ടെല്‍ അവീവ്: ഹിസ്ബുള്ള ആയുധക്കടത്ത് സംഘത്തിലെ നേതാവിനെ കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ച് ഇസ്രയേല്‍. ഹിസ്ബുള്ളയുള്ള സമാധാനക്കരാറില്‍ ഒപ്പിട്ടതിന് ശേഷം ഇസ്രയേല്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐ.ഡി.എഫ് നടത്തിയ റെയ്ഡിലാണ് നേതാവായ മുഹമ്മദ് മഹ്ദി അലി ഷഹീന്‍ കൊല്ലപ്പെട്ടത്.

ഹിസ്ബുള്ളയ്ക്ക് വേണ്ടി ആയുധങ്ങള്‍ കടത്തുന്നതിന് നേതൃത്വം നല്‍കുന്നവരില്‍ ഏറ്റവും പ്രധാനിയാണ് ഇയാള്‍. സിറിയയില്‍ നിന്ന് ലെബനിലേക്ക് ഈയിടെ ആയുധങ്ങള്‍ കടത്തിയ സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ഇസ്രയേല്‍ കണ്ടെത്തിയിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു ആയുധം കടത്തിയത്. ആ നീക്കം ഇരുകക്ഷികളും തമ്മിലുള്ള കരാറിനെ അട്ടിമറക്കുന്നതാണെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു.

യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത് കഴിഞ്ഞ നവംബറിലാണ്. ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചതിലൂടെയും അവരുടെ തന്ത്രപ്രധാനകേന്ദ്രങ്ങള്‍ തകര്‍ത്തതിലൂടെയും ലക്ഷ്യം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചാണ് ഇസ്രയേല്‍ കരാറിന് സമ്മതിച്ചത്. എന്നാല്‍ ഹിസ്ബുള്ള നേതൃത്വം ഇത് സംബന്ധിച്ച പ്രതികരണം ഇനിയും നടത്തിയിട്ടില്ല. ഇസ്രയേല്‍ വ്യോമസേന നേരിട്ട് നടത്തിയ ആക്രമണത്തിലാണ് ഷഹീന്‍ കൊല്ലപ്പെട്ടത്.

സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചാണ് സൈന്യം ഇയാളെ വക വരുത്തിയത്. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം

നടന്നത്. ഷഹീനൊപ്പം സഞ്ചരിച്ചിരുന്ന ഒരാള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സിറിയയില്‍ നിന്ന് നിരന്തരമായി ഹിസ്ബുള്ള ഭീകരര്‍ക്കായി ആയുധങ്ങള്‍ കടത്തുന്നത് ഇയാളായിരുന്നു.

കപ്പലുകളില്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് രഹസ്യമായി കടത്തി കൊണ്ട് വരുന്ന ആയുധങ്ങളാണ് ഇയാള്‍ തീവ്രവാദികളുടെ കൈകളില്‍ എത്തിക്കുന്നത്. ഇയാളുടെ പ്രവൃത്തികള്‍ എല്ലാ കാലത്തും തങ്ങള്‍ക്ക് ഭീഷണി ആയിരുന്നു എന്നാണ് ഇസ്രയേല്‍ സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.