ജറുസലേം: പലസ്തീന്‍ വിഷയത്തില്‍ ഇസ്രായേല്‍ വീണ്ടും രണ്ടും കല്‍പ്പിച്ച് രംഗത്ത്. അന്താരാഷ്ട്ര തലത്തില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ വെസ്റ്റ് ബാങ്കില്‍ ജൂത സെറ്റില്‍മെന്റ് പദ്ധതിയുമായി ഇസ്രായേല്‍ മുന്നോട്ടു പോകുകയാണ്. പലസ്തീന്‍ രാഷ്ട്രവാദം അന്തര്‍ദേശീയ തലത്തില്‍ വളരെ ശക്തമാകവേയാണ് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്. ജൂത സെറ്റില്‍മെന്റ് പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഇസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ വെസ്റ്റ് ബാങ്കിലെ ഇ1 മേഖലയില്‍ 3,401 പുതിയ വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്കാണ് അനുമതി നല്‍കിത്. ഈ നീക്കത്തിന് പിന്നാലെ പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തെ തടയുമെന്നും സ്‌മോട്രിച്ച് പ്രസ്താവിച്ചു. ജെറുസലേമിനും മാഅലെ അഡുമിം സെറ്റില്‍മെന്റിനും ഇടയിലുള്ള ഇ വണ്‍ പദ്ധതി ദശാബ്ദങ്ങളായി അന്താരാഷ്ട്ര എതിര്‍പ്പിനെത്തുടര്‍ന്ന് മരവിപ്പിച്ചിരിക്കുകയായിരുന്നു.

ഈ മേഖലയില്‍ നിര്‍മ്മാണം ആരംഭിക്കുന്നത് വെസ്റ്റ് ബാങ്കിനെ ജറുസലേമില്‍ നിന്നും വിച്ഛേദിക്കുകയും മേഖലയുടെ ഭൗമപരമായ തുടര്‍ച്ചയെ സാരമായി ബാധിക്കുകയും ചെയ്യും. 'ഈ പദ്ധതി ഒരു പലസ്തീന്‍ രാഷ്ട്രം എന്ന ആശയത്തെ ഇല്ലാതാക്കും, എന്നാണ് സ്‌മോട്രിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. അന്താരാഷ്ട്ര നിയമപ്രകാരം ഈ സെറ്റില്‍മെന്റുകള്‍ നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്. ഇസ്രായേലും പലസ്തീനികളും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട തര്‍ക്കവിഷയങ്ങളില്‍ ഒന്നാണ് ഈ സെറ്റില്‍മെന്റുകള്‍.

പലസ്തീന്‍ വിരുദ്ധ സെറ്റില്‍മെന്റ് ഗ്രൂപ്പായ പീസ് നൗവിന്റെ കണക്കനുസരിച്ച്, വെസ്റ്റ് ബാങ്കിലും കിഴക്കന്‍ യെറുശലേമിലുമായി ഏകദേശം 160 സെറ്റില്‍മെന്റുകളിലായി 700,000 സെറ്റില്‍മെന്റുകാര്‍ താമസിക്കുന്നുണ്ട്. പലസ്തീനികള്‍ക്ക് ഭാവിക്കു വേണ്ടിയുള്ള സ്വതന്ത്ര രാഷ്ട്രത്തിനായി ആവശ്യപ്പെടുന്ന ഭൂമിയാണിത്. ദശാബ്ദങ്ങളുടെ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനും മരവിപ്പിക്കലിനും ശേഷം, ഞങ്ങള്‍ അതിര്‍ത്തികള്‍ ലംഘിച്ച് മാഅലെ അഡുമിം നെ യെറുശലേമുമായി ബന്ധിപ്പിക്കുകയാണ്,' സ്‌മോട്രിച്ച് പറഞ്ഞു.

ഈ വര്‍ഷം പലസ്തീന്‍ രാഷ്ട്രം ഉണ്ടാകാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു. അടുത്തിടെ പല രാജ്യങ്ങളും പലസ്തീന്‍ അനുകൂല പ്രസ്താവനകള്‍ നടത്തിയിരുന്നു. 'അങ്ങനെയൊന്നും സംഭവിക്കില്ല. അംഗീകരിക്കാന്‍ ഒരു രാഷ്ട്രവും ഉണ്ടാകില്ല,' യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഈ പദ്ധതിയെക്കുറിച്ച് എന്തു സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

അതേസമയം നതന്യാഹു സര്‍ക്കാര്‍ വെസ്റ്റ് ബാങ്കിന്റെ കൂട്ടിച്ചേര്‍ക്കല്‍ കൂടുതതല്‍ വേഗത്തിലാക്കാനും രണ്ട് രാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത തടയാനും ഓരോ നിമിഷവും ഉപയോഗിക്കുകയാണെന്ന് പീസ് നൗ അഭിപ്രായപ്പെട്ടു. ഈ നീക്കം പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിനുള്ള സാധ്യതയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് ഇത് ആക്കം കൂട്ടുമെന്നുമാണ് ഇവര്‍ വാദിക്കുന്നത്.