ടെഹ്റാന്‍/ന്യൂഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ ഇറാനില്‍ നിന്നും എത്രയും വേഗം ഇന്ത്യക്കാര്‍ മടങ്ങണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, ബിസിനസുകാര്‍ തുടങ്ങി ഇറാനിലുള്ള മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരും ലഭ്യമായ വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി ഉടന്‍ മടങ്ങണമെന്നാണ് ഇന്ത്യന്‍ എംബസി നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. അതേസമയം, ഇറാനിലേക്കുള്ള എല്ലാ യാത്രകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

2,500-ല്‍ അധികം പേര്‍ മരിച്ച പ്രക്ഷോഭം 20-ാം ദിവസത്തിലേക്ക് കടക്കുകയും രാജ്യത്തുടനീളം 280 സ്ഥലങ്ങളില്‍ മാരകമായ ഏറ്റുമുട്ടലുകളിലേക്ക് വഴുതിവീഴുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഈ നിര്‍ദേശം. ആഴ്ചകളായി തുടരുന്ന പ്രക്ഷോഭങ്ങള്‍ കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല.




ഇന്ത്യക്കാര്‍ക്ക് കര്‍ശന ജാഗ്രതാനിര്‍ദ്ദേശം

നിലവില്‍ ഇറാനില്‍ തുടരുന്ന ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി അറിയിച്ചു.

പ്രതിഷേധം നടക്കുന്ന ഇടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക.

പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും എപ്പോഴും കൈവശം വെക്കുക.

എംബസിയുമായി നിരന്തരം ബന്ധപ്പെടുക.

ഇതുവരെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ തന്നെ വിവരങ്ങള്‍ കൈമാറുക.




അടിയന്തര സഹായത്തിനായി ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ഇമെയില്‍ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഇറാനിലെ സാമ്പത്തിക മാന്ദ്യവും കറന്‍സിയുടെ മൂല്യത്തകര്‍ച്ചയുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. ഇത് നിലവില്‍ ഭരണകൂടത്തെ താഴെയിറക്കാനുള്ള വന്‍ പ്രക്ഷോഭമായി ആളിപ്പടരുകയാണ്.



എംബസിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യണമെന്നും, പ്രാദേശിക മാധ്യമങ്ങളിലൂടെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയന്തര സഹായങ്ങള്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ഇമെയില്‍ സംവിധാനവും എംബസി സജ്ജമാക്കിയിട്ടുണ്ട്

മരണസംഖ്യ 2500 കടന്നു; ഇറാന്‍ യുദ്ധക്കളം

സാമ്പത്തിക തകര്‍ച്ചയ്ക്കും പണപ്പെരുപ്പത്തിനുമെതിരെ ഇരുപത് ദിവസം മുന്‍പ് തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ വന്‍ ആഭ്യന്തര യുദ്ധമായി മാറിയിരിക്കുകയാണ്. രാജ്യമൊട്ടാകെ 280-ഓളം കേന്ദ്രങ്ങളില്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മരണം 2500 പിന്നിട്ടു കഴിഞ്ഞു. ഇറാനിലെ തെരുവുകളെല്ലാം ചോരപ്പുഴയായി മാറിയിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ഇറാനിലെ ഭരണകൂടത്തെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്ത ട്രംപ്, പിന്‍വാങ്ങരുതെന്നും സഹായം ഉടന്‍ എത്തുമെന്നും അറിയിച്ചു. ഇതോടെ ഇറാന്‍ വിഷയം ഒരു അന്താരാഷ്ട്ര സൈനിക നീക്കത്തിലേക്ക് മാറുമോ എന്ന ആശങ്കയും ശക്തമാണ്. എന്നാല്‍, തങ്ങളുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണ് ഈ കലാപമെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ ആരോപണം.