ജറുസലം: ഗാസ സിറ്റിയില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍ സൈന്യം രംഗത്തെത്തിയതോടെ പരക്കംപാച്ചിലില്‍ പലസ്തീനികള്‍. ബോംബിങ്ങിനു പുറമേ ടാങ്കുകള്‍ രൂക്ഷമായ പീരങ്കിയാക്രമണമാണു നടത്തുന്നത്. ആക്രമണത്തില്‍ 33 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ആറു ലക്ഷത്തോളം പലസ്തീന്‍കാരാണ് ഗാസ സിറ്റിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനകം മൂന്നരലക്ഷത്തോളം പേര്‍ പലായനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യോമാക്രമണത്തില്‍ ഹമാസ് നേതാവ് മഹ്‌മൂദ് യൂസുഫ് അബു അല്‍ഖീറിനെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഹമാസ് സൈനിക ഇന്റലിജന്‍സ് ഉപമേധാവിയാണ്. ഗാസയില്‍ വന്‍ സൈനിക ശക്തി പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രായേല്‍. ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്യാന്‍ ആവശ്യപ്പെട്ടു. 48 മണിക്കൂര്‍ നേരത്തേക്ക് തുറന്ന താല്‍ക്കാലിക രക്ഷാ പാത അടക്കുന്നതായും സൈന്യം അറിയിച്ചു.

തെക്കന്‍ ഗസ്സയിലേക്കുള്ള ഏക പാതയായ അല്‍ റാഷിദ് റോഡ് ഉപയോഗിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങളും ടാങ്കുകളും ഒരുമിച്ചാണ് ഗസ്സ സിറ്റിയില്‍ ആക്രമണം നടത്തുന്നത്. 72 മണിക്കൂറിനിടെ 60,000 പേര്‍ നഗരം വിട്ടതായി യു.എന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതിനിടെ, ഇസ്രയേല്‍ അതിര്‍ത്തിയില്‍ നൂറുകണക്കിന് ഇസ്രയേല്‍ പൗരന്മാര്‍ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ആവശ്യപ്പെട്ടു പ്രകടനം നടത്തി. അധിനിവേശ വെസ്റ്റ് ബാങ്കിനും ജോര്‍ദാനുമിടയിലെ പാത ഇസ്രയേല്‍ അടച്ചു. കഴിഞ്ഞദിവസം ജോര്‍ദാനില്‍നിന്ന് സഹായവുമായെത്തിയ സംഘത്തിലെ ഒരു ട്രക്ക് ഡ്രൈവര്‍ നടത്തിയ വെടിവയ്പില്‍ 2 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണിത്.

അതിര്‍ത്തിയില്‍ ജോര്‍ദാന്‍ നദിയിലെ അലന്‍ബി പാലവും അടച്ചു. ജോര്‍ദാന്‍ഇസ്രയേല്‍ മുഖ്യവ്യാപാരപാതയാണിത്. വെസ്റ്റ്ബാങ്കില്‍നിന്നുള്ള പലസ്തീന്‍കാരും ജോര്‍ദാന്‍ വഴിയാണ് പുറത്തുകടക്കുന്നത്. അതേസമയം, പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഒരുസംഘം ഡെമോക്രാറ്റ് അംഗങ്ങള്‍ യുഎസ് സെനറ്റില്‍ അവതരിപ്പിച്ചു. ഇതാദ്യമാണ് യുഎസ് സെനറ്റില്‍ പലസ്തീന്‍ അനുകൂല പ്രമേയം. ഡെമോക്രാറ്റ് പക്ഷത്തുള്ള സ്വതന്ത്ര സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് കഴിഞ്ഞദിവസം ഗാസയിലേത് വംശഹത്യയാണെന്നു പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് ഒരു യുഎസ് സെനറ്റര്‍ ഇസ്രയേലിനെതിരെ വംശഹത്യ ആരോപണം ഉയര്‍ത്തുന്നത്.

ഇതിനിടെ ഇസ്രായേലിന് കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ അനുമതി തേടി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആറ് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കുന്നതിനാണ് അനുമതി തേടിയത്. ഗസ്സയിലെ ആക്രമണങ്ങളുടെ പേരില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ ഒറ്റപ്പെടുന്നതിനിടെയാണ് ട്രംപിന്റെ നീക്കം.

3.8 ബില്യണ്‍ ഡോളറിന്റെ 30 അപ്പാച്ചേ ഹെലികോപ്ടറുകള്‍. 1.9 ബില്യണ്‍ ഡോളറിന്റെ വാഹനങ്ങള്‍ എന്നിവയെല്ലാം ഇസ്രായേലിന് യു.എസ് നലകും. ഇതിന് പുറമേ ഇസ്രായേല്‍ പ്രതിരോധസേനക്ക് 750 മില്യണ്‍ ഡോളറിന്റെ സഹായവും യു.എസ് നല്‍കും. ഗസ്സയില്‍ ആക്രമണം ഇസ്രായേല്‍ ശക്തമാക്കുന്നതിനിടെയാണ് കൂടുതല്‍ ആയുധങ്ങള്‍ നല്‍കിയുള്ള യു.എസ് സഹായം. അതേസമയം, ആയുധ വില്‍പന സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കാന്‍ യു.എസ് പ്രതിരോധമന്ത്രാലയം തയാറായിട്ടില്ല. വാള്‍സ്ട്രീറ്റ് ജേണലാണ് ആയുധവില്‍പന സംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.