- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത കുടിയേറ്റക്കാര്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് ലഭ്യമാക്കും; കീര്‍ സ്റ്റാര്‍മാരുടെ പൊട്ട ബുദ്ധി എയറില്‍; ഒന്നോ രണ്ടോ പേരെ നാട് കടത്തി 1000 പേരെ സ്വീകരിക്കും; ബ്രിട്ടീഷ് സര്‍ക്കാറിന്റെ കുടിയേറ്റ നയത്തെ പഞ്ഞിക്കിട്ട് നൈജില്‍ ഫരാജ്
അനധികൃത കുടിയേറ്റക്കാര്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് ലഭ്യമാക്കും
ലണ്ടന്‍: ചെറു യാനങ്ങളില്‍ ചാനല്‍ കടന്നെത്തുന്ന അനധികൃത അഭയാര്‍ത്ഥികളെ തടയാന്‍ ഡിജിറ്റല്‍ ഐഡെന്റിഫിക്കേഷന്‍ കാര്‍ഡുകള്‍ക്കാവും എന്ന അവകാശവാദത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്. ചാനല്‍ വഴിയുള്ള അഭയാര്‍ത്ഥി പ്രവാഹം കുറയ്ക്കുന്നതിനായി രാജ്യത്തിന്റെ അഭയാര്‍ത്ഥി - കുടിയേറ്റ നയങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായിട്ടാണ് സര്‍ കീര്‍ സ്റ്റാര്‍മര്‍ ഈ പുതിയ പദ്ധതി അവതരിപ്പിക്കുന്നത്.
ഈ പദ്ധതിയുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ ഇനിയും തയ്യാറായിട്ടില്ലെങ്കിലും, കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രധാനമന്ത്രി ഇതിനെ കുറിച്ച് ആലോചിക്കുകയാണെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാനല്‍ വഴി എത്തുന്ന അഭയാര്‍ത്ഥികളെ അത്തരം ശ്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഡിജിറ്റല്‍ ഐ ഡി കാര്‍ഡുകള്‍ ഉപകാരപ്പെടുമെന്ന് നിര്‍ദ്ദേശിച്ചത് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സ്റ്റേറ്റ് സെക്രട്ടറി പാറ്റ് മെക്ഫഡേന്‍ ആണ്.
എന്നാല്‍, ഇതിനെ ശുദ്ധ വിഢിത്തം എന്ന് വിശേഷിപ്പിക്കുന്ന വിമര്‍ശകര്‍, പദ്ധതിക്ക് പിന്തുണ ലഭിക്കുന്നതിനായി പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്നും ആരോപിക്കുന്നു. അടുത്തയാഴ്ച നടക്കുന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ ഈ പദ്ധതി പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്. അതേസമയം, അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് ഈ പദ്ധതി ഉപകാരപ്പെടില്ല എന്നാണ് കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബെയ്ഡ്‌നോക്കും പറയുന്നത്.
ഡിജിറ്റല്‍ ഐ ഡി അഭയാര്‍ത്ഥി പ്രവാഹം നിയന്തിക്കാന്‍ ഉതകില്ല എന്ന് മാത്രമല്ല, നിയമമനുസരിച്ച് ജീവിക്കുന്ന പൗരന്മാര്‍ക്കു കൂടി തങ്ങള്‍ക്ക് രാജ്യത്ത് താമസിക്കാനുള്ള അവകാശം തെളിയിക്കേണ്ട ഒരു സാഹചര്യം വന്നു ചേരും എന്ന് ബിഗ് ബ്രദര്‍ വാച്ചിലെ റെബേക്ക വിന്‍സെന്റ് പറയുന്നു. എന്തിനും ഏതിനും രേഖകള്‍ ചോദിക്കുന്ന ഒരു സമൂഹമായി ബ്രിട്ടന്‍ മാറുമെന്നും അവര്‍ പറയുന്നു. പൗരന്മാരും, അനധികൃത കുടിയേറ്റക്കാരും ഉള്‍പ്പടെ ബ്രിട്ടനില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഡിജിറ്റല്‍ ഐ ഡി കാര്‍ഡ് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് ചില സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനിടെ കീര്‍ സ്റ്റാര്‍മറുടെ വണ്‍ ഇന്‍ വണ്‍ ഔട്ട് നയത്തെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട് റിഫോം യു കെ നേതാവ് നെയ്ജല്‍ ഫരാജ് രംഗത്തെത്തി. വെള്ളിയാഴ്ച ആയിരത്തിലധികം അഭയാര്‍ത്ഥികള്‍ ചെറു യാനങ്ങളിലായി എത്തിയതോടെയാണിത്. ഇതോടെ 2025 ല്‍ ഇതുവരെ അനധികൃതമായി, ചാനല്‍ വഴി എത്തിയ അഭയാര്‍ത്ഥികളുടെ എണ്ണം 32,103 ആയി ഉയര്‍ന്നു. ഇതൊരു റെക്കോര്‍ഡ് ആണ്. ആയിരത്തോളം അനധികൃത അഭയാര്‍ത്ഥികള്‍ ബ്രിട്ടനിലെത്തിയപ്പോള്‍, ഇവിടെ നിന്നും വണ്‍ ഇന്‍ വണ്‍ ഔട്ട് പദ്ധതി പ്രകാരം ഫ്രാന്‍സിലേക്ക് തിരിച്ചയച്ചത് വെറും മൂന്ന് പേരെ മാത്രമാണ് എന്നായിരുന്നു ഫരാജ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.