മരണം 271 ആയി. ഇസ്രയേല്‍ ആക്രമണത്തില്‍ ഇന്നലെ 41 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ യുദ്ധത്തിനിടെ ജീവന്‍ നഷ്ടമായ പാലസ്തീനികളുടെ എണ്ണം 62,190 കടന്നു.