- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയെ ദ്രോഹിക്കുന്നവര്‍ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും വേട്ടയാടി പിടിക്കും; എഫ്.ബി.ഐയില്‍ വിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് തന്റെ പ്രധാനലക്ഷ്യം; പുതിയ എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറയുന്നു
അമേരിക്കയെ ദ്രോഹിക്കുന്നവര്‍ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും വേട്ടയാടി പിടിക്കും
വാഷിങ്ടണ്‍: അമേരിക്കയെ ദ്രോഹിക്കുന്നവര്‍ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും അവരെ വേട്ടയാടി പിടിക്കുമെന്ന് പുതിയ എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍. പട്ടേലിനെ എഫ്.ബി.ഐ ഡയറക്ടറാക്കി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തില്‍ നിന്നും പ്രതികരണം ഉണ്ടായത്. എഫ്.ബി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുമെന്നും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ്.ബി.ഐ ഡയറക്ടറായി തെരഞ്ഞെടുത്തതിന് ഡോണാള്‍ഡ് ട്രംപിനെ അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു. അറ്റോണി ജനറല്‍ പാം ബോണ്ടിയോടും അദ്ദേഹം നന്ദി പറഞ്ഞു.
സുതാര്യമായൊരു എഫ്.ബി.ഐ അമേരിക്കന്‍ ജനത അര്‍ഹിക്കുന്നുണ്ട്. നമ്മുടെ നീതിസംവിധാനത്തിലെ രാഷ്ട്രീയഅതിപ്രസരം മൂലം ജനങ്ങള്‍ക്ക് അതിലുള്ള വിശ്വാസം നഷ്ടമായി. ഇന്ന് മുതല്‍ ഈ രീതി അവസാനിക്കാന്‍ പോവുകയാണെന്നും കാഷ് പട്ടേല്‍ പറഞ്ഞു. ഡയറക്ടര്‍ എന്ന നിലയില്‍ തന്റെ ദൗത്യം വ്യക്തമാണ്. എഫ്.ബി.ഐയില്‍ വിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് തന്റെ പ്രധാനലക്ഷ്യം. ഏജന്‍സിയിലെ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലൂടെ അഭിമാനകരമായ സ്ഥാപനമാക്കി എഫ്.ബി.ഐയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ എഫ്.ബി.ഐയുടെ പുതിയ ഡയറക്ടറായുള്ള കാഷ് പട്ടേലിന്റെ നിയമനത്തിന് സെനറ്റ് അംഗീകാരം നല്‍കിയിരുന്നു. പട്ടേലിനെ അനുകൂലിച്ച് 51 വോട്ടുകളും എതിര്‍ത്ത് 49 വോട്ടുകളുമാണ് ലഭിച്ചത്. എഫ്.ബി.ഐയുടെ ഒമ്പതാമത്തെ ഡയറക്ടര്‍ ആണ് കാഷ് പട്ടേല്‍. ട്രംപ് അനുകൂലിയായ പട്ടേല്‍, നേരത്തെ എഫ്.ബി.ഐയെ പല കാര്യങ്ങള്‍ക്കും വിമര്‍ശിച്ചിട്ടുണ്ട്. പ്രസിഡന്റായതിന് പിന്നാലെ കാഷ് പട്ടേലിനെ എഫ്.ബി.ഐ തലവനായി ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തിരുന്നു. ഈ നാമനിര്‍ദേശത്തിനാണ് യു.എസ് സെനറ്റ് ഇപ്പോള്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.
വര്‍ധിച്ചു വരുന്ന കുറ്റകൃത്യ നിരക്ക്, ക്രിമിനല്‍ സംഘങ്ങള്‍, യു.എസ് അതിര്‍ത്തി വഴിയുള്ള മനുഷ്യ-മയക്കുമരുന്ന് കടത്ത് തുടങ്ങിയ വെല്ലുവിളികളെ പ്രതിരോധിക്കുകയാണ് എഫ്.ബി.ഐയുടെ പ്രധാന ചുമതലകള്‍. ട്രംപിന്റെ ആദ്യ സര്‍ക്കാറില്‍ പ്രതിരോധ വകുപ്പ് ഡയറക്ടര്‍, നാഷനല്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍, നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കൗണ്ടര്‍ ടെററിസം സീനിയര്‍ ഡയറക്ടര്‍ അടക്കമുള്ള സുപ്രധാന പദവികള്‍ കാഷ് പട്ടേല്‍ വഹിച്ചിട്ടുണ്ട്.
സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 51-49 ഭൂരിപക്ഷത്തോടെയാണ് പട്ടേലിനെ തിരഞ്ഞെടുത്തത്. രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ സൂസന്‍ കോളിന്‍സും ലിസ മുര്‍കോവ്‌സ്‌കിയും നിയമനത്തെ എതിര്‍ക്കുന്നതില്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം നിന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് കാഷ് പട്ടേലിനെ നാമനിര്‍ദേശം ചെയ്തത്. ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളായ കാഷ് പട്ടേല്‍ യുഎസ് രഹസ്യാനേഷണ ഏജന്‍സി സിഐഎയുടെ തലപ്പത്ത് എത്തുമെന്നു സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് എഫ്ബിഐ ഡയറക്ടറായി നിയമനം.
കഴിഞ്ഞ ട്രംപ് സര്‍ക്കാരില്‍ വിവിധ ഇന്റലിജന്‍സ് വകുപ്പുകളുടെ മേധാവി ആയിരുന്ന അദ്ദേഹം ഇക്കുറി ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു. ന്യൂയോര്‍ക്ക് ഗാര്‍ഡന്‍ സിറ്റി സ്വദേശിയും 44കാരനുമായ കാഷ് പട്ടേലിന്റെ മാതാപിതാക്കള്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്. റിച്ച്‌മെന്റ് സര്‍വകലാശാലയില്‍ നിന്ന് ക്രിമിനല്‍ ജസ്റ്റിസും റേസ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും യൂനിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനില്‍ നിന്ന് അന്താരാഷ്ട്ര നിയമത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.