ജെറുസലേം: ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇസ്രയേലിന് ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റിനെ (Knesset) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സ്പീക്കര്‍ ഓഫ് ദി നെസറ്റ് മെഡല്‍ നല്‍കി മോദിയെ ആദരിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യ നേതാവാണ് മോദി.

2023 ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി, ഈ ദുഷ്‌കരമായ ഘട്ടത്തിലും അതിനുശേഷവും ഇന്ത്യ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. ഹമാസ് ആക്രമണത്തെ 26/11 മുംബൈ ഭീകരാക്രമണത്തോടാണ് അദ്ദേഹം ഉപമിച്ചത്.

ഭീകരതയ്ക്കെതിരെ ഇന്ത്യ

'ഒന്നിനും ഭീകരതയെ ന്യായീകരിക്കാനാവില്ല. സാധാരണക്കാരെ കൊലപ്പെടുത്തുന്നതിന് ഒരു കാരണവും മതിയാകില്ല. ഇന്ത്യയും ദീര്‍ഘകാലമായി ഭീകരതയുടെ ഇരയാണ്. മുംബൈ ആക്രമണത്തില്‍ ഇസ്രയേല്‍ പൗരന്മാരുള്‍പ്പെടെയുള്ള നിഷ്‌കളങ്കരുടെ ജീവന്‍ നഷ്ടപ്പെട്ടത് ഞങ്ങള്‍ ഓര്‍ക്കുന്നു. ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത 'സീറോ ടോളറന്‍സ്' നയമാണ് ഇന്ത്യയുടേത്.'

ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. 'നിങ്ങളുടെ വേദന ഞങ്ങള്‍ അനുഭവിക്കുന്നു, നിങ്ങളുടെ ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു. ഇന്ത്യ നിങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു,' അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് ഈ വാക്കുകളെ സ്വീകരിച്ചത്.

ഇന്ത്യന്‍ സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ച ചരിത്രം...

ഒന്നാം ലോകമഹായുദ്ധകാലത്ത് 4000-ലധികം ഇന്ത്യന്‍ സൈനികര്‍ ഈ മണ്ണില്‍ ജീവന്‍ ബലിയര്‍പ്പിച്ച കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 1918-ലെ ഹൈഫ പോരാട്ടം സൈനിക ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മോദി പറഞ്ഞു. ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണെന്നും ഇസ്രയേല്‍ നവീന സാങ്കേതികവിദ്യയുടെ കരുത്താണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഇരു ശക്തികളുടെയും സംഗമം: നെതന്യാഹു

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സഖ്യം ഇരുരാജ്യങ്ങളുടെയും കരുത്ത് വര്‍ദ്ധിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. സിന്ധുനദീതട സംസ്‌കാരവും ജോര്‍ദാന്‍ താഴ്വരയും തമ്മിലുള്ള പുരാതനമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

നെസറ്റിനെ അഭിസംബോധന ചെയ്യുന്ന ലോകനേതാക്കളുടെ പട്ടികയില്‍ ഡൊണാള്‍ഡ് ട്രംപ്, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ക്കൊപ്പം നരേന്ദ്ര മോദിയും ഇതോടെ ഇടംപിടിച്ചു. മോദിയെ 'സഹോദരന്‍' എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. നെസെറ്റില്‍ മോദിക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ശക്തമായ സഖ്യത്തെയും സൗഹൃദത്തെയും പ്രകീര്‍ത്തിച്ച നെതന്യാഹു, മോദിയുടെ ഈ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്ന് വ്യക്തമാക്കി.

മോദി തന്റെ 'സുഹൃത്ത് മാത്രമല്ല, സഹോദരനാണ്' എന്ന് നെതന്യാഹു പാര്‍ലമെന്റില്‍ പറഞ്ഞു. ലോകമെമ്പാടും പ്രശസ്തമായ 'മോദി ആലിംഗനം' തനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി ഇസ്രയേലിന്റെ വലിയൊരു സുഹൃത്തും ഇന്ത്യ-ഇസ്രയേല്‍ സഖ്യത്തിന്റെ ശക്തനായ പോരാളിയുമാണ്. 140 കോടി ജനങ്ങളുള്ള ഇന്ത്യ ഒരു വലിയ ശക്തിയാണെന്നും, ഇസ്രയേല്‍ വലുപ്പത്തില്‍ ചെറുതെങ്കിലും പ്രവൃത്തിയിലും വീര്യത്തിലും അത്രതന്നെ വലുതാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ഈ രണ്ട് ശക്തികളുടെയും സഖ്യം ഇരുരാജ്യങ്ങളുടെയും ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നേരത്തെ പ്രധാനമന്ത്രി മോദിയുമായി മെഡിറ്ററേനിയന്‍ തീരത്ത് ചെലവഴിച്ച സമയം അനുസ്മരിച്ച നെതന്യാഹു, അന്നുതൊട്ടിന്നുവരെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം ഇരട്ടിയായും സഹകരണം മൂന്നിരട്ടിയായും വര്‍ദ്ധിപ്പിച്ചുകൊണ്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി അവകാശപ്പെട്ടു. മോദി എന്നും സത്യത്തിനുവേണ്ടിയും ഇസ്രയേലിനൊപ്പവും നിലകൊണ്ടിട്ടുണ്ടെന്ന് നന്ദിപൂര്‍വ്വം സ്മരിച്ച അദ്ദേഹം, ലോകമെമ്പാടും യഹൂദ വിരുദ്ധത വര്‍ദ്ധിക്കുമ്പോഴും ജൂതസമൂഹം ഒരിക്കലും പീഡിപ്പിക്കപ്പെടാത്ത, അവരെ എപ്പോഴും സ്വാഗതം ചെയ്ത ഒരു നാഗരികതയാണ് ഇന്ത്യയെന്ന് എടുത്തുപറഞ്ഞു. ഇതിന് ഇന്ത്യയോട് നെതന്യാഹു നന്ദി അറിയിച്ചു. ഇന്ത്യയും ഇസ്രയേലും ഇപ്പോള്‍ തങ്ങളുടെ കരുത്തിന്റെ കൊടുമുടിയിലാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇസ്രയേല്‍ പാര്‍ലമെന്റില്‍ എത്തിയ പ്രധാനമന്ത്രി മോദിക്ക് അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിച്ചു. നെസെറ്റ് സ്പീക്കര്‍ അമീര്‍ ഓഹാന, മോദിയെ ഇസ്രയേലിന്റെ ഉറച്ച സഖ്യകക്ഷിയെന്നും ഇന്ത്യയെ മാറ്റിമറിച്ച നേതാവെന്നും പ്രശംസിച്ചു. നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ, സുപ്രീം കോടതി പ്രസിഡന്റിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ സഭ ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയോടുള്ള ബഹുമാനസൂചകമായി മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ അവര്‍ പിന്നീട് തിരിച്ചെത്തി. സ്പീക്കര്‍ ഓഫ് ദി നെസറ്റ് മെഡല്‍ നല്‍കി മോദിയെ ആദരിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യ വിദേശനേതാവാണ് മോദി.


ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി മോദി ഇസ്രയേലിലെത്തിയത്. ടെല്‍ അവീവിലെ ബെന്‍ ഗുറിയാന്‍ വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. ഈ സന്ദര്‍ശനം ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളില്‍ പുതിയ അധ്യായം രചിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.