ടെഹ്‌റാന്‍: ഇറാനിലെ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ ഇസ്രായേല്‍ വധിച്ചതായി ഇറാന്‍ ഭരണകൂടം സ്ഥിരീകരിച്ചതോടെ ഉയരുന്ന ഒരു ചോദ്യം ഇറാനെ ഈ കൊലപാതകം ദോഷകരമായി ബാധിക്കുമോ എന്നാണ്. ഫെബ്രുവരി 28 ന് പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയെ കൊലപ്പെടുത്തിയതിനുശേഷം ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സെക്രട്ടറിയായ ലാരിജാനി ഭരണകൂടത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായിരുന്നു.

ഖമേനിയുടെ മരണശേഷം ഇറാനിലെ യഥാര്‍ത്ഥ നേതാവായി പലരും അദ്ദേഹത്തെയാണ് വിശേഷിപ്പിച്ചിരുന്നത്. ഇസ്ലാമിക വിപ്ലവം അവകാശപ്പെടുകയും അത് തുടരുകയും ചെയ്യുന്ന വ്യക്തിയായി ലാരിജാനിയെ ഖമേനി കണ്ടിരുന്നു. രാജ്യത്തെ പ്രമുഖ പുരോഹിത കുടുംബങ്ങളില്‍ ഒന്നില്‍ നിന്നുള്ള അംഗമായ ലാരിജാനി, ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളില്‍ നേതൃത്വം വഹിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. അമേരിക്കയുമായി ഒരു ആണവ കരാറിലെത്താനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നു.

ജനുവരിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരെ ശക്തമായ അടിച്ചമര്‍ത്തലിന് വ്യക്തിപരമായി നേതൃത്വം നല്‍കിയത് ലാരിജാനിയാണ് എന്നാണ് പറയപ്പെടുന്നത്. ഇറാന്‍ ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് മറുപടിയായി അക്രമത്തിന് ആഹ്വാനം ചെയ്ത ആദ്യത്തെ ഇറാന്‍ നേതാക്കളില്‍ ഒരാളാണ് ലാരിജാനി. യുഎസ് ട്രഷറി അദ്ദേഹത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സിലെ മുന്‍ അംഗമായിരുന്ന ലാരിജാനി, 2005 മുതല്‍ 2007 വരെ മുഖ്യ ആണവ ചര്‍ച്ചയുടെ മധ്യസ്ഥനായിരുന്നു.

യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശമാണെന്ന് ഇറാന്‍ പറയുന്നതിനെ ലാരിജാനി എപ്പോഴും ന്യായീകരിച്ചിരുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ ഇറാനോട് എടുത്ത നിലപാടുകളെ അദ്ദേഹം പരസ്യമായി തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 2005 ല്‍ അദ്ദേഹം ആദ്യമായി സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തലവനായി.

2006 ല്‍ രണ്ടാം ലെബനന്‍ യുദ്ധത്തിന് കാരണമായ ഇസ്രയേല്‍ സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്റെ സൂത്രധാരന്‍ അദ്ദേഹമാണെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ആരോപിച്ചിരുന്നു. ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസറുള്ളക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്‍കാനായി ലാരിജാനി ലെബനനില്‍ പോയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 2008 മുതല്‍ 2020 വരെ ലാരിജാനി പാര്‍ലമെന്റ് സ്പീക്കറായിരുന്നു.

ആ കാലയളവില്‍ ഇറാന്‍ 2015 ല്‍ യുഎസുമായും മറ്റ് അഞ്ച് ശക്തികളുമായും ഒരു ആണവ കരാറില്‍ ഒപ്പുവച്ചിരുന്നു. 2005 ല്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2021-ലും 2024-ലും നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും ജീവിതശൈലി നിലവാരവും വിദേശത്തുള്ള കുടുംബബന്ധങ്ങളും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഗാര്‍ഡിയന്‍ കൗണ്‍സില്‍ രണ്ടുതവണയും അദ്ദേഹത്തെ വിലക്കി.

ഇറാനും ഇസ്രായേലും തമ്മിലുള്ള 12 ദിവസത്തെ വ്യോമയുദ്ധത്തെത്തുടര്‍ന്ന്, കഴിഞ്ഞ ഓഗസ്റ്റില്‍ ലാരിജാനി വീണ്ടും എസ്എന്‍എസ്സിയുടെ സെക്രട്ടറിയായി നിയമിതനായി. റഷ്യയുമായി പല വട്ടം ചര്‍ച്ച നടത്താനായി ഖമേനി അയച്ചതും ലാരിജാനിയെ ആയിരുന്നു. ഇറാനില്‍ ഇപ്പോള്‍, കാര്യങ്ങള്‍ ആരാണ് നയിക്കുന്നതെന്ന് വ്യക്തമല്ല. ഖമേനിയുടെ മകന്‍ മൊജ്തബ ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.

പക്ഷേ അദ്ദേഹത്തിന്റെ പിതാവിന്റെ മരണത്തിന് കാരണമായ വ്യോമാക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതായി വിശ്വസിക്കപ്പെടുന്നു, അതിനുശേഷം മൊജ്തബയെ ആരും കണ്ടിട്ടില്ല. യുദ്ധത്തിന്റെ അടുത്ത ഘട്ടം എന്തിലേക്ക് നയിക്കുമെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല, ലാരിജാനിയുടെ കൊലപാതകം ഇറാനിയന്‍ പ്രതിഷേധക്കാരെ വീണ്ടും തെരുവിലിറക്കാന്‍ കാരണമാകുമോ എന്നും അറിയില്ല.