ലണ്ടന്‍: വണ്‍ ഇന്‍ വണ്‍ ഔട്ട് പദ്ധതി പ്രകാരം ഫ്രാന്‍സിലേക്ക് മടക്കി അയച്ച ഒരു ഇറാനിയന്‍ പൗരന്‍ മറ്റൊരു ചെറു ബോട്ടില്‍ കയറി ബ്രിട്ടനില്‍ തിരികെ എത്തിയതായി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തിരിച്ച് ബ്രിട്ടനിലെത്തിയതിന് ശേഷം ഗാര്‍ഡിയന്‍ പ്രതിനിധിയോട് സംസാരിച്ച ഈ വ്യക്തി ബ്രിട്ടനില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു. ഇപ്പോള്‍ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ തടവിലായ ഇയാള്‍ അവകാശപ്പെടുന്നത് വടക്കന്‍ ഫ്രാന്‍സിലെ മനുഷ്യക്കടത്ത് സംഘത്തിന്റെ കൈകളില്‍ ആധുനിക അടിമത്തം അനുഭവിക്കേണ്ടതായി വന്നു എന്നാണ്.

ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സിലേക്ക് അയച്ച ഒരാള്‍ തിരികെ ബ്രിട്ടനില്‍ എത്തിയതായി ഹോം ഓഫീസ് വൃത്തങ്ങളും സ്ഥിരീകരിച്ചു.ചാനല്‍ കടന്നെത്തിയ അഭയാര്‍ത്ഥികളുടെ എണ്ണം 2024 ലെ കണക്കിനെ മറികടന്ന അന്നു തന്നെയാണ് ഈ വിവരവും പുറത്തു വന്നത്. കഴിഞ്ഞ വര്‍ഷം 36,816 പേരാണ് അനധികൃതമായി ചാനല്‍ കടന്ന് ബ്രിട്ടനില്‍ എത്തിയതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 36,886 പേര്‍ എത്തിക്കഴിഞ്ഞു.

ഈ വര്‍ഷം അവസാനിക്കാന്‍ ഇനിയും രണ്ട് മാസങ്ങള്‍ കൂടി ബാക്കിയുള്ളപ്പോള്‍, ഇതുവരെ ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 70 പേര്‍ കൂടുതലായി ചാനല്‍ വഴി എത്തിക്കഴിഞ്ഞു എന്ന് ചുരുക്കം. അതിനിടയില്‍, ഫ്രാന്‍സില്‍ തനിക്ക് സുരക്ഷാഭീതിയുണ്ടെന്നും, ഫ്രാന്‍സ് സുരക്ഷിതമായിരുന്നെങ്കില്‍ താന്‍ ഒരിക്കലും തിരികെ വരില്ലായിരുന്നുമെന്നുമാണ് ഇറാനിയന്‍ പൗരന്‍ പറഞ്ഞത്.

ഫ്രാന്‍സില്‍ എത്തിയ ഉടനെ തങ്ങളെ ഒരു ക്യാമ്പിലേക്ക് കൊണ്ടുപോയെന്നും, ഭയമായതിനാല്‍ താന്‍ ക്യാമ്പിന് വെളിയില്‍ ഇറങ്ങാതെ കഴിഞ്ഞു എന്നും അയാള്‍ പറയുന്നു. മനുഷ്യക്കടത്തുകാര്‍ വലിയ അപകടകാരികളാണ്. എപ്പോഴും അവര്‍ ആയുധങ്ങളുമായാണ് നടക്കുന്നത്. ഫ്രാന്‍സിലെ ഒരു കാട്ടില്‍ വെച്ച് മനുഷ്യക്കടത്തുകാരുടെ കെണിയില്‍ കുടുങ്ങിയതിന് ശേഷമാണ് താന്‍ ആദ്യമായി ബ്രിട്ടനിലെക്ക് വന്നതെന്നും അയാള്‍ പറഞ്ഞു.

ബ്രിട്ടന്‍ പുറത്താക്കുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കൊസോവോ

അഭയാപേക്ഷ നിരസിക്കപ്പെടുന്ന അഭയാര്‍ത്ഥികളെ തിരികെ സ്വന്തം നാടുകളിലേക്ക് നാടുകടത്തുന്നതിനുള്ള റിട്ടേണ്‍ ഹബ്ബുകളായി മറ്റു രാജ്യങ്ങളെ ഉപയോഗിക്കാനുള്ള ബ്രിട്ടന്റെ പദ്ധതിയില്‍ ചേരുന്ന ആദ്യ രാജ്യമായി മാറുകയാണ് കൊസോവൊ എന്ന സൂചനകള്‍ പുറത്തുവന്നു. യു കെയെ സഹായിക്കാന്‍ താത്പര്യമുണ്ടെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കൊസോവോ പ്രധാനമന്ത്രി ആല്‍ബില്‍ കുര്‍ത്തി പറഞ്ഞതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപേക്ഷ നിരസിക്കപ്പെടുകയും, അതിന്മേലുള്ള അപ്പീല്‍ അവസരങ്ങള്‍ എല്ലാം തീരുകയും ചെയ്ത അഭയാര്‍ത്ഥികളെയായിരിക്കും മൂന്നാം രാജ്യങ്ങളില്‍ പണിയുന്ന ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് അയയ്ക്കുക.

ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ഈ പടിഞ്ഞാറന്‍ ബാള്‍ക്കന്‍ രാജ്യത്തില്‍ നിന്നുള്ള പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് മുന്‍പായാണ് ഇത്തരമൊരു പ്രഖ്യാപനം വന്നത്. ബ്രിട്ടനെ സഹായിക്കുക എന്നത് തങ്ങളുടെ സൗഹാര്‍ദ്ദപരവും രാഷ്ട്രീയപരവുമായ ദൗത്യമായി കാണുന്നു എന്നാണ് കുര്‍ത്തി പറഞ്ഞത്. തങ്ങള്‍ക്ക് പരിമിതമായ സൗകര്യങ്ങളാണ് ഉള്ളതെങ്കിലും, ബ്രിട്ടനെ സഹായിക്കാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനു പകരമായി കൊസോവോ ബ്രിട്ടനില്‍ നിന്നും പ്രതീക്ഷിക്കുന്നത് സുരക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്ത്രപരമായ കരാറുകളിലൂടെയോ, യുദ്ധോപകരണങ്ങള്‍ വഴിയോ അതല്ലെങ്കില്‍, മറ്റ് പദ്ധതികള്‍ വഴിയോ കൊസോവോയുടെ സുരക്ഷ ബ്രിട്ടന്‍ ഉറപ്പാക്കും എന്ന പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.